Saturday, November 19, 2011
അറവുകാരന്
Saturday, October 8, 2011
Workstation
Friday, September 23, 2011
പേരും സ്ഥലവും കൃത്യമല്ല.
റം നിറച്ച ഗ്ലാസിനും ചുണ്ടിനുമിടയിലുള്ള ദൂരം.
ഓരോ സിഗരറ്റ് പുകയെടുപ്പിനും ഇടയിലുള്ള ദൈര്‍ഘ്യം.
ചായയില്‍ കുതിര്‍ന്നു വീഴുന്ന ബിസ്ക്കറ്റിന്റെ ആയുസ്സ് .
അടിവസ്ത്രത്തിന്റെ കളറുകളുടെ തിരഞ്ഞെടുപ്പ്.
പ്രണയങ്ങളുടെ പകിട കളി.
കനലാട്ടങ്ങള്‍ കാലിനെ പൊള്ളിക്കാതിരിക്കാന്‍
തക്കവണ്ണം വ്രതം എടുത്തിട്ടില്ലെങ്കിലും,
കെട്ടിയാടാന്‍ ഒരു കളിയാട്ടം
ആരോ ഏല്‍പ്പിച്ചിട്ടുണ്ട്.
പേരും സ്ഥലവും കൃത്യമല്ല.
അക്ഷാംശ രേഖക്കള്‍ക്കപ്പുറത്തു നിന്നും
തണുത്ത മരവിച്ച കൈകളുടെ
നനുത്ത സ്പര്‍ശം മാത്രം, ഓര്‍മയില്‍
തലയ്ക്കു മുകളില്‍ തൂങ്ങി നില്ക്കുന്നു.
Monday, September 12, 2011
മാനസാന്തരങ്ങള്‍
Tuesday, August 16, 2011
കുടജാദ്രി യാത്ര
കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് പോയ കുടജാദ്രി യാത്രയുടെ മധുര സ്മരണകളും, കാട്ടുപോത്ത് ഓടിപ്പിച്ചു വിട്ട ഭീതിയാര്‍ന്ന നിമിഷങ്ങളും മനസ്സിലെക്കോടിയെതിയപ്പോള്‍ ആണ് വീണ്ടും ഒരു കുടജാദ്രി യാത്രയെ പറ്റി ആലോചിക്കുന്നത്. കുടജാദ്രി യാത്രകള്‍ എപ്പോഴും പകര്‍ന്നു തന്നിട്ടുള്ളത് പുതുമയാര്‍ന്ന അനുഭവങ്ങളാണ്. മാത്രമല്ല, പ്രകൃതിയുടെ മനോഹാരിതക്കപ്പുറം ഇന്ദ്രിയാതീതമായ ഒരു എനര്‍ജി പലപ്പോഴും അങ്ങോട്ട് ആകര്‍ഷിക്കുന്നു. പൊതുവേ മഴകാലത്ത് കുടജാദ്രിയില്‍ ആളുകള്‍ കുറവായിരിക്കും. അത് കൊണ്ടും കൂടിയാണ് മഴക്കാലം തിരഞ്ഞെടുക്കുന്നത്.
ജൂണ്‍ 17 നു വെള്ളിയാഴ്ച, പോകാനുള്ള തീവണ്ടി, കനത്ത മഴ മൂലമുണ്ടായ, പാളത്തിലെ തടസ്സം കാരണം റൂട്ട് മാറ്റി വിട്ടു എന്ന് അറിഞ്ഞപ്പോഴും ഞങ്ങളുടെ തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല. അടുത്ത തീവണ്ടിക്ക് കാത്തു നിന്നു. ഒടുവില്‍ പാതിരാത്രി ഏറണാകുളത്ത് നിന്നും യാത്ര തിരിക്കുമ്പോള്‍ ഇരിക്കാന്‍ സീറ്റ് പോലും ഇല്ലായിരുന്നു. ലോക്കല്‍ ട്രെയിന്‍ യാത്രകള്‍ കുറച്ചു പ്രയാസം ആണെങ്കിലും നിരീക്ഷണ സ്വഭാവം എന്ന ശീലമുണ്ടെങ്കില്‍ അതൊരുപാട് ഉള്‍കാഴ്ച്ചകളും നേര്കാഴ്ച്ചകളും നമ്മള്‍ക്ക് നല്‍കും. സാധാരണക്കാരില്‍ സാധാരണക്കാരനായി ,ഔപചാരികതകളുടെ മാറാപ്പുകള്‍ ചുമക്കാതെ ഒരു സഞ്ചാരം.
കാലത്ത് മംഗലാപുരത്ത് എത്തി . അവിടെ നിന്നും ബസ്സില്‍ കൊല്ലൂരിലേക്ക് നാല് മണിക്കൂര്‍ യാത്ര. ഉച്ചയോടെ എത്തിയ ഞങ്ങള്‍ ആദ്യം ഭക്ഷണം കഴിച്ചു. കഴിഞ്ഞ വര്‍ഷം ചെയ്ത പോലെ മുഴുവന്‍ ദൂരവും നടക്കാന്‍ ഞങ്ങളുടെ സമയ പരിധി അനുവദിക്കുമായിരുന്നില്ല. അത് കൊണ്ട് ഞങ്ങള്‍ പെട്ടെന്ന് റൂം എടുത്തു, കുളിച്ചു, വസ്ത്രം മാറി കുടജാദ്രിയിലേക്ക് പോകുന്ന ജീപ്പില്‍ സ്ഥാനം പിടിച്ചു. അവിടുത്തെ നാട്ടുകാര്‍ ആയ ജീപ്പുകാര് കുടജാദ്രി എന്നല്ല പറയുക കൊടജാദ്രി എന്നാണു പറയുക. ആ ഉച്ചാരണം അന്വേഷിച്ചപ്പോള്‍ ആണ് കൊടജ എന്ന വാക്കും ആദ്രി എന്ന സംസ്കൃത വാക്കും കൂടിയാണ് ആണ് കൊടജാദ്രി ആയതെന്നു മനസിലായത്. സഹ്യപര്‍വത നിരകളിലെ പ്രകൃതി രമണീയമായ ഈ കൊടുമുടിയില്‍ ആണ് ശ്രീ ശങ്കരാചാര്യര്‍ തപസ്സു ചെയ്തത്.
കനത്ത മഴ മൂലം റോഡില്‍ മരങ്ങള്‍ വീണു കിടക്കുന്നത് കാണാമായിരുന്നു. കാട്ടില്‍ നിന്നും ഒലിച്ചു വരുന്ന വെള്ള ചാലുകള്‍ റോഡിലേക്ക് ഒഴുകുന്നതിന്റെ വളരെ നേര്‍ത്ത കള കളാരവം. ടാറിട്ട റോഡില്‍ നിന്നും ചെമ്മണ്ണിട്ട റോട്ടിലേക്ക് തിരിഞ്ഞപ്പോള്‍ റോഡിന്റെ അവസ്ഥ മഴ നനഞ്ഞു ചെളി ആയി ഒരു അവസ്ഥയിലായിരുന്നു. ഇത്തിരി സാഹസികമായ ഒരു ജീപ്പ് യാത്ര. നിത്യാഭ്യാസികള്‍ ആനയെ എടുക്കും എന്ന് പറഞ്ഞ പോലെ അവിടുത്തെ ജീപ്പ് ഡ്രൈവര്‍ മാര്‍ക്ക് ഈ ദുര്‍ഘട മാര്‍ഗങ്ങള്‍ ദിവസേന ഓടിച്ചു ശീലമായിരിക്കുന്നു. മല മുകളില്‍ ജീപ്പില്‍ നിന്നു ഇറങ്ങുമ്പോള്‍ ഡ്രൈവര്‍മാര്‍ സമയത്തെ കുറിച്ചോര്‍മിപ്പിച്ചു .
നാഗതീര്‍ഥത്തെ വണങ്ങി , മുകളിലേക്ക് കാലു വെയ്ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തിയത് കഴിഞ്ഞ വര്‍ഷം ഇവിടെ വെച്ചു മുടങ്ങിയ ഞങ്ങളുടെ യാത്രയെ കുറിച്ചാണ്. മനുഷ്യന് ഒഴികെ ഒരു മൃഗവും ഭക്ഷണത്തിന്നു വേണ്ടി / ജീവരക്ഷക്ക് അല്ലാതെ ആരെയും വെറുതെ ഉപദ്രവിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടായിരിക്കാം. അന്ന് ഒറ്റയാനായ ഒരു കാട്ടു പോത്ത് ഞങ്ങളെ ആ ഉദ്യമത്തില്‍ നിന്നും വിലക്കുകയായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അന്ന് നിര്‍ത്തിയിടത്തു നിന്നു തുടങ്ങുന്നു. കോടമഞ്ഞു നിറഞ്ഞ താഴ്വരകള്‍ കണ്ടാല്‍ ആകാശം ഭൂമിയിലേക്കിറങ്ങി വന്നപോലെ തോന്നും. എങ്ങും പുതുമയുടെ പച്ചപ്പ്. കോടമഞ്ഞു നിറയുമ്പോള്‍, മുന്നിലും പിന്നിലും നടക്കുന്ന ആളുകള്‍ കണ്ണില്‍ നിന്നും മറയുമ്പോള്‍ നാം നമ്മെ മാത്രം അറിയുന്നു. സ്നേഹിക്കുന്നവനും, സ്നേഹിക്കപെടുന്നവനും എല്ലാം ഒന്ന് മാത്രം ആണെന്ന് നമ്മള് അനുഭവിക്കുന്നു. ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിച്ചു കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. മനസ്സില്‍ ഒന്നുമില്ലാതെ, പ്രകൃതിയുമായി രമ്യതയിലെത്തുവാന്‍ കഴിയുന്ന ഏകാന്ത നിമിഷങ്ങള്‍ വാക്കുകളില്‍ ഒതുങ്ങുന്നതല്ല. അവിടുത്തെ ഓരോ പച്ചിലകളിലും , മഞ്ഞിലും , ചാറി വീഴുന്ന മഴതുള്ളികളിലും നമ്മിലും ഒരു ചൈതന്യം ആണ് നിറയുന്നത് എന്ന് നാം മനസിലാക്കുന്ന നിമിഷങ്ങള്‍ അത്രമേല്‍ ധ്യാനാത്മകങ്ങള്‍ ആണ്.
ഒടുവില്‍ സര്‍വജ്ഞപീഠം, അദ്വൈത ദര്‍ശനങ്ങള്‍ അരുളിയ മഹാനുഭാവന്റെ പാദസ്പര്‍ശമേറ്റ ഭൂമിയില്‍, എത്തി. ശ്രീ ശങ്കരാചാര്യര്‍ ഒരു വിസ്മയമാണ്. ഒപ്പം ഒരു മലയാളി എന്നതില്‍ അഭിമാനവും.ഈ കൊച്ചു കേരളത്തില്‍ നിന്നും പുറപ്പെട്ടു ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം സന്ദര്‍ശിച്ചു ചെയ്ത കാര്യങ്ങള്‍ അത്രയ്ക്കധികം ഉണ്ട്. കേരളീയര്‍ക്ക് വ്യക്തമായ ധാരണയില്ലെങ്കിലും ഒരു ഉത്തരെന്ത്യക്കാരന്നു അത് നിശ്ചയമായും അറിയാം. സമയം വൈകി തുടങ്ങിയിരുന്നു. ഇനി ചിത്രമൂല സന്ദര്‍ശിക്കാന്‍ സമയം ഇല്ല. അവിടെ പോയാല്‍ കുറച്ചു നേരമെങ്കിലും അവിടെ ചിലവഴിക്കണം. അല്ലാതെ ഓടി പോയി ആസ്വദിച്ചു വരുവാന്‍ പറ്റിയ സ്ഥലമല്ല. ചിത്രമൂല അടുത്ത പ്രാവശ്യം ആവട്ടെ എന്ന് മനസില്‍ കരുതി. ആ പ്രശാന്ത സുന്ദര സന്നിധിയില്‍ ഇരിക്കുമ്പോഴാണ് ഒരു നായ അവിടെ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. അവിടെ നിന്നിരുന്ന ഒരു സുഹൃത്ത് പറഞ്ഞു ഈ നായകള്‍ വഴികാട്ടികള്‍ ആണെന്ന്. അത് ഞങ്ങള്‍ക്ക് അനുഭവം ഉള്ളതാണ് എന്ന് ഞങ്ങള്‍ പറഞ്ഞു . ഞങ്ങളുടെ കഴിഞ്ഞ യാത്ര ആ സുഹൃത്തിനു വിവരിച്ചു. വഴിയറിയാത ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ കഴിഞ്ഞ മഴകാലത്ത് ബസ്സിറങ്ങുമ്പോള്‍ കിലോമീറ്റര്‍ എഴുതിയ മൈല്‍ കുറ്റി മാത്രമല്ല സ്വാഗതം ചെയ്തത് ഒപ്പം ഒരു നായയും ഉണ്ടായിരുന്നു. ആദ്യം പേടി തോന്നിയെങ്കിലും, വഴിയറിയാത്ത ആ കാട്ടില്‍ പരസ്പരം കാണാത്ത കോടമഞ്ഞില്‍ മുന്നില്‍ നിന്നു വഴി കാട്ടിയായി ആ നായ ഞങ്ങളെ നയിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവില്ല.
കാട്ടില്‍ അവിടെയവിടെ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ഹാന്‍സ് ന്റെയും, പാന്‍ മസാലകളുടെയും പാക്കറ്റുകളുടെ അവശിഷ്ടങ്ങള്‍, നഗരാസുരന്മാര്‍ പ്രകൃതിയിലേക്ക് നടത്തുന്ന അനാവശ്യവും, അപകടകരവുമായ കൈ കടത്തലുകള്‍ ഓര്‍മിപ്പിച്ചു. അതെന്നില്‍ ഉണര്‍ത്തിയത് ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ ആയിരുന്നു. ആഗോള താപനവും അന്തരീക്ഷ മലിനീകരണവും ഒക്കെ ഏറി വരുന്ന ഈ സാഹചര്യത്തില്‍ വനങ്ങളെ സംരക്ഷിക്കാനും, പ്ലാസ്ടിക് ഒഴിവാക്കാനും നമ്മള് കഴിവതും ശ്രമിക്കുക തന്നെ വേണം.ഭാവി തലമുറയോട് നമ്മള്‍ക്കുള്ള ഉത്തരവാദിത്വം കൂടിയാണത്.
സുഹൃത്തുക്കളോട് സംസാരിച്ചു കുറച്ചു സമയം കൂടെ ആ പരിസരത്ത് ചിലവഴിച്ചതിന്നു ശേഷം മെല്ലെ തിരിച്ചു നടന്നു. ഇരുളിന്റെ കനം കൂടി കൂടി വന്നു. കാടിന്റെ തനതു സംഗീതം അന്തരീക്ഷത്തില്‍ ലയിച്ചു. തിരിച്ചിറങ്ങുമ്പോള്‍ ഗണപതി ഗുഹ സന്ദര്‍ശിക്കുന്നതിനിടയില്‍ അവിടെ ഉള്ള ഒരു കച്ചവടക്കാരനോട് കന്നടയില്‍ കുശലം പറഞ്ഞു. ഇപ്പോള്‍ ഓഫ് സീസണ് ആണെന്നും ശനിയും ഞായറും മാത്രമേ ഇവിടെ വരികയുള്ളു എന്നും ബാക്കി എല്ലാ ദിവസവും "കണ്ടകൃഷി " (വയലില്‍ കൃഷി പണി) ആണെന്ന് ആ കച്ചവടക്കാരന് പറഞ്ഞു. അവിടെ നിന്നും ചൂടുള്ള ഒരു ചായയും കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ജീപ്പ് കിടക്കുന്ന സ്ഥലത്തേക്ക് നടന്നു. ജീപ്പില്‍ തിരികെ പോരുമ്പോഴും മനസ്സില്‍ ചിത്രമൂല ആയിരുന്നു . ഒരു പക്ഷെ ആ നഷ്ടം അടുത്ത വരവിനൊരു കാരണം മാത്രം ആവാം. ലക്ഷ്യം പൂര്‍ണതയില്‍ എത്തിയില്ലെങ്കിലും, വീണ്ടും വരണം എന്ന ഒരു ആഗ്രഹം മനസ്സില്‍ തളിര്‍ത്താല്‍ എല്ലാ യാത്രകളും സഫലമാണ് എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. സഞ്ചരിച്ചു കൊണ്ടിരിക്കുക എന്നത് തന്നെയാണ് ഓരോ യാത്രികന്റെയും ലക്ഷ്യവും സംതൃപ്തിയും. അതില്‍ വരുന്ന ആകസ്മികതകളും, അനിശ്ചിതത്വങ്ങളും നമ്മള്‍ക്ക് പ്രോത്സാഹനങ്ങളും ആവേശവും ആകുന്നു.
Note: നന്ദി , മുന്നും പിന്നും നോക്കാതെ നടത്തുന്ന യാത്രകളില്‍ ഒപ്പമുണ്ടായ പ്രവീണിനും സൂരജ് നും ...
Wednesday, July 27, 2011
ഞാനും നീയും നമ്മളും
അവിടെ നീ നീയുമല്ല
പക്ഷെ, ഒരുമിച്ചിരിക്കുമ്പോള്‍
ഞാനും നീയും നമ്മളുടെ
ആരായിരിക്കും?
കീഴ്ചുണ്ടുകള്, ചുണ്ടുകള്‍ കൊണ്ട് കീഴ്പ്പെടുത്തി ,
തലയിലെ മുടിയിഴകളിലൂടെ
വിരല്‍ കൊണ്ട് ,
ഇവിടെ നമ്മളില്ല എന്നെഴുതി,
പെരുമഴ പെയ്തു തീരും വരെ
നനഞ്ഞു നില്ക്കാം.
വാതിലില്‍ തട്ടാതെ അകത്തേക്ക് വരുന്നവരെ കാണാന്‍ കണ്ണുകള്‍ ഇല്ല.
കൊന്തയിലെ മണികള്‍, പാപം എന്ന് മന്ത്രിക്കുന്നത് കേള്‍ക്കാന്‍ ചെവികളില്ല.
അരുതെന്ന് പറയേണ്ട ചുണ്ടുകള്‍ ബന്ധിതമാണ്
അല്ലെങ്കില്‍ തന്നെ, ആരും ഇവിടെയില്ലല്ലോ.
ഇല്ലായിരുന്നല്ലോ.
Thursday, May 12, 2011
വെള്ളെഴുത്ത്
വ്യാഖ്യാനങ്ങളില്‍ മുഴുകിയ കണ്ണുകള്‍ക്ക്
വെള്ളെഴുത്ത് .
കാണാന്‍ ആഗ്രഹിച്ചതെല്ലാം
ഇരുട്ട് തിന്നുന്ന സ്ഥലങ്ങള്‍.
കളം മാറി ചവുട്ടിയ കാലത്തിന്റെ
കറുത്ത കണ്ണടയുള്ള നഗരത്തിന്റെ
ആവര്‍ത്തന വിരസത
നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഒരിക്കലും തോരാത്ത
പ്രണയത്തിന്റെ അമ്ലമഴകളില്‍
ചോര്‍ന്നൊലിക്കുന്ന ചെറിയ കൂരയില്‍
തന്നെയാണ് ഇപ്പോഴും തീനും കുടിയും.
Tuesday, May 3, 2011
ഒറ്റമുലച്ചി
കടം കൊണ്ട് പൊളിഞ്ഞ വീടിന്റെ തൂണിന്റെ മറവില്‍,
തെരുവിന്റെ, വിയര്‍പ്പിന്റെ മണമിട്ടു വാറ്റിയത്.
അകലെ മാഞ്ഞ പ്രണയസന്ധ്യയിലെ നിറങ്ങളില്‍.
അടിച്ചിറക്കിയ മാതൃത്വത്തിന്റെ കണ്ണ്നീരില്‍.
അകലുന്ന ചെറിയ തുടയിടുക്കുകളില്‍ -
കന്യാചര്‍മങ്ങള്‍ പൊട്ടിയിടത്താണ്
ഒറ്റമുലച്ചിയുടെ ജന്മങ്ങള്.
മാനത്ത് നിന്നും വീണ നക്ഷത്രങ്ങള്‍
ചളി വെള്ളത്തില്‍ നനഞ്ഞു കിടന്ന സമയത്ത്,
കരളില്‍ തിങ്ങുന്ന,
കരിമ്പുകയുടെ നിറമുള്ള ജീവിതം
വാക്കാകുന്ന കാന്‍സര്‍ കൊണ്ട് കാര്‍ന്നു തിന്നുന്ന ഒറ്റമുലച്ചി.
Tuesday, April 19, 2011
Review: Love experiences of @ scoundrel poet

ഇതൊരു നിരൂപണം അല്ല സ്വയംഭോഗം ആണ്. കവിതയെ കാമിച്ചു നടക്കുന്നവന്റെ സ്വയംഭോഗം. എത്രവര്‍ഷമായി അവളുടെ പിന്നാലെ നടക്കുന്നു. അവള് എപ്പോഴും ശൈലന്റെ കൂളിംഗ് ഗ്ലാസ്സിലും, കുഴൂരിന്റെ ഉരുട്ടലിലും, മേതിലിന്റെ മേത്തും ഒക്കെ ആയി പാറി കളിക്കുന്നതലാതെ കാര്യമായിട്ടൊന്നു നോക്കുന്ന പോലുമില്ല. വല്ലപ്പോഴും എകാന്തമായ് രാത്രികളില്‍ അടിവസ്ത്രം നനയ്ക്കുന്ന തുള്ളികള്‍ പോലെ രണ്ടു വരികള്‍. അതാരും കാണാതെ കഴുകി ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങും. അലങ്കാരത്തിന്റെ ലഘുവും ഗുരുവും അടുക്കി ധരിച്ചു, വൃത്തവും വരച്ചു നില്ക്കുന്ന നാടന്‍ മങ്കകളെ ആശാനും, ഉള്ളൂരും, പീയും, പോലുള്ള മഹാകവികള്‍ സ്വന്തമാക്കിയപ്പോഴും ആ സുന്ദരികളെ മോഹിക്കാന്‍ അര്‍ഹതയുണ്ടോ എന്ന സംശയം ആയിരുന്നു .ചെറിയ വസ്ത്രങ്ങളില്‍ വീര്‍പ്പു മുട്ടി നില്ക്കുന്ന അവളെയാണ്. അടുക്കും ചിട്ടയുമില്ലാതെ അവള്, ആധുനിക കവിത .ആവശ്യ ഭാഗങ്ങളില്‍ മുഴപ്പും പ്രദര്‍ശിപ്പിച്ചു നില്ക്കുമ്പോള് ആരാണ് അവളെ മോഹിക്കാത്തത്. അങ്ങനെയാണ് ശൈലന്റെ Love experiences of @ scoundrel poet കാണുന്നത്.
പുസ്തകം മറിച്ചാല്‍ കാണുന്നത് love ഇല് ഒളിഞ്ഞിരിക്കുന്ന fuck . അതെ, മാംസ നിബദ്ധം തന്നെയാണ് ചില രാഗങ്ങള്‍ എന്നുറക്കെ പറയാനുള്ള ചങ്കൂറ്റം. ആ പറഞ്ഞ ഒരു ഗുണം നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം ഈ പുസ്തകം വായിച്ചാല്‍ മതി. അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് നിങ്ങള്‍ക്കു ബാത്ത്റൂമില്‍ കയറുക വേണ്ടി വരും ശര്ദിക്കാന് ആണെന്ന് നിങ്ങള്‍ക്കു പറയാം. പക്ഷെ അത് ഞങ്ങള്‍ വിശ്വസിക്കണം എന്നില്ലല്ലോ.
സിതാരയുടെ ആമുഖം എന്ത് കൊണ്ടും യോജിക്കുന്നു എന്ന് പറയാതെ വയ്യ. കാരണം അവള് അവന് തന്നെ ആവുന്നു.. അവന് അവളും.. പണ്ടത്തെ സൂര്യന്മാരെ നാല്പതു എന്ന സൈസില്‍ ഒതുക്കുമ്പോഴും, രാവിലെ പുഴുങ്ങി വെച്ച നിലകടല അത്താഴം കഴിക്കുമ്പോഴും "കൊല്ലങ്ങള്‍ക്ക് ശേഷം "അവര്‍ പോയതെപ്പോഴായിരുന്നു" എന്ന് ആലോചിക്കുന്നു. പാറുവിനെ കുറിചോര്‍ക്കില്ല എന്ന് പറയുമ്പോഴും ഗൈനകോളജിസ്റ്റിനേയും നീതുവിനെയും ഓര്‍ത്തെടുക്കുന്ന മനസ്സില്‍ "വനപേച്ചി"യുടെ കളഞ്ഞു പോയ യോനി തുളച്ചു പറക്കുന്ന ശബ്ദം.
"ഭാഷകളില്ലാത്ത
ഒരു വന്‍കര
ലിപികളില്ലാത്ത
സാമ്രാജ്യം "
എങ്കിലും അവള് "രജസ്വല" ആയപ്പോള്‍
" ആര്‍ക്കാണറിയാത്തത്
അവള്‍ക്കു ചാവാനാവില്ലെന്നത്..."
"മാളവികേ...
മാളം വികസിച്ചവളെ" എന്ന് വായിച്ചപ്പോള്‍ പിന്നാലെ സ്വാഭാവികമായും ചിരിയോടെ വായിച്ചത്
ശൈലാ....
നാണം കേട്ടവനെ എന്നായിരുന്നു...
കറസ്പോണ്ടന്‍സ് ആയി നീ ശ്രീവിദ്യ 3 യേ സ്വയംഭോഗം പഠിപ്പിച്ചപ്പോള്‍ കേരളത്തില്‍ ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമ്പോള്‍ നിന്നെ അതിന്റെ തലവന്‍ ആക്കാന്‍ യോഗ്യത ഉണ്ടെന്നു തോന്നി. ഖജുരാഹോയിലെ ക്ഷേത്ര വിസ്മയങ്ങള്‍ പണിതത് എഴ് മണിക്കൂര്‍ കൊണ്ടാണെന്ന് കണ്ടു പിടിച്ചത് നീയായിരുന്നു. ശൈലാ നീ മാഷാണ് മാഷ്.. അദ്ധ്യാപകന്.
മരുഭൂമികള്‍ ചുട്ടു പഴുക്കുന്നതും, മദാലസയുടെ മസാല ദോശ നുകര്‍ന്നതും,കുട്ടികള്‍ക്ക് വേണ്ടത്ര മാത്രം കൊടുത്തും.. അങ്ങനെ അങ്ങനെ..
അമ്മ പോയപ്പോള്‍ മരിച്ചത് ശൈലന് തന്നെയാണ്, നേരില്‍ കണ്ടിട്ടില്ലാത്തവളെ സ്വപ്നത്തില്‍ കണ്ടപ്പോഴും, ഇതിനുള്ളിലെവിടെയോ പ്രണയം നിറഞ്ഞൊഴുകുന്ന നിസ്സഹായനായ ശൈലനെയും അടുത്തറിഞ്ഞു.
മുഖം നോക്കിയാല്‍ മാന്യതയുടെ മുഖം മൂടി ധരിച്ചു മൊഴിഞ്ഞു, അവള് തിരിഞ്ഞു നടക്കുമ്പോള്‍ അവളുടെ നിതംബത്തെ നോക്കി വെള്ളമിറക്കുകയും, സിനിമ തിയേറ്ററില്‍ അബദ്ധത്തില്‍ കാലൊന്നു മുട്ടിയാല്‍ കലിപ്പോടെ നോക്കി ദഹിപ്പിക്കുകയും രാത്രി പിന്‍വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യുന്ന മലയാളിയുടെ കപട സദാചാരത്തിന്റെ മുഖത്ത് നോക്കിയുള്ള ഒരു കാര്‍ക്കിച്ചു തുപ്പല് അഥവാ ആട്ട് തന്നെയാണീ പുസ്തകം. ഈ പുസ്തകത്തി ന്റെ പ്രസാധകന് പാപിറസ് ബുക്സിന്റെ ഹരിക്ക് ഒരു നന്ദി പറയാതെ പോകുന്നത് മോശമായിരിക്കും. നന്നായി ഹരി. ഈ ആശയവും, സാക്ഷാല്കാരവും മനോഹരമായി പൂര്‍ത്തിയാക്കിയ നിനക്ക് പ്രത്യേകം നന്ദി.
തുടക്കകാരന് ആയതു കൊണ്ടാവാം. "ഞാറ്റു വേല"യില്‍ നീ പറഞ്ഞ പോലെ, നിരൂപണ സ്വയം ഭോഗത്തിന്റെ ഈ ശീഘ്ര സ്ഖലനം ഒഴിവാക്കാവതല്ല .
"മാപ്പ്
പ്രതീക്ഷിക്കണ്ട , സോറി.
മാപ്പ്
പ്രതീക്ഷിക്കുന്നില്ല"
Sunday, March 20, 2011
അഗ്നിപര്‍വതം
ഇതൊരു പുഴയുടെ തനതല്ല.
പൊട്ടിത്തെറിക്കാന്‍ പാകമായ
അഗ്നിപര്‍വതത്തിന്റെ സംഗീതമാണ്.
പുക മറഞ്ഞു,
ആകാശത്തേക്ക് ലാവ പൊട്ടിയൊഴുകുമ്പോള്‍
താഴ്വാരത്തുള്ളവ അഭയാർഥിക്യാമ്പ് തേടി പോകും
സ്വര്‍ണ നിറമുള്ള തിളയ്ക്കുന്ന ദ്രാവകത്തിന്നു മുകളിലൂടെ,
പുറത്തു വരാന്‍ വെമ്പി നില്ക്കുന്ന-
ഉള്‍കാമ്പിന്‍ ഉള്‍തുടി അവയിലൂടെ പുറത്തു വന്നു-
ആളുകള്‍ ഒഴിഞ്ഞു പോയ
അടിവാരത്തിന്റെ അടിവയറില്‍
ചുംബിച്ചു അതോടലിഞ്ഞു ചേരും.
Wednesday, February 9, 2011
അടിയൊഴുക്കുകള്‍
മാളത്തില്‍ നിന്നും കഴുത്തു നീട്ടുന്ന നിസ്സഹായത.
പൂക്കളുമായ് പോകുന്നവളുടെ
ഉന്തി നില്ക്കുന്ന നിതംബം പോലെ പ്രതീക്ഷകളും.
അവളുടെ അരക്കെട്ടിന്റെ താളം സ്വപ്നങ്ങളും.
തിരിച്ചു വരാന്‍ കഴിയാത്ത വഴികളാണ് ഓരോ പാട്ടുകളും.
കാന്‍വാസില്‍ ഉണങ്ങി പോയ ചായചിത്രങ്ങള്‍
പറിച്ചെടുക്കുക രസമുള്ള പണിയാണെന്ന്
പഠിപ്പിച്ച മന്ത്രവാദിയെ കാണാന്‍
മൌനം കോര്‍ത്ത കൊന്തമാലയും ഏന്തി
ഏകാന്തതയുടെ ഭാണ്ഡവും പേറി മല കയറുന്ന
വിദൂഷകരുടെ നഗ്നതകള്‍ .
അവരുടെ ലിഗംത്തിന്റെ ജാതി നോക്കുന്ന വഴിപോക്കരും,
എന്റെ ചിന്തകള്‍ ചുമക്കാതെ, നോക്കു കൂലി ചോദിക്കുന്ന എന്റെ വിപ്ലവവും.
പിന്നിടുന്ന വഴിയരുകില്‍ പിച്ചിച്ചീന്തിയ ചില ജമന്തി പൂക്കളും.
Sunday, January 30, 2011
ഭൂതം
Monday, January 24, 2011
വാരാന്ത്യം
കാലത്ത് നേരത്തെ (പുലര്‍ച്ചെ ആറു മണിക്ക് ) എഴുന്നേറ്റു, എന്റെ ശകടത്തില്‍ നേരെ തൃശൂര്‍ ജില്ലയിലെ മാള എന്ന സ്ഥലത്തേക്ക് തിരിച്ചു. വലിയപറമ്പില്‍ എന്റെ കുറച്ചു സുഹൃത്തുക്കള്‍ ഉണ്ട്. ഇപ്പോഴും ഗ്രാമത്തിന്റെ തുടിപ്പുകള്‍ മിടിക്കുന്ന സ്ഥലം. എല്ലാരും കാലത്ത് തന്നെ ആസ്ഥാനത്ത് ഉണ്ടാവും. അവിടെ കുറച്ചു നേരം യോഗയും ചര്‍ച്ചകളും വാഗ്വാദങ്ങളും ഒക്കെ ആയി അവരോടു കൂടെ കൂടും. അപ്പൊ നിങ്ങള്‍ വിചാരിക്കും ഇവന് വയസ്സന്മാരുടെ കൂടെ ശ്വാസം നിയന്ത്രിക്കാന്‍ പഠിക്കാന്‍ പോകുന്നു എന്ന്. അല്ല അവിടെ വരുന്ന ഭൂരിഭാഗവും മുപ്പതിനു താഴെ വയസുള്ള ഗജ പോക്കിരികള്‍ ആണ് .അപ്പോഴാണ് സിനീഷേട്ടന്‍ പറഞ്ഞത് അവരെല്ലാം കൂടെ കുറച്ചു സ്ഥലം കൃഷി ചെയ്യാന്‍ എടുത്തുവെന്നു. എന്റമ്മോ. ഇക്കാലത്ത് വളരെ കുറച്ചു ചെറുപ്പക്കാര്‍ മാത്രം ചിന്തിക്കുന്ന വഴികള്‍. ആളുകള്‍ പ്രകൃതിയോടു ചേര്‍ന്നു വളരണം എന്നും, പ്രകൃതിയെ സ്നേഹിച്ചു അതിനോട് ചേര്‍ന്നു ജീവിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും, നമ്മള് പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം എന്നും , നമ്മള് യുവാക്കള്‍ അതിന്നു മുന്‍കയ്യെടുക്കണം എന്നും പറഞ്ഞു. പറയുക മാത്രമല്ല പണിയും തുടങ്ങി. എല്ലാരും ലേഖനങ്ങള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ വീരവാദം പറയുകയും എഴുതുകയും ചെയ്യുമ്പോള്‍ ചിലര്‍ മാത്രം അത് അനുഭവത്തില്‍ വരുത്തുന്നു. നേരെ അന്നമനട പുഴയിലേക്ക് . അവിടെ ഒരു പള്ളി നീരാട്ടു അഥവാ നീന്തി കുളി.
അതിലൂടെ നടന്നവര്‍ക്കറിയാം അതിന്റെ ഒരു തണുപ്പ്. ഭൂമിയുടെ തണുപ്പ്. ഭൂമിയുടെ മണം. പ്രകൃതിയുടെ മനസ്സ് . ഭൂമിയില്‍ നിന്നും മുകളിലേക്ക് വളരുന്ന കോണ്‍ക്രീറ്റ് വൃക്ഷങ്ങളിലെ നിലകളില്‍ താഴത്തുമല്ല മുകളിലുമല്ല എന്ന അവസ്ഥയി

സമയം അതിക്രമിക്കുന്നു. ഞാന്‍ ആ സുന്ദര നിമിഷങ്ങളോട് വിട പറയുന്നു. 11:30 യോടെ ശകടം നേരെ കൊച്ചി യിലേക്ക്.

ഗ്രാമത്തിന്റെ വിശുദ്ധിയില്‍ / ശാന്തതയില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്ക്. നഗരത്തിന്റെ ധാര്‍ഷ്ട്യത്തിലേക്ക്. ഇവിടെ നിയമം വേറെയാണ് . വേഗമുള്ളവര്‍, കൌശലക്കാര്‍ എന്നിവരാണ് വിജയികള്‍. അണിയുന്ന ആഭരണങ്ങളും വസ്ത്രങ്ങളും നോക്കി മനുഷ്യനെ വിലയിരുത്തുന്ന ലോകം. മറ്റുള്ളവരുടെ അസ്വസ്ഥതകള്‍ തന്റെ ജീവിതത്തെ തെല്ലും ബാധിക്കരുതെന്ന് വാശിയുള്ളവരുടെ ലോകം.നഗരത്തിന്റെ
മൂലയിലുള്ള തന്റെ വീട്ടിലെത്തിയപ്പോഴേക്കും സഹധര്‍മിണി ചോറും കറിയുമെല്ലാം വെച്ചു കാത്തിരിപ്പുണ്ട്. അങ്ങനെ ഉച്ചയൂണ് ഗംഭീരമായി കഴിച്ചു സ്വസ്ഥമായി ഇരിക്കുമ്പോള്‍ ആണ് സഹധര്‍മിണി വീണ്ടും ആ പേര് മൊഴിഞ്ഞത് . എന്താ? . 'ഗോള്‍ഡ് സൂക്ക്'
. അങ്ങനെ ഒരെണ്ണം വയറ്റില റോഡില്‍ തുറന്നിട്ടുണ്ട്. കുറെ ദിവസമായി പറയുന്നു . എന്നാല്‍ പിന്നെ അങ്ങോട്ട് പോകാം. ശകടം ഗോള്‍ഡ് സൂക്കിലോട്ടു . വണ്ടി പാര്‍ക്ക് ചെയ്തു ഗേറ്റ് കയറുമ്പോള്‍ അവള് കാണിച്ചു തന്ന അമ്മായി സോറി ആന്റിയുടെ കാലില്‍ കിടക്കുന്ന ചെരുപ്പിന്റെ ഹീല്‍, അതിന്റെ വലിപ്പം . എങ്ങനെ നടക്കുന്നു ആവൊ? ഗോള്‍ഡ് സൂക്കില്‍ കേറുമ്പോള്‍ തന്നെ കോഴി ആണ് സ്വാഗതം ചെയ്യുക. KFC . എല്ലാ കടകളും തുറന്നിട്ടില്ല. അടിയില്‍ ബിഗ് ബസാര്‍. അങ്ങനെ ഇത്യാദികള്‍. എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് അമീബ ഗെയിം സെന്റ്റിലെ ബൌളിംഗ് ആണ്. എസ്കലെടറില്‍ കേറാന്‍ ഭയമുള്ളവരെ കണ്ടു നില്‍ക്കാനും ഒരു രസം. കുറച്ചു നേരം അവിടെ ഇവിടെ നോക്കി തേരാ പാര നടന്നു ചെറിയ ഷോപ്പിംഗ്. അവിടെ നിന്നുമിറങ്ങി. പിന്നെ വണ്ടി നേരെ ലിറ്റില്‍ ഷേണായിസിലോട്ടു ധോബി ഘട്ട് കാണാന്‍ . അവിടെ ചെന്നപ്പോള്‍ മണി നാലര ആയതേ ഉള്ളു. അടുത്ത ജ്യൂസ് കടയില്‍ കയറി ദാഹം തീര്‍ക്കാനുള്ളതോക്കെ കഴിച്ചു. സമയം ഇനിയും ബാക്കി. എന്ത് ചെയ്യും. ദാ കാണുന്നു ബ്ലോസ്സം ബുക്സ്. കേട്ട പാതി കേള്‍ക്കാത്ത പാതി നമ്മുടെ പാതി അവിടെ കേറി ബുക്സ്ന്റെ ഇടയില്‍ അപ്രത്യക്ഷയായി. ഭാഗ്യം ഇന്ന് നികോലാ സ്പാര്‍ക്ക് , ജുമ്പ ലാഹിരി,നോറ റോബര്‍ട്ട്സ് , ഇത്യാദി ഇനങ്ങളെ അവള് കണ്ടില്ലെന്നു തോന്നണു. അല്ലെങ്കില്‍ വിളി വരേണ്ട സമയം ആയി. നമ്മള് ഇങ്ങനെ നോക്കി നടക്കുമ്പോഴാണ് , ഹിറ്റ്ലര്‍ തുറിച്ചു നോക്കുന്നത്
. ആളുടെ ആത്മകഥ വില്ക്കാന് വച്ചിരിക്കുകയാണ് . അപ്പുറത്തുള്ള ഗടിയാണെങ്കില്‍ നമ്മുടെ സ്വന്തം ഖലീല്‍ ജിബ്രാന്. നോക്കുമ്പോഴെന്താ ആളുടെ എല്ലാ ബുക്സ് ഉം കൂടെ ഒറ്റ ബുക്ക് ആക്കി Complete works of khalil Gibran ഇറക്കിയിരിക്കുകയാണ് . പുസ്തക പ്രലോഭനത്തിന്റെ ചതി കുഴിയില്‍ വീണുരുണ്ടു കളിക്കുന്ന ഈയുള്ളവന് അത് മേടിച്ചു . എല്ലാം കൂടെ ഒരു ബുക്ക് ആക്കി ഇറക്കിയാല്‍ ആരും വീണു പോകില്ലേ ? ഇല്ലേ ? ഇനി നേരെ തീയറ്ററിലേക്ക് . അവിടെ മൊത്തം ഹിന്ദി കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ആകെ ഹിന്ദിക്കാര്. അങ്ങനെ ഇടവേള യില്ലാത്ത ധോബി ഘട്ട് ഉം കണ്ടു നേരെ വീട്ടിലോട്ടു വെച്ചു പിടിച്ചു .ആ പടം എനിക്കിഷ്ടമായില്ല. ഒരു നാടകീയതയും ഇല്ല. മുംബൈ യുടെ നല്ല ദൃശ്യങ്ങള്‍ പിന്നെ നല്ല പാശ്ചാത്തല സംഗീതവും .അത്ര മാത്രമേ അതിന്റെ മേന്മ എന്ന് പറയാനുള്ളൂ. അങ്ങനെ മഹത്തായ ഒരു വാരാന്ത്യം കൂടെ കഴിഞ്ഞു.
കാലത്ത് ഗ്രാമവും വൈകീട്ട് നഗരവും പപ്പാതി വീതിച്ചെടുത്ത എന്റെ സമയത്തില്‍ ഏറ്റവും ഇഷ്ടപെട്ടത് ഏതാണെന്ന് പറയാതെ അറിയാമല്ലോ. :)
Wednesday, January 19, 2011
ചാവേര്‍
ഇത് നിങ്ങള്‍ വായിക്കരുത് പകരം ഇത് കാണുക. കാണാന്‍ പറ്റുമെങ്കില്‍ ...
കുറ്റം ചുമത്തി വാളോങ്ങി നില്ക്കുന്ന, സമയം തീരെ ഇല്ലാത്ത, കോപം മൂത്ത നിങ്ങള്‍ക്കെങ്ങിനെ കാണാനാണ് ?
മറ്റുള്ളവരുടെ ചിന്തകള്‍ പോലും കടന്നു കേറാന്‍ പറ്റാത്ത വിധം മതിലുകള്‍ സൃഷ്ടിച്ചു , ജനല്‍ വാതിലുകള്‍ അടച്ചു, സ്വന്തം മുഖം കണ്ണാടിയില്‍ മിനുക്കി നോക്കിയിരിക്കുന്ന നിങ്ങള്‍.
കയ്യില്‍ ഭൂപടം ഇല്ലാതെ കടല്‍ തീരത്ത് അനാഥരായ കിളികളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കാണാന്‍ മൌനത്തിന്നു മാത്രമേ കഴിയു.
കിണറ്റില്‍ കിടക്കുന്ന ചന്ദ്രനെ പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്‍ക്കു കഴിയില്ല .
നാണയം എണ്ണിയതിന്റെ തഴമ്പാണ് നിങ്ങളുടെ അളവുകോല്‍ . നെഞ്ചില്‍ നീറുന്ന ദാഹം നിറയുന്നവന്‍ ഞാനും.
ദൈവം ഇന്നലെ രാത്രി സ്വപ്നത്തില്‍ പ്രത്യക്ഷപെട്ടു, സുഖം വാഗ്ദാനം ചെയ്തപ്പോളും ഞാന്‍ ഈ കനല് എന്റെ നെഞ്ചത്ത് ചേര്‍ത്ത് വെക്കാന്‍ യാചിക്കുകയായിരുന്നു.
ആകാശത്തേക്ക് കയ്യുയര്‍ത്തി കണ്ണീരുമായി നില്ക്കാന് എന്നെ കിട്ടില്ല.
ആയിരം അമ്പുകള്‍ തറച്ചു കയറിയാലും കാതില്‍ നിന്നു ആ കിളികളുടെ കരച്ചില് മറയുന്നത് വരെ എനിക്കെങ്ങിനെ ഉറങ്ങാനാവും.
കനലെരിയുന്ന ചിന്തകളും, അടക്കമില്ലാത്ത വാക്കുകളും, ഒഴിഞ്ഞ മടിശീലയുമായി, കീറി പറിഞ്ഞ വേഷങ്ങളുമായി നില്‍ക്കുമ്പോഴും,
മുന്നിലെ വന്‍ പടയോട് വിളിച്ചു പറയട്ടെ ഞാന്‍,
എന്റെയെന്റെ എന്ന് എല്ലാ ദിനവും ജപിക്കുന്നവരുടെ ചുണ്ടുകള്‍ ഒരിക്കല്‍ മണ്ണായി തീരും. വെറും മണ്ണ് .
Tuesday, January 4, 2011
രാമക്കൽമേട്: പുതുവർഷപ്പുലരിയിലൊരു ബൈക്ക് യാത്ര
Destination | രാമക്കൽമേട് |
Starting Point | എറണാകുളം |
Distance from Ernakulum to Ramakkal medu | 170 കിലോമീറ്റർ |
Route | എറണാകുളം > മൂവാറ്റുപുഴ > തൊടുപുഴ > മൂലമറ്റം > കുളമാവ് > ഇടുക്കി പൈനാവ് > കട്ടപ്പന >പുളിയൻമല > തൂക്കുപാലം > രാമക്കൽമേട് |
Bike | ഹീറോ ഹോണ്ട പാഷൻ പ്രോ. |
Average Speed | 45 Km/Hr |
Total Distance Travelled | 355 കിലോമീറ്റർ |
Main places covered | Moolamattam, --- Waterfalls , Nadukani, Idukki Dam, Cheruthoni Dam , Kulamavu Dam, Ramakkal Medu |
Things which is easy to get | SBI ATM, Toddy, Kappa and Fish curry |
Things which is difficult to get | Mobile Range, Toilet |
മൊബൈലിൽ ‘പരമ്പരാഗത’ എസ്.എം.എസ് സന്ദേശങ്ങളയക്കാത്ത, പരസ്യവാചകങ്ങൾ നിറഞ്ഞദിവസത്തെക്കുറിച്ച് ഭയപ്പെടാത്ത, ഒരു ന്യൂയർ ദിവസം. അങ്ങനെയൊരു ചിന്ത മനസ്സിൽകയറിയതെപ്പോഴാണു എന്നറിയില്ല. അങ്ങനെ ഒരു ന്യൂയർ ഈവിൽ നെറ്റും നോക്കിയിരിക്കുമ്പോഴാണു ‘രാമക്കൽ മേടിനെക്കുറിച്ചുള്ള ‘ ഒരു ആർട്ടിക്കിൾ കണ്ടത്. വളരെയധികം തപ്പിയെങ്കിലും മതിയായ രീതിയിലുള്ള വിവരണങ്ങളെങ്ങ് നിന്നും ലഭിച്ചില്ല. പിന്നെ എല്ലാം വളരെപെട്ടെന്നായിരുന്നു. ന്യൂയർ (പിറ്റേ ദിവസം)ഇടുക്കിയുടെ വിരിമാറിലൂടെയൊരു ബൈക്ക് യാത്ര. ഒരു സുഹൃത്തുമായി അതിനെപറ്റി സംസാരിച്ച് തീരുമാനത്തിലെത്താൻ വേണ്ടി വന്നത് വെറും സെക്കന്റുകൾ മാത്രം.
അങ്ങനെ ഞാനും വീണയും (സഹധർമ്മിണി) കൂട്ടുകാരനുമടങ്ങുന്ന മൂവർ സംഘം 1-1-2011 പുലർച്ചെ അഞ്ച് മണിക്ക് ബൈക്ക് സ്റ്റാർട്ട് ചെയ്തു. കൂട്ടത്തിലെ ഏക പ്ലാനർ (പ്ലാന്റർ അല്ല) വീണയുടെ ബാഗിൽ അത്യാവശ്യം വേണ്ട മരുന്നുകൾ (സത്യത്തിലാ ബാഗിൽ ഓപ്പറേഷനു ആവശ്യമുള്ളതൊഴിച്ച്സകലമാനമരുന്നുകളും ഉണ്ടായിരുന്നു ), വെള്ളം, രാവിലെ കഴിക്കാനുള്ള ഭക്ഷണം ഇത്യാദി ഐറ്റംസ് കരുതിയിരുന്നു. അമ്പലമുകൾ വഴി പുത്തൻകുരിശിലേക്കുള്ള വഴിയിൽ തന്നെ കനത്ത മൂടൽ മഞ്ഞ്. ഒരൂഹം വച്ച് മുന്നോട്ട് പോകേണ്ട അവസ്ഥ. അവിടെ നിന്നും മൂവാറ്റുപുഴ വഴി തൊടുപുഴ എത്തുമ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു.

അധികം സമയം അവിടെ പാഴാക്കാതെ യാത്ര തുടർന്നു. മൂലമറ്റം ടൌണിൽ നിന്നു ഒരു മൂന്നു കിലോമീറ്റർവാഗമൺ റൂട്ടിൽ സഞ്ചരിച്ചാൽ ഒരു കുഞ്ഞൂ വെള്ളച്ചാട്ടമുണ്ട് എന്നറിവുള്ളതുകൊണ്ട് ഇടുക്കിയിലേക്ക് തിരിയാതെ ഞങ്ങൾ നേരെ യാത്രതുടർന്നു. തേക്കിൻ തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു കുഞ്ഞു റോഡ്. ഒരു ചെറിയ വെള്ളച്ചാട്ടം, ഇലപ്പിള്ളി വെള്ളച്ചാട്ടം. അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടിട്ടുള്ളവർക്ക് കണ്ണിൽപിടിക്കാൻ സാധ്യതയില്ല. വനാന്തർഭാഗത്തിൽ നിന്നു പാറകളിലൂടെ തന്നന്നം പാടി ഒരു കുഞ്ഞരുവി.. കുറച്ച് സമയം ആ പാറയുടെ മുകളിൽ കയറിയും അരുവിയിലിറങ്ങിയും സമയം ചിലവഴിച്ചു.. നേരെ തിരിച്ച് ഇടുക്കി റൂട്ടിലേക്ക് യാത്ര തുടർന്നു



ചെറുതോണി ഡാമിൽ കയറിയില്ല. അവിടെതന്നെയുള്ള മറ്റൊരു പ്രധാന സ്ഥലം ഇടുക്കി ഡാമിന്റെ സ്ഥലനിർണ്ണയം നടത്തിയ ആദിവാസിയായ കൊലുമ്പന്റെ സമാധിസ്ഥലമാണ്. പിന്നെയുള്ള യാത്ര നിർത്തിയത് ഇടുക്കി ഡാമിൽ വച്ചാണൂ. താഴെ നിന്നും വിശാലമായ ആർക്ക് ഡാമിന്റെ ദൃശ്യം കുറെ പകർത്തി. ഡാമിന്റെ ഉള്ളിലേക്ക് കയറാൻ ഞങ്ങൾക്ക് പ്ലാനില്ലാത്തതുകൊണ്ടും സമയം അനുവദിക്കാത്തതുകൊണ്ടും വീണ്ടും യാത്രതുടർന്നു. കട്ടപ്പന
പുളിയൻമലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും വലത്തോട്ട് താഴേക്ക് പോകുന്ന റോഡിലേക്ക് കയറിയപ്പോഴേക്കും രാമക്കൽമേട് 16 കിലോമീറ്റർ എന്ന ബോർഡ് കണ്ടു. വഴിയരികിൽ കുറെ ഏലത്തോട്ടങ്ങൾ കണ്ടു. ചെറിയ റോഡാണു, മാത്രമല്ല കുറെ അപകടം പിടിച്ച, അശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട ഹെയർപിൻ ഇറക്കങ്ങൾ..വളവുകൾ..അങ്ങനെ 14 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും അകലെ തലയുയർത്തിനിൽക്കുന്ന കാറ്റാടികൾ (കേരള സർക്കാരിന്റെ വിൻഡ്മിൽ പ്രൊജക്റ്റ്)കണ്ടു.



ഇരുട്ടും കോടയും നിറയും മുന്നെ വനാന്തർഭാഗത്തുകൂടെയുള്ള യാത്ര പിന്നിടേണ്ടതുണ്ട്.

ഓഫ് ദ ടോപിക്ക് : തിരിച്ചു വരുമ്പോൾ കട്ടപ്പന ടൌണിൽ വച്ച് വഴിതെറ്റി വൺവേ തെറ്റിച്ച് കയറി വന്ന ഞങ്ങൾക്ക് നേരെ ഒരു പോലീസുകാരൻ ഓടിയടുത്തു. അപ്പോഴാണു വൺവേ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. കേരളപോലീസിന്റെ “മധുരമൊഴികൾ“ കേട്ട് നല്ല പരിചയമുള്ളതു കൊണ്ട്, ഞങ്ങൾ മാനസികമായും സാമ്പത്തികമായും തയ്യാറെടെത്തു അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഞെട്ടി!! അക്ഷരാർത്ഥത്തിൽ ഞെട്ടി!! ചിരിക്കുന്ന മുഖത്തോടെ, വളരെ ശാന്തതയോടെ ഞങ്ങളോട് ഇതു വൺവേയാണെന്ന് പറയുകയും, പോകേണ്ട വഴി പറഞ്ഞു തരികയും ചെയ്തു.