Wednesday, January 19, 2011

ചാവേര്‍

കവിതയുമല്ല,ഒന്നുമല്ല... എന്റെ ജല്പനങ്ങള്‍. കാല്‍ കാശിനു കൊള്ളാത്ത ജല്പനങ്ങള്‍. വേദന കൊണ്ട് നീറുമ്പോഴും ഒന്നും ചെയ്യാന്‍പറ്റാത്തതിന്റെ പകപോക്കല്‍ . സ്വയം കുത്തി നോവിക്കല്‍.
ഇത് നിങ്ങള്‍ വായിക്കരുത് പകരം ഇത് കാണുക. കാണാന്‍ പറ്റുമെങ്കില്‍ ...

കുറ്റം ചുമത്തി വാളോങ്ങി നില്‍ക്കുന്ന, സമയം തീരെ ഇല്ലാത്ത, കോപം മൂത്ത നിങ്ങള്‍ക്കെങ്ങിനെ കാണാനാണ് ?
മറ്റുള്ളവരുടെ ചിന്തകള്‍ പോലും കടന്നു കേറാന്‍ പറ്റാത്ത വിധം മതിലുകള്‍ സൃഷ്ടിച്ചു , ജനല്‍ വാതിലുകള്‍ അടച്ചു, സ്വന്തം മുഖം കണ്ണാടിയില്‍ മിനുക്കി നോക്കിയിരിക്കുന്ന നിങ്ങള്‍.
കയ്യില്‍ ഭൂപടം ഇല്ലാതെ കടല്‍ തീരത്ത് അനാഥരായ കിളികളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കാണാന്‍ മൌനത്തിന്നു മാത്രമേ കഴിയു.
കിണറ്റില്‍ കിടക്കുന്ന ചന്ദ്രനെ പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്‍ക്കു കഴിയില്ല .
നാണയം എണ്ണിയതിന്റെ തഴമ്പാണ് നിങ്ങളുടെ അളവുകോല്‍ . നെഞ്ചില്‍ നീറുന്ന ദാഹം നിറയുന്നവന്‍ ഞാനും.
ദൈവം ഇന്നലെ രാത്രി സ്വപ്നത്തില്‍ പ്രത്യക്ഷപെട്ടു, സുഖം വാഗ്ദാനം ചെയ്തപ്പോളും ഞാന്‍ ഈ കനല്‍ എന്റെ നെഞ്ചത്ത് ചേര്‍ത്ത് വെക്കാന്‍ യാചിക്കുകയായിരുന്നു.
ആകാശത്തേക്ക് കയ്യുയര്‍ത്തി കണ്ണീരുമായി നില്‍ക്കാന്‍ എന്നെ കിട്ടില്ല.
ആയിരം അമ്പുകള്‍ തറച്ചു കയറിയാലും കാതില്‍ നിന്നു ആ കിളികളുടെ കരച്ചില്‍ മറയുന്നത് വരെ എനിക്കെങ്ങിനെ ഉറങ്ങാനാവും.
കനലെരിയുന്ന ചിന്തകളും, അടക്കമില്ലാത്ത വാക്കുകളും, ഒഴിഞ്ഞ മടിശീലയുമായി, കീറി പറിഞ്ഞ വേഷങ്ങളുമായി നില്‍ക്കുമ്പോഴും,
മുന്നിലെ വന്‍ പടയോട് വിളിച്ചു പറയട്ടെ ഞാന്‍,
എന്റെയെന്റെ എന്ന് എല്ലാ ദിനവും ജപിക്കുന്നവരുടെ ചുണ്ടുകള്‍ ഒരിക്കല്‍ മണ്ണായി തീരും. വെറും മണ്ണ് .

7 comments:

നീലാംബരി said...

കൂരമ്പ്‌ കൊണ്ട് കീറിയ ഹൃദയം കുറിച്ചവയിലെല്ലാം ഗദ്ഗദത്തിന്റെ ചുവ പറ്റി പിടിച്ചിരുന്നു,ആശംസകള്‍ ..

Jayanth.S said...

നാണയം എണ്ണിയതിന്റെ തഴമ്പാണ് നിങ്ങളുടെ അളവുകോല്‍ . നെഞ്ചില്‍ നീറുന്ന ദാഹം നിറയുന്നവന്‍ ഞാനും...

super...

Manoraj said...

ഇതെന്താ പിലോപ്പസിയാ:) പാവം സഹ ബ്ലോഗര്‍:)

Jithu said...

എന്റെയെന്റെ എന്ന് എല്ലാ ദിനവും ജപിക്കുന്നവരുടെ ചുണ്ടുകള്‍ ഒരിക്കല്‍ മണ്ണായി തീരും. വെറും മണ്ണ്
നന്നായിരിക്കുന്നു സിജീഷ്.......

sali said...

nannayittund ...........

Echmukutty said...

അതെ, എന്റെ എന്റെ ഞാൻ ഞാൻ എന്നഹങ്കരിച്ചവെരെല്ലാം ഇന്നെവിടെ......

Anonymous said...

നന്നായിരിക്കുന്നു സിജീഷ്, ഇതോ വെറും ഭ്രാന്തുകള്‍ എന്ന് പറഞ്ഞത്?