Tuesday, January 4, 2011

രാമക്കൽ‌മേട്: പുതുവർഷപ്പുലരിയിലൊരു ബൈക്ക് യാത്ര

Destination

രാമക്കൽമേട്

Starting Point

എറണാകുളം

Distance from Ernakulum to Ramakkal medu

170 കിലോമീറ്റർ

Route

എറണാകുളം> മൂവാറ്റുപുഴ > തൊടുപുഴ > മൂലമറ്റം> കുളമാവ് > ഇടുക്കി പൈനാവ് > കട്ടപ്പന >പുളിയൻമല > തൂക്കുപാലം‌ > രാമക്കൽമേട്

Bike

ഹീറോ ഹോണ്ട പാഷൻപ്രോ.

Average Speed

45 Km/Hr

Total Distance Travelled

355 കിലോമീറ്റർ

Main places covered

Moolamattam, --- Waterfalls , Nadukani, Idukki Dam, Cheruthoni Dam , Kulamavu Dam, Ramakkal Medu

Things which is easy to get

SBI ATM, Toddy, Kappa and Fish curry

Things which is difficult to get

Mobile Range, Toilet


മൊബൈലിൽ‌ ‘പരമ്പരാഗത’ എസ്.എം.എസ് സന്ദേശങ്ങളയക്കാത്ത, പരസ്യവാചകങ്ങൾ‌ നിറഞ്ഞദിവസത്തെക്കുറിച്ച് ഭയപ്പെടാത്ത, ഒരു ന്യൂയർ‌ ദിവസം‌. അങ്ങനെയൊരു ചിന്ത മനസ്സിൽ‌കയറിയതെപ്പോഴാണു എന്നറിയില്ല. അങ്ങനെ ഒരു ന്യൂയർ‌ ഈവിൽ‌ നെറ്റും‌ നോക്കിയിരിക്കുമ്പോഴാണു ‘രാമക്കൽ‌ മേടിനെക്കുറിച്ചുള്ള ‘ ഒരു ആർട്ടിക്കിൾ കണ്ടത്. വളരെയധികം‌ തപ്പിയെങ്കിലും മതിയായ രീതിയിലുള്ള വിവരണങ്ങളെങ്ങ് നിന്നും‌ ലഭിച്ചില്ല. പിന്നെ എല്ലാം‌ വളരെപെട്ടെന്നായിരുന്നു. ന്യൂയർ‌ (പിറ്റേ ദിവസം‌)ഇടുക്കിയുടെ വിരിമാറിലൂടെയൊരു ബൈക്ക് യാത്ര. ഒരു സുഹൃത്തുമായി അതിനെപറ്റി സംസാരിച്ച് തീരുമാനത്തിലെത്താൻ‌ വേണ്ടി വന്നത് വെറും സെക്കന്റുകൾ‌ മാത്രം.

അങ്ങനെ ഞാനും വീണയും (സഹധർമ്മിണി) കൂട്ടുകാരനുമടങ്ങുന്ന മൂവർ‌ സംഘം‌ 1-1-2011 പുലർ‌ച്ചെ അഞ്ച് മണിക്ക് ബൈക്ക് സ്റ്റാർ‌ട്ട് ചെയ്തു. കൂട്ടത്തിലെ ഏക പ്ലാനർ‌ (പ്ലാ‍ന്റർ‌ അല്ല) വീണയുടെ ബാഗിൽ അത്യാവശ്യം വേണ്ട മരുന്നുകൾ‌ (സത്യത്തിലാ ബാഗിൽ ഓപ്പറേഷനു ആവശ്യമുള്ളതൊഴിച്ച്സകലമാനമരുന്നുകളും ഉണ്ടായിരുന്നു ), വെള്ളം‌, രാവിലെ കഴിക്കാനുള്ള ഭക്ഷണം‌ ഇത്യാദി ഐറ്റംസ്‌ കരുതിയിരുന്നു. അമ്പലമുകൾ‌ വഴി പുത്തൻ‌കുരിശിലേക്കുള്ള വഴിയിൽ തന്നെ കനത്ത മൂടൽ മഞ്ഞ്. ഒരൂഹം വച്ച് മുന്നോട്ട് പോകേണ്ട അവസ്ഥ. അവിടെ നിന്നും മൂവാറ്റുപുഴ വഴി തൊടുപുഴ എത്തുമ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു.

തൊടുപുഴയിൽ നിന്നും മൂലമറ്റം റൂട്ടിൽ ഏതാനും‌ കിലോമീറ്റർ‌ മുന്നോട്ട് വന്നപ്പോൾ ഇടതു വശത്തേക്ക് അരകിലോമീറ്റർ‌ മാറി ഒരു കുഞ്ഞു ഡാം‌ ഉണ്ട്. അവിടെ അൽ‌പ്പസമയം‌ വിശ്രമം. ഞങ്ങൾ‌ അവിടെ വിശ്രമിക്കുമ്പോൾ അതു വഴി വന്ന ഒരു വിനോദയാത്രാസംഘം‌ ഡാമിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ‌ ശ്രമിച്ചു. പക്ഷെ അടച്ചിട്ട ഗെയ്റ്റിനുമുന്നിൽ കുറെ ബഹളം വച്ചതല്ലാതെ യാതൊരു പ്രയോജനവുമുണ്ടായില്ല. ഗേറ്റ് തുറന്ന് തരാൻ‌ സെക്യൂരിറ്റി ജീവനക്കാരൻ‌ എത്തിയില്ല.

അധികം‌ സമയം‌ അവിടെ പാഴാക്കാതെ യാത്ര തുടർ‌ന്നു. മൂലമറ്റം ടൌണിൽ നിന്നു ഒരു മൂന്നു കിലോമീറ്റർ‌വാഗമൺ‌ റൂട്ടിൽ സഞ്ചരിച്ചാൽ‌ ഒരു കുഞ്ഞൂ വെള്ളച്ചാട്ടമുണ്ട് എന്നറിവുള്ളതുകൊണ്ട് ഇടുക്കിയിലേക്ക് തിരിയാതെ ഞങ്ങൾ നേരെ യാത്രതുടർന്നു. തേക്കിൻ‌ തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു കുഞ്ഞു റോഡ്. ഒരു ചെറിയ വെള്ളച്ചാട്ടം, ഇലപ്പിള്ളി വെള്ളച്ചാട്ടം. അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടിട്ടുള്ളവർക്ക് കണ്ണിൽ‌പിടിക്കാൻ സാധ്യതയില്ല. വനാന്തർ‌ഭാഗത്തിൽ നിന്നു പാറകളിലൂടെ തന്നന്നം‌ പാടി ഒരു കുഞ്ഞരുവി.. കുറച്ച് സമയം‌ ആ പാറയുടെ മുകളിൽ കയറിയും അരുവിയിലിറങ്ങിയും‌ സമയം‌ ചിലവഴിച്ചു.. നേരെ തിരിച്ച് ഇടുക്കി റൂട്ടിലേക്ക് യാത്ര തുടർ‌ന്നു.

ഇതുവരെ യാത്ര‌ ചെയ്തതിൽ നിന്നും‌ പൂർണ്ണമായും‌ വ്യത്യസ്ഥമായ ഒരു വഴിയാണു ഞങ്ങളെ കാത്തിരുന്നത്. 1/12 എന്ന ഒരു ബോർഡാണു ആദ്യമായി കണ്ടത്. ആ ബോർ‌ഡ് വായിച്ച്‌ നേരെ നോക്കിയതും മുന്നിലൊരു ഹെയർപിൻ‌ കയറ്റം‌. പെട്ടെന്ന് ഗിയറൊക്കെ ഡൌൺ ചെയ്ത് കയറ്റി. പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഹെയർ‌പിൻ ആയതുകൊണ്ട് ഒന്നു പകച്ചു എന്നതാണു സത്യം‌. പിന്നെ ഞങ്ങളെ കാത്തിരുന്നത് തുടരെത്തുടരെ 11 ഹെയർപിൻ കയറ്റങ്ങൾ. ഓ‌രോ ഹെയർ‌പിൻ കയറുമ്പോഴും ‌ കാലാവസ്ഥയിൽ വരുന്ന മാറ്റം‌ ഞങ്ങൾക്ക് അനുഭവിച്ചറിയാമാ‍യിരുന്നു.വളരെ ശ്രദ്ധയോടെയുള്ള യാത്രയുടെ ആരംഭമായിരുന്നു അത്. ഗട്ടറുകൾ‌ തീരെയില്ലാത്ത‌ വളവും കയറ്റങ്ങളും നിറഞ്ഞ റോഡിൽ ഏറ്റവും അപകടം പിടിച്ചതായി തോന്നിയത് മണ്ണിടിച്ചിലും‌ ഉരുൾപൊട്ടലുമായിരുന്നു. റോഡിന്റെ പകുതിയോളം കൊക്കയിലേക്ക് ഇടിഞ്ഞ് പോയിട്ടുള്ള അഞ്ചോളം സ്ഥലങ്ങൾ
ഞങ്ങൾ ശ്രദ്ധിച്ചു.
മഞ്ഞ നിറത്തിലുള്ള പൂക്കളുള്ള (കോളാമ്പി പൂവ് മാത്രമേ എനിക്ക് അറിയുന്നതുള്ളൂ) മരങ്ങൾ‌ റോഡിനു ചുറ്റും‌ പൂക്കൾപൊഴിച്ചുകൊണ്ട് ധാരാളമായി ഉണ്ട്. ഈ പൂക്കൾ‌ ചില സ്ഥലങ്ങളിൽ റോഡിനെ പീതവർണ്ണത്തിലാക്കി.‌പതുക്കെ പതുക്കെ തണുപ്പ് ധരിച്ചിരുന്ന ജാക്കറ്റിനേയും തുളച്ചുകൊണ്ട് ശരീരത്തിലേക്കെത്തി. കോടമഞ്ഞും ചെറിയ കാറ്റും‌ കൂടിയായപ്പോൾ ഉറക്കച്ചടവ് പൂർ‌ണ്ണമായും‌ മാറി. അങ്ങനെ 12 –മത്തെ ഹെയർപിന്നും കയറി ഞങ്ങൾ‌ നാടുകാണിയിലെത്തി. റോഡിൽ നിന്നും 200 മീറ്റർ വലത്തേക്ക് കയറി ഒരു ‘പവലിയൻ’ കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടുണ്ട്. 5 രൂപ കൊടുത്ത് ഒരു ടിക്കറ്റ് എടുത്ത് നമുക്കവിടെ കയറി കാഴ്ചകൾ‌ കാണാം‌. അതിമനോഹരമായ ഒരു ദൃശ്യമാണു അവിടെ നിന്നാൽ കാണാൻ ‌സാധിക്കുക. മഞ്ഞിൽ കുളിച്ച് നിൽ‌ക്കുന്ന ഇടുക്കി മലയോരഗ്രാമങ്ങളുടെ ഒരു വിഗഹവീക്ഷണം‌. താഴെ പവർ‌ഹൌസിന്റേയും ഗ്രാമങ്ങളുടേയും പിന്നെയൊരു പേരറിയാത്ത പള്ളിയുടേയുമൊക്കെ വിദൂരദൃശ്യം‌ ആരെയും‌ അവിടെ കുറേ നേരം പിടിച്ചിരുത്തും‌. യാത്രികർ‌ക്ക് ശുദ്ധമായ വെള്ളം, ടോയ്ലറ്റ് സൌകര്യങ്ങൾ‌ അവിടെയുണ്ട്. അവിടെ നിയുക്തനായിരുന്ന ജീവനക്കാരനോട് നന്ദി പറഞ്ഞു വീണ്ടും‌ ബൈക്ക് സ്റ്റാർട്ടാക്കി.

അവിടെ നിന്നും‌ കുറെ സഞ്ചരിച്ചപ്പോൾ‌ ചെറുതും അതിമനോഹരവുമായ‌ ഒരു ഡാം‌ കണ്ടു. കുളമാവ് ഡാം‌. അതിനു മുകളിൽക്കൂടി വേണം നമുക്ക് വാഹനം കൊണ്ട് പോകുവാൻ‌. നല്ല രീതിയിലുള്ള സുരക്ഷാസംവിധാനങ്ങൾ‌ ഏർപ്പെടുത്തിയിട്ടുണ്ട് അവിടെ. ഫോട്ടോ എടുക്കുവാൻ‌ അധികൃതർ‌ സമ്മതിച്ചില്ല. പിന്നീടങ്ങോട്ട് നിബിഢമായ വനത്തിലൂടെയായിരുന്നു യാത്ര.‌ വന്യമൃഗങ്ങൾ‌ റോഡിലിറങ്ങാൻ‌ സാധ്യതയുണ്ട് എന്ന് കാണിക്കുന്ന വനംവകുപ്പിന്റെ മുന്നറിയിപ്പ് പലയിടത്തും കണ്ടു. പേരറിയാത്ത പക്ഷികളുടേയും (കാക്ക, മൈന, കുയിൽ, മയിൽ ഇവയൊഴിച്ച് ബാക്കി എല്ലാം എനിക്ക് പേരറിയാപക്ഷികളാണു) ചെറുജീവികളുടേയും ശബ്ദങ്ങളുടെ കൂടെ ഞങ്ങളുടെ ബൈക്കിന്റെ ഹോണടിയും പ്രകൃതിയിൽ‌ അലിഞ്ഞ് ചേർന്നു.വളവും തിരിവും ഉണ്ടെങ്കിലും‌ ഏറെക്കുറെ അപകടരഹിതമെന്നു തോന്നിക്കുന്ന റോഡ്. ശരിക്കും വന്യഭംഗി ആസ്വദിച്ച് പതുക്കെയുള്ള ആ യാത്ര വിവരിക്കുവാനറിയില്ല. അങ്ങനെ വനമധ്യത്തിൽ‌ ഞങ്ങൾ‌ വണ്ടി നിർത്തി കയ്യിൽ കരുതിയ ഭക്ഷണം‌ കഴിച്ചു. വീണ്ടും ഡ്‌ർ ഡ്‌ർ…പി പീ…

ചെറുതോണി ഡാമിൽ കയറിയില്ല. അവിടെതന്നെയുള്ള മറ്റൊരു പ്രധാന സ്ഥലം‌ ഇടുക്കി ഡാമിന്റെ സ്ഥലനിർണ്ണയം നടത്തിയ ആദിവാസിയായ കൊലുമ്പന്റെ സമാധിസ്ഥലമാണ്. പിന്നെയുള്ള യാത്ര നിർത്തിയത് ഇടുക്കി ഡാമിൽ വച്ചാണൂ. താഴെ നിന്നും വിശാലമായ ആർക്ക് ഡാമിന്റെ ദൃശ്യം കുറെ പകർത്തി. ഡാമിന്റെ ഉള്ളിലേക്ക് കയറാൻ‌ ഞങ്ങൾക്ക് പ്ലാനില്ലാത്തതുകൊണ്ടും‌ സമയം‌ അനുവദിക്കാത്തതുകൊണ്ടും വീണ്ടും യാത്രതുടർന്നു. കട്ടപ്പന
യിൽ‌ നിന്ന് 23 കിലോമീറ്റർ‌ ഉണ്ട് രാമക്കൽ‌മേട്ടിലേക്ക് എന്ന് അന്വേഷിച്ചപ്പോൾ‌ അറിയാൻ‌ കഴിഞ്ഞു.വീണ്ടും കാരവാൻ മുന്നോട്ട്…

പുളിയൻ‌മലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും വലത്തോട്ട് താഴേക്ക് പോകുന്ന റോഡിലേക്ക് കയറിയപ്പോഴേക്കും രാമക്കൽമേട് 16 കിലോമീറ്റർ‌ എന്ന ബോർഡ് കണ്ടു. വഴിയരികിൽ കുറെ ഏലത്തോട്ടങ്ങൾ‌ കണ്ടു. ചെറിയ റോഡാണു, മാത്രമല്ല കുറെ അപകടം‌ പിടിച്ച‌, അശാസ്ത്രീയമായി നി‌ർമ്മിക്കപ്പെട്ട ഹെയർപിൻ‌ ഇറക്കങ്ങൾ‌..വളവുകൾ‌..അങ്ങനെ 14 കിലോമീറ്റർ‌ പിന്നിട്ടപ്പോഴേക്കും അകലെ തലയുയർത്തിനിൽക്കുന്ന കാറ്റാടികൾ (കേരള സർക്കാരിന്റെ വിൻ‌ഡ്മിൽ പ്രൊജക്റ്റ്)കണ്ടു.

രാമക്കൽ‌ മേട്ടിൽ ബൈക്ക് സ്റ്റാൻ‌ഡ് ഇട്ട് ഞങ്ങളിറങ്ങിയപ്പോൾ‌ സമയം 12 മണി. നല്ല രീതിയിൽ കാറ്റു വീശുന്നുണ്ടായിരുന്നത് വെയിലിന്റെ കാഠിന്യത്തെ അൽ‌പ്പം കുറച്ചു. വലതു വശത്തുള്ള ചെറിയ മലയിലിരുന്നു കുറവനും കുറത്തിയും കുഞ്ഞും ഞങ്ങൾക്ക് സ്വാഗതം ചെയ്യുന്നു.

ഭഗവാൻ‌ ശ്രീരാമചന്ദ്രന്റെ പാദസ്പർശമേറ്റു എന്ന് കരുതപ്പെടുന്ന ഭൂമിയിൽ‌ ഞങ്ങളെത്തിയിരിക്കുന്നു. നേരെ വ്യൂപോയിന്റ് ലക്ഷ്യമാക്കി കയറി. നല്ലൊരു ട്രക്കിങ്ങിന്റെ സാധ്യതകൾ അവിടെയുണ്ട്. പതുക്കെ കയറി മുകളിലെത്തിയപ്പോ‌ൾ കണ്ട കാഴ്ച്ച ….ഹോ!!!! പ്രിയപ്പെട്ടവരേ, ജീവിതത്തിലെന്നെങ്കിലും‌ നിങ്ങൾക്ക് ചിലവഴിക്കാൻ‌ സമയവും ഒരൽ‌പ്പം യാത്രചെയ്യാനുള്ള മനസ്സും കൈവരികയാണെങ്കിൽ‌..ദയവായി ഇവിടെ വരിക..ഈ മലയുടെ മുകളിൽ നിന്ന് വീശിയടിക്കുന്ന കാറ്റേറ്റ് ഒന്നു കണ്ണോടിക്കുക… കിലോമീറ്ററുകളോളം‌ നീണ്ടുകിടക്കുന്ന ദൃശ്യമഹോത്സവം‌ നിങ്ങളെക്കാത്ത് ഇവിടെയിരിക്കുന്നു. കണ്ണേത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങൾ, തരിശുഭൂമികൾ‌, ഗ്രാമങ്ങൾ‌, പട്ടണങ്ങൾ‌, ക്ഷേത്രം‌,റോഡുകൾ എല്ലാം ഒരു ഗൂഗിൾ സാറ്റലൈറ്റ് ഇമേജ് പോലെ നിങ്ങൾക്ക് കാണാം..

ശ്രീരാമചന്ദ്രന്റെ പാദസ്പർ‌ശം പതിഞ്ഞു എന്ന് കരുതപ്പെടുന്ന പാറയെ തഴുകി വരുന്ന കാറ്റുമേറ്റു കുറെ സമയം താഴെ നോക്കി ഇരുന്നു. കുറെ നേരത്തേക്ക് എല്ലാവരും നിശബ്ദരായിപ്പോയി. മൊബൈൽ‌ എടുത്ത് നോക്കിയപ്പോൾ‌ “റോമിങ്ങ്” ആണു. താഴെ തമിഴ്നാട് ആണു. ആ കല്ലിരിക്കുന്നതും തമിഴ്നാട് ആണെന്നറിഞ്ഞു. അവിടെ നിന്നും താഴോട്ട് 3.5 കിലോമീറ്റർ‌ ഇറങ്ങിയാ‍ൽ‌ തമിഴ്നാട്ടിലെ ആ ക്ഷേത്രത്തിലെത്താം‌. ഭക്തി ഈ യാത്രയുടെ ഭാഗമല്ലാത്തതിനാലും‌ ദിവസത്തിനു ആകെ 24 മണിക്കൂർ മാത്രമുള്ളതിനാലും ഞങ്ങൾ കുറവനേയും കുറത്തിയേയും‌ കാണാനിറങ്ങി. പയ്യെപ്പയ്യെ തമിഴ്നാട്ടിനെ തഴുകിക്കൊണ്ട് കോടമഞ്ഞ് കയറി വരുന്നുണ്ടായിരുന്നു. തൊട്ടടുത്ത ചെറിയ
മലമുകളിലാണ് കുറവനും കുറത്തിയും കുഞ്ഞുമടങ്ങുന്ന ഒരു വലിയ ശില്ലം ശ്രീ.ജിനൻ‌ നി‌ർ‌മ്മിച്ചിരിക്കുന്നത്. ധാരാളം‌ മുക്കുറ്റിയും തുമ്പയും അടക്കം നാട്ട്ചെടികൾ നിറഞ്ഞ ഒരു കുഞ്ഞു കുന്ന്. അവിടെ ശിൽ‌പ്പത്തിനടുത്തിരുന്നു ചില ചിത്രങ്ങളെടുത്ത് തിരിച്ചിറങ്ങി. (ഇവിടെനിന്നും ഇരുപത്തിഅഞ്ചോളം കിലോമീറ്റർ സഞ്ചരിച്ചാൽ‌ കമ്പം എത്താം. വഴിയിൽ വലിയ മുന്തിരിത്തോപ്പുകളും വെള്ളച്ചാട്ടവുമൊക്കെ ഉണ്ട്.)

ഇരുട്ടും കോടയും നിറയും മുന്നെ വനാന്തർ‌ഭാഗത്തുകൂടെയുള്ള യാത്ര പിന്നിടേണ്ടതുണ്ട്.

ഞങ്ങളുടെ ബൈക്കിന്റെ ഹോണിനൊപ്പം‌ ചീവീട് കൂട്ടങ്ങൾ പ്രതികരിച്ചത് രസകരമായി തോന്നി. കുളമാവ് ഡാം‌ കഴിഞ്ഞപ്പോഴേക്കും പതുക്കെ കോട കയറിത്തുടങ്ങിയത് ഒരൽ‌പ്പം‌ ടെൻഷനടിപ്പിച്ചു എന്ന് പറയാം‌. പെട്ടെന്ന് ഇടക്കിടെ പെയ്തു കൊണ്ടിരുന്ന മഴയിൽ റോഡാകെ നനഞ്ഞു കിടക്കുന്നു. ക്ലച്ചും ബ്രേക്കും‌ വച്ച് നല്ലൊരു വ്യായാമം തന്നെയായിരുന്നു കൈവിരലുകൾക്ക് പിന്നീടങ്ങോട്ട്. ഒരു തരത്തിൽ‌ മൂലമറ്റത്തെത്തിയത് എങ്ങനെയെന്ന് വലിയ പിടുത്തമൊന്നുമില്ല. പിന്നെ കണ്ണും തുറന്ന് കാത്തിരിക്കുന്ന നഗരത്തിന്റെ മാറിലേക്ക്……

ഓഫ് ദ ടോപിക്ക് : തിരിച്ചു വരുമ്പോൾ‌ കട്ടപ്പന ടൌണിൽ വച്ച് വഴിതെറ്റി വൺ‌വേ തെറ്റിച്ച് കയറി വന്ന ഞങ്ങൾക്ക് നേരെ ഒരു പോലീസുകാരൻ‌ ഓടിയടുത്തു. അപ്പോഴാണു വൺ‌വേ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. കേരളപോലീസിന്റെ “മധുരമൊഴികൾ‌“ കേട്ട് നല്ല പരിചയമുള്ളതു കൊണ്ട്, ഞങ്ങൾ മാനസികമായും സാമ്പത്തികമായും തയ്യാറെടെത്തു അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഞെട്ടി!! അക്ഷരാർത്ഥത്തിൽ ഞെട്ടി!! ചിരിക്കുന്ന മുഖത്തോടെ, വളരെ ശാന്തതയോടെ ഞങ്ങളോട് ഇതു വൺ‌വേയാണെന്ന് പറയുകയും‌, പോകേണ്ട വഴി പറഞ്ഞു തരികയും ചെയ്തു.

നന്ദി : യാത്ര പോയതിന്റെ ക്ഷീണത്തില്‍ പറഞ്ഞു കൊടുത്ത വിവരണം ഈ രൂപത്തിലാക്കാന്‍ മാര്‍ഗനിര്‍ദേശവും, തെറ്റുകള്‍ തിരുത്തി തന്നതിന്നും പ്രവീണ്‍ വട്ടപ്പറമ്പത്തിന്നു...

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ http://www.flickr.com/photos/45426682@N07/with/5316155507/

16 comments:

Sileep Kumar M S said...

really nice..! :-)

PDR said...

Great blog...provides the feelings through the words, Congrats !

Rinoj said...

nice one boss.... eniyum itharam gimandan sadhanagal pradheekshikkunu

Vijoy said...

Manoharam...

Jayanth.S said...

നല്ലത്...ഈ പറഞ്ഞതില്‍ ഇടുക്കി ഡാം വരെയുള്ള സ്ഥലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്...രാമക്കല്‍മേട്‌ പോയിട്ടില്ല....ഇടുക്കി ഒരു സുന്ദരി തന്നെ ആണ്...

sujith said...

nice

മൈലാഞ്ചി said...

നല്ല വിവരണം..

ഞങ്ങള്‍ ക്രിസ്തുമസിന് പോയിരുന്നു ഏതാണ്ട് ഈ വഴി.. മൂലമറ്റം-കുളമാവ് ഡാം-ചെറുതോണിഡാം വഴി ഇടുക്കി ഡാം.. തിരിച്ച് മൂലമറ്റംതുമ്പച്ചിമല-വാഗമണ്‍ ഹെയര്‍പിന്‍ - ആ പറഞ്ഞ കുഞ്ഞന്‍ വെള്ളച്ചാട്ടം - വാഗമണ്‍- മൊട്ടക്കുന്നുകള്‍- അന്ന് അവിടെ സ്റ്റേ-(കുറഞ്ഞ ചിലവില്‍ ഒരിടം കിട്ടി.)- പിറ്റേന്ന് സൂയിസൈഡ് പോയ്ന്‍റ്-പൈന്‍വാലി- നേരെ തേക്കടി- (ബോട്ടിംഗ് പറ്റീല്യ. ബുക്കിംഗ് തീര്‍ന്നു)...

ഞങ്ങള്‍- ഞാന്‍ ,കെട്യോനും കുട്യോളും, പിന്നെ എന്‍റെ സുഹൃത്തുക്കള്‍ മൂലമറ്റം സ്വദേശികളായ സഹോദരന്മാര്‍ ദേവനും ഹരിയും- പെട്ടെന്ന് തീരുമാനിച്ച യാത്രയായിരുന്നു.. നല്ല യാത്ര.. ഫോട്ടോസ് മിക്കതും ഞാനാണ് എടുത്തത് എന്നതിനാല്‍ നന്നായില്ല..


യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍ .. അധികം പോവാനായിട്ടില്ല..

നിങ്ങള്‍ക്ക് ഇനിയുമിനിയും നല്ല നല്ല യാത്രകള്‍ പോകാനാവട്ടെ..

Kalavallabhan said...

ബൈക്കിന്റെ സ്പീഡ് വിവരണത്തിനുമുണ്ടോയെന്നു മാത്രം.
ഇനിയും യാത്രകൾ നടത്തുക, എഴുതുക.
പുതുവത്സരാശംസകൾ

ഒരു യാത്രികന്‍ said...

നന്നായി. പോലിസിനെ പറ്റിയുള്ള പരാമര്‍ശം ഇഷ്ടമായി.....സസ്നേഹം

Manoraj said...

അടിപൊളി ഒരു യാത്രയൊക്കെ നടത്തിയല്ലേ. നന്നായി. മൂന്നാമന്‍ ആരെന്ന് മനസ്സിലായി. ഒരു സജഷന്‍ ഉണ്ട്. പോസ്റ്റുകളിലെ ഫോട്ടോസ് അല്പം കൂടെ വലുതാക്കിയിടുക.

abith francis said...

എന്‍റെ സിജേഷേട്ടാ....ഒരു വാക്ക് പറഞ്ഞൂടായിരുന്നോ??തൊടുപുഴക്കും മൂലമറ്റത്തിനും ഇടക്കുള്ള ആ കുഞ്ഞു ഡാമിന്റെ അടുത്താ ഞാന്‍ താമസിക്കുന്നെ...മുട്ടം...എങ്ങനുണ്ട് ഞങ്ങളുടെ ഇടുക്കി...ഇനി വരുവാണെങ്കില്‍ പറയണേ...

sreejith said...

Adipoli !!

Echmukutty said...

അത് നന്നായല്ലോ.
ഞാനീ വഴിയൊന്നും പോയിട്ടില്ല.
നല്ല വിവരണമായിരുന്നു.

കെ ബി ജിനൻ ആണോ ശിൽ‌പ്പം ചെയ്തിരിക്കുന്നത്?

പാക്കരന്‍ said...

I love this Place :)

നിരക്ഷരൻ said...

മുകളിൽ കൊടുത്തിരിക്കുന്ന ഡീറ്റേയിത്സ് ആണ് ഈ വിവരണത്തിന് കൂടുതൽ മിഴിവേകുന്നത്.

തൊട്ടടുത്തുള്ള സ്ഥലങ്ങൾ കാണാതെ മാറ്റിവെച്ചിരിക്കുന്നത് മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാത്തതുകൊണ്ടല്ല. വയസ്സാം കാലത്ത് നടുവൊടിഞ്ഞ് കിടക്കുന്ന സമയത്ത് ഇഴഞ്ഞ് വലിഞ്ഞായാലും പോകാൻ വേണ്ടിയാണ് :)

കുരുത്തം കെട്ടവന്‍ said...

നല്ല ചിത്രങ്ങളും വിവരണങ്ങളും.