Monday, July 26, 2010

കുടജാദ്രി യാത്ര

യാത്രികരെ സംബന്ധിച്ചിടത്തോളം, പ്രയാണങ്ങള്‍ ഒന്നും , എത്താന്‍ ഒരിടം അല്ല. No destination. എന്നതാണ്, ഈ പ്രയാണങ്ങളുടെ ഉള്‍ക്കാമ്പ് . മറിച്ചു പറഞ്ഞാല്‍ ചരിച്ചു കൊണ്ടിരിക്കുക എന്നത് തന്നെ വലിയൊരു അനുഭവം ആയി സ്വീകരിക്കുക. യാത്രകളിലെ അപ്രവചനീയതയുടെ അംശത്തെ നിരാകരിക്കലായി കാണരുത്. ജീവിതത്തിലെന്ന പോലെ, യാത്രകളിലും വെല്ലു വിളികള്‍ ഒരു വലിയ അളവ് വരെ പ്രസാദഭരിതം ആണ്. ആഷാ മേനോന്‍റെ പുസ്തകത്തിലെ ഈ വരികള്‍ വായിച്ചു thrilled ആയിരിക്കുമ്പോഴാണ് ഈ കുടജാദ്രി ട്രിപ്പ്‌. ചോദിച്ചവര്‍ മുഴുവന്‍ പറഞ്ഞു (വിക്കിപീഡിയ വരെപറഞ്ഞു). ഈ സമയം ശരിയല്ല. മഴ ഉള്ളപ്പോള്‍ ആരും കാട് കയറില്ല, very dangerous and almost impossible. . ..

മഴ, കാട് , കടല്‍, ആകാശം, എന്‍റെ ചില ഭ്രാന്തുകള്‍.. അങ്ങനെയുള്ള എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ combination ആയിരുന്നു മഴയില്‍ വഴിയറിയാതെ കാടിന്‍റെ അനിശ്ചിത്വത്തില്‍ അലയുക എന്നത്. അതെ, പോകുന്ന ഞങ്ങള്‍ 5 പേര്‍ക്കും വഴി അറിയില്ല.പക്ഷെ ഞങ്ങള്‍ 5 പേരുടെ ആഗ്രഹവും ആവേശവും ദേവിയുടെ അനുഗ്രഹവും കൂടെ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത നിമിഷങ്ങള്‍ക്ക് ജന്മം നല്‍കി.

തീവണ്ടി പലയിടത്ത് പിടിച്ചിട്ടത് കൊണ്ട് പതിനൊന്നു മണിക്ക് ആണ് കൊല്ലൂര്‍ എത്താന്‍ കഴിഞ്ഞത്. കുളിയും ഭക്ഷണവും കഴിഞ്ഞു വന്നപ്പോഴേക്കും പന്ത്രണ്ടു മണിക്കുള്ള ബസ്‌ പോയിരുന്നു.നിയോഗം പോലെ എത്തിയ ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറികുടജാദ്രിയിലേക്ക് നടക്കാനുള്ള വഴിയില്‍ ഞങ്ങള്‍ ഇറങ്ങുമ്പോള്‍, ഞങ്ങളെ കാത്തു കൊണ്ട് ഒരാള്‍ അവിടെ കാത്തു നിന്നിരുന്നു..ഒരു നായ..അതിനെ മൈന്‍ഡ് ചെയ്യാതെ കുടജാദ്രി 10 Km എന്ന് എഴുതിയ ബോര്‍ഡ്‌ കണ്ടു. എത്ര ഓടിച്ചിട്ട്‌ വിട്ടിട്ടും നായ ഞങ്ങളുടെ മുന്നില്‍ നിന്നും മാറുന്നില്ല.ആ കൊടും കാനനത്തില്‍ ഞങ്ങള്‍ 5 പേര്‍ മാത്രം. അട്ട കടി ആദ്യം കാര്യമായി വിഷമിപ്പിച്ചു എങ്കിലും, പിന്നേ മൈന്‍ഡ് ചെയ്തില്ല.. നോക്കിയിട്ട് കാര്യമില്ല.:( ആദ്യമായി കയറുന്ന ആ കാടിനുള്ളില്‍ പലപ്പോഴും വഴികള്‍ പിളര്‍ന്നപ്പോള്‍ , വഴി കാട്ടിയെ പോലെ ഞങ്ങളുടെ മുന്‍പില്‍ നടന്ന നായയെ പിന്തുടര്‍ന്ന്. ഓരോ കൊടും കാട് കഴിയുമ്പോഴും പച്ചപ്പിന്റെ പരവതാനികള്‍ വിതച്ച കോട മഞ്ഞു പൊതിഞ്ഞ നിരപ്പായ സ്ഥലങ്ങള്‍.കാടിന്റെ മാസ്മരിക സൌന്ദര്യത്തില്‍ മതി മറന്നുള്ള നിമിഷങ്ങള്‍. വാക്കുകള്‍ മതിയാവില്ല അത് വിശദീകരിക്കാന്‍. ഒടുവില്‍ ചന്ദ്രനില്‍ പോലും ഒരു മലയാളിയുടെ ചായകട ഉണ്ടാവും എന്ന് പറഞ്ഞ പോലെ പകുതി ആയപ്പോള്‍ "ഹോട്ടല്‍ സന്തോഷ്‌ " മലയാളിയുടെ ചായകട. നമ്മുടെ നായയെ അവിടെയുള്ളവര്‍ ഓടിപ്പിച്ചു. അവന്നു വേണ്ടി ഞങ്ങള്‍ പാര്‍സല്‍ മേടിച്ചു. ഇനി കാണുമ്പോള്‍ അവനു കൊടുക്കാന്‍. അവിടെ നിന്നും ഇഡലിയും ചായയും കുടിച്ചു മുകളിലേക്ക് കയറുമ്പോള്‍ നമ്മുടെ നായ ഇറങ്ങി വരുന്നുണ്ടായിരുന്നു. അവന്നു ഞങ്ങള്‍ കരുതിയിരുന്ന പാര്‍സല്‍ കൊടുത്തു.

ഇത്ര ദൂരം താണ്ടിയതിനെക്കാളും ദുഷ്കരമാണ് ഇനിയുള്ള യാത്ര എന്ന് ഞങ്ങള്‍ അറിഞ്ഞത് അനുഭവത്തിലൂടെ മാത്രം ആയിരുന്നു. പുറകെ വരുന്ന സുഹൃത്തുക്കളെ പോലും കോട മഞ്ഞില്‍ കാണാതെ ഞാനും സൂരജും മുന്‍പില്‍ നടന്നു. രാജീവും, ശിവദാസനും, പ്രവീണും പുറകില്‍. ഭയത്തെക്കാള്‍ ഏറെ എനിക്ക് കാടിനോടും, പ്രകൃതിയോടും ബഹുമാനം ആയിരുന്നു. എനിക്ക് മുന്‍പേ ഈ വഴി താണ്ടിയ പൂര്‍വികരോടുള്ള നന്ദിയും, സ്വാമി വിവേകാനന്ദന്‍ നെയും, ബുദ്ധനെയും, ആദിശങ്കരനെയും പോലെയുള്ള അനേകം മഹത്തായ സന്ന്യാസിമാരുടെ പാദമുദ്രകള്‍ പതിഞ്ഞ ഈ പുണ്യ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനവും എന്റെ മനസ്സില്‍ തുളുമ്പി നിന്നു. പിന്നേ എന്നെ നയിക്കുന്ന അദൃശ്യ ശക്തിയില്‍ പരിപൂര്‍ണമായും അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ കുത്തനെ ഉള്ള പുല്‍മേടുകളും, ചെങ്കുത്തായ പാറ പടവുകളും കയറാനുള്ള ഊര്‍ജം എന്നില്‍ നിറഞ്ഞു കൊണ്ടിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയും, കണ്ണുകള്‍ക്ക്‌ മുന്നില്‍ നിറയുന്ന കോട മഞ്ഞും ആസ്വദിച്ചു കൊണ്ട് ഒടുവില്‍ ഞങ്ങള്‍ മുകളിലെത്തി. അവിടെ ഭട്ടിന്റെ വീട്ടില്‍ ബാഗുകള്‍ വെയ്ച്ചു ഭക്ഷണം കഴിച്ചു.

ഞങ്ങള്‍ ചിത്രമൂല ലക്‌ഷ്യം മനസിലുറപ്പിച്ചു, നാഗ തീര്‍ത്ഥം വണങ്ങി മുകളിലേക്ക് കയറി. അപ്പോള്‍ ആണ് ശിവദാസന്‍ പറഞ്ഞത് "പോത്ത്". അതെ ഒറ്റയാന്‍ കാട്ടുപോത്ത് വളരെ അപകടകാരിയാണ്.ഞങ്ങളുടെ തൊട്ട്‌ മുന്‍പില്‍. ജല്ലികെട്ടു കാളയെക്കാള്‍ വലിപ്പം. കൊമ്പുകള്‍ ഷാര്‍പ്. കാലുകള്‍ കൊണ്ട് ഒരടി കിട്ടിയാല്‍ തീര്‍ന്നു.HUNK Ad ഇല് കാണുന്ന പോലെ കാലുകള്‍ കൊണ്ട് നിലത്തു പൊടി തെറിപ്പിച്ചു അവന്‍ ഞങ്ങളുടെ നേരേ നോക്കി.. മരണത്തെ നേരില്‍ കാണുന്ന നിമിഷങ്ങള്‍. പക്ഷെ, കുറച്ചു നേരതിന്നു ശേഷം അവന്‍ തിരിച്ച ഓടിപോയി. പരസ്പരം കാണാന്‍ പോലുമാവാത്ത ആ കോട മഞ്ഞില്‍ ഇനിയും മുന്നോട്ടു അപകടമാണെന്ന നിഗമനത്തില്‍ ഞങ്ങള്‍ തിരിച്ചിറങ്ങി. തിരിച്ചു വരുമ്പോള്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. മഴവെള്ളത്തില്‍ കുത്തി ഒലിച്ച വഴികള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും ദുഷ്കരമായി. ഞങ്ങള്‍ വീണ്ടും സന്തോഷ്‌ ഹോട്ടലില്‍ എത്തുമ്പോള്‍ ഇരുട്ടു കാടിനെ ഒരു വിധം പൊതിഞ്ഞു തുടങ്ങിയിരുന്നു. ഹോട്ടലിലെ തങ്കപ്പേട്ടന്‍ ഞങ്ങള്‍ക്ക് ഒരു ജീപ്പ് ഏര്‍പ്പാടാക്കി തന്നു. ആ ജീപ്പ് ഡ്രൈവര്‍ വരുന്നത് വരെ തങ്കപ്പേട്ടന്റെ ഹോട്ടല്‍ സന്തോഷില്‍ ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം ആണ് പറഞ്ഞത് , ഇവിടെ ആന ഒഴികെ എല്ലാ മൃഗങ്ങളും ഉണ്ടെന്നു (പുലി അടക്കം). ഒടുവില്‍ ഡ്രൈവര്‍ ജീപ്പുമായി വന്നപ്പോള്‍ പറഞ്ഞു വഴിയില്‍ പുലിയെ കണ്ടു എന്ന്. ഹോ എല്ലാരും ജീപ്പ് വിളിച്ച ഐഡിയക്ക് സ്തുതി പറഞ്ഞു ജീപ്പില്‍ കൊല്ലൂരിലേക്ക്.
ലോഡ്ജിലെ ഉറക്കം സുഖമായിരുന്നു . കാലത്ത് സൌപര്‍ണികയില്‍ മുങ്ങി നിവര്‍ന്നു ദേവിയുടെ തിരുനടയില്‍ നില്‍ക്കുമ്പോള്‍ എന്നത്തേയും പോലെ എനിക്ക് പറയാന്‍ ഒന്നുമില്ല......
നിറമിഴികളോടെ നന്ദി മാത്രം. ആ യാത്ര പകര്‍ന്നു തന്ന അനുഭൂതികള്‍ക്കും, അനുഭവങ്ങള്‍ക്കും, എന്റെ ദുഖങ്ങള്‍ക്കും, സന്തോഷങ്ങള്‍ക്കും.

മുന്‍പും ഞാന്‍ കുടജാദ്രിയില്‍ പോയിട്ടുണ്ട് , ഇപ്രാവശ്യം ഞങ്ങള്‍ ചിത്രമൂലയിലും മറ്റും എത്താന്‍ കഴിഞ്ഞില്ല എങ്കിലും. ഞങ്ങളുടെ കോരിച്ചൊരിയുന്ന മഴയില്‍ വഴിയറിയാതെ കാട്ടിലൂടെയുള്ള യാത്ര നല്‍കിയ അനുഭവം എന്നത്തേക്കാളും മഹത്തരമായിരുന്നു. ഓരോ യാത്രകളും ഓരോ അവസരങ്ങളാണ്. അറിയാനും അനുഭവിക്കാനും ഉള്ള അവസരങ്ങള്‍. അതിന്റെ ആകസ്മികതകളെ ഉള്‍കൊള്ളാന്‍ തയ്യാറായാല്‍ കൂടി മാത്രമേ അതിന്റെ മാസ്മരികത നമ്മള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയൂ.


















പ്രവീണിന്റെ മനോഹരമായ യാത്രാ വിവരണം ഇവിടെ...

17 comments:

Kvartha Test said...

പ്രകൃതിയെ, ദേവിയെ, അറിഞ്ഞുകൊണ്ടുള്ളൊരു വനയാത്ര... ഓര്‍ത്തപ്പോള്‍ത്തന്നെ കുളിരുകോരുന്നു. ഒരു ദിവസം ഭട്ടിന്റെ വീട്ടില്‍ തങ്ങിയിട്ടു അടുത്ത ദിവസം തിരികെ വന്നിരുന്നെങ്കില്‍ കുറച്ചുകൂടെ സുഖമായിരുന്നേനെ. എനിക്കും വളരെ ശാന്തിദായകമായ സ്ഥലമാണ് കുടചാദ്രി. പണ്ട് മാംഗ്ലൂരില്‍ ജോലി ചെയ്തപ്പോള്‍ ഇടയ്ക്കിടെ പോകുമായിരുന്നു.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇതു വരെ കേൾക്കാത്ത ഒരു പാട് ശബ്ദങ്ങൾ.. മുന്നോട്ടുള്ള കാഴ്ച്ചയെ മറച്ച് കൊണ്ട് നമ്മെ പൊതിഞ്ഞ കോടമഞ്ഞ്.. തുള്ളിക്കൊരുകുടം എന്ന പോലെ പെയ്തിരുന്ന പേമാരി.. പാദങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് തഴുകിയൊഴുകിയിരുന്ന കുഞ്ഞരുവികൾ.. നയനമനോഹരമായ പുൽമേടുകൾ...മലഞ്ചെരിവുകൾ...ഒറ്റയടിപ്പാതകൾ... ഒരു കൈ താങ്ങ് വേണ്ടി വന്ന, പരസ്പരസ്നേഹത്തിന്റെ നിമിഷങ്ങൾ...കോടമഞ്ഞിൽ കുളിച്ചു നിന്ന് താഴ്വരകൾ..മൃഗങ്ങളുടെ ശബ്ദങ്ങൾ..കുത്തനെയുള്ള കയറ്റങ്ങൾ..വഴികളിൽ പതുങ്ങിയിരുന്ന അപകടങ്ങൾ, മണ്ണിടിച്ചിൽ, ജീവൻ വച്ച് പന്താടിയ നിമിഷങ്ങൾ.. ആകസ്മികതകളുടെ കുത്തൊഴുക്കുകൾ..ഭക്തിനിർഭരമായ ദർശനം... മനസ്സുപോലെ കുത്തിയൊഴുകുന്ന സൌപർണ്ണിക... ചിന്തകളുടെ കിരണമായി സൂര്യാജി, ഗായകരായ നിമിഷങ്ങൾ... മണ്ടത്തരങ്ങൾ....തമാശകൾ..

എഴുതിയിട്ടും തീരുന്നില്ലല്ലോ സുഹൃത്തേ

...sijEEsh... said...

@ praveen അതെല്ലാം എഴുതണമെന്നുണ്ടായിരുന്നു...അവ വിവരിക്കുമ്പോള്‍ വാക്കുകള്‍ അപൂര്‍ണങ്ങള്‍ ആകുന്നു.ഓരോ മണിക്കൂറും ഓരോ ബ്ലോഗ്‌ ആകാനുള്ള അത്രയും ഉണ്ട്. ചുരുക്കി എഴുതി എന്ന് മാത്രം...

Sileep Kumar M S said...

enikkum pokanam orikkal..!

Faisal Alimuth said...

ഒരിക്കല്‍പോയ ഓര്‍മ്മകള്‍..!!

Naseef U Areacode said...

തെളിഞ്ഞ കാഴ്ച നല്‍കുന്ന അനുഭവങ്ങളെക്കാള്‍ കൂടുതല്‍ മഞ്ഞും മഴയും കൊണ്ട് മങ്ങിയ കുടജാദ്രി നിങ്ങള്‍ക്ക് നല്‍കിക്കാണും...
നല്ല പോസ്റ്റ് .. നല്ല വിവരണം.. നല്ല ഫോട്ടൊകളും.. ആശംസകള്‍..

നിരക്ഷരൻ said...

പ്രവീണ്‍ പറഞ്ഞിരുന്നു ഈ യാത്ര പോകുന്നതിനെപ്പറ്റി. മഴയാണ് ഏറ്റവും നല്ല സമയം. അത്രയ്ക്കും അനുഭൂതി മറ്റൊരു കാലാവസ്ഥയിലും കിട്ടില്ല, ക്ഷീണവും കുറേവേ ഉണ്ടാകൂ.

മൂകാംബിക വരെ എത്തിയത് ഇക്കഴിഞ്ഞ ഡിസംബറില്‍ ആണ്. കുടജാദ്രിയിലും ചിത്രമൂലയിലേക്കുമൊക്കെ എന്നാണാവോ ദേവി വിളിപ്പിക്കുക? കൊതിപ്പിക്കുന്നുണ്ട് ഇത്തരം വിവരണങ്ങള്‍. കിടപ്പിലാകുന്നതിന് മുന്‍പ് പോകണം.

Jayanth.S said...

ഒരിക്കല്‍ പോയിട്ടുണ്ട്.... ഇനി എന്നാണോ പോകാന്‍ പറ്റുക... ഞാന്‍ ജീവിതത്തില്‍ ഒരുപാടു യാത്രകളൊന്നും നടത്തിയിട്ടില്ല...പോയ യാത്രകളില്‍ കുടജാദ്രി പോയപ്പോള്‍ കിട്ടിയത് പോലെയൊരു അനുഭൂതി വേറൊരിടത്തു നിന്നും കിട്ടിയിട്ടില്ല...എന്നും മനസ്സില്‍ കാണുന്ന ഒരു സ്ഥലം...വിവരണം നന്നായിട്ടുണ്ട്...പണ്ട് വാനപ്രസ്ഥ യാത്രയില്‍ പാണ്ഡവരെ ഒരു നായ അനുഗമിച്ചു....ഇപ്പോള്‍ നിങ്ങള്‍ അഞ്ചു പേരുടെ കൂടെ ഒരു നായ...ചരിത്രം ആവര്‍ത്തിക്കുകയാണോ....

Jayanth.S said...
This comment has been removed by the author.
ഒരു യാത്രികന്‍ said...

പാണ്ഡവരുടെ യാത്രയെ ഓര്‍മ്മിപ്പിച്ചു....അഞ്ചു പെരും നായയും.എന്നും ആഗ്രഹിച്ചത്താണ് കുടജാദ്രി യാത്ര. പക്ഷെ എപ്പോഴും മൂകാംബികയില്‍ അവസാനിച്ചു...പക്ഷെ പോകും, അത് കട്ടായം......സസ്നേഹം

Manoraj said...

മനോഹരമായി യാത്ര. പ്രവീൺ പറഞ്ഞ്ജ് നേരത്തെ അറിഞ്ഞിരുന്നു. പോസ്റ്റിൽ ചിത്രങ്ങൾ കൂടുതൽ ആവാമായിരുന്നു കേട്ടോ

ശ്രീ said...

വായിച്ചു, കൊള്ളാം.

പ്രവീണിന്റെ യാത്രാവിവരണവും വായിച്ചിരുന്നു.

GK said...
This comment has been removed by the author.
GK said...

എനിക്ക് മുന്‍പേ ഈ വഴി താണ്ടിയ യാത്രികർ ....
nammal yathra cheyunna vazhiyiloode munne arrellamo sancharichirunnu namukku vazhikannikyan mattu jeevikallude roopathile aro kathu nilkunnu...
yathrakallude annubhoothikal anubavikyannum annubhavippikyannum sadhichirikkunnu................

ജയരാജ്‌മുരുക്കുംപുഴ said...

valare mikacha vivaranavum, manoharamaaya chithrangalum.....

Anil cheleri kumaran said...

നന്നായിട്ടുണ്ട് വിവരണം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഭാഗ്യവാന്മാര്‍ അസൂയ തോന്നുന്നു :)