Monday, January 24, 2011

വാരാന്ത്യം

ഈ ബ്ലോഗിങ്ങ് എനിക്ക് തരുന്ന ഒരു സുഖം എന്താന്നു വെച്ചാല്‍ എന്തും എഴുതാം എന്നുള്ളതാണ്. ഒരു സുഹൃത്തിനെ പോലെയാണ് പലപ്പോഴും. മനസ്സ് കുലം കുത്തിയൊഴുകുമ്പോള്‍ അത് വാക്കുകളായി പരിണമിക്കുമ്പോള്‍ അവയെ ശേഖരിച്ചു വെയ്ക്കാന്‍ ഒരിടം. ഇതിപ്പോ വലിയ കാര്യമൊന്നുമല്ല. എന്നാലും വാരാന്ത്യം എന്ന് പറയണത് ഒരു രസം ഒക്കെ തന്നെ ആണ്. എന്‍റെ കഴിഞ്ഞ ഞായര്‍ (23-01-2011) ഇങ്ങനെയൊക്കെ ആയിരുന്നു. :)

കാലത്ത് നേരത്തെ (പുലര്‍ച്ചെ ആറു മണിക്ക് ) എഴുന്നേറ്റു, എന്‍റെ ശകടത്തില്‍ നേരെ തൃശൂര്‍ ജില്ലയിലെ മാള എന്ന സ്ഥലത്തേക്ക് തിരിച്ചു. വലിയപറമ്പില്‍ എന്‍റെ കുറച്ചു സുഹൃത്തുക്കള്‍ ഉണ്ട്. ഇപ്പോഴും ഗ്രാമത്തിന്‍റെ തുടിപ്പുകള്‍ മിടിക്കുന്ന സ്ഥലം. എല്ലാരും കാലത്ത് തന്നെ ആസ്ഥാനത്ത് ഉണ്ടാവും. അവിടെ കുറച്ചു നേരം യോഗയും ചര്‍ച്ചകളും വാഗ്വാദങ്ങളും ഒക്കെ ആയി അവരോടു കൂടെ കൂടും. അപ്പൊ നിങ്ങള് വിചാരിക്കും ഇവന്‍ വയസ്സന്‍മാരുടെ കൂടെ ശ്വാസം നിയന്ത്രിക്കാന്‍ പഠിക്കാന്‍ പോകുന്നു എന്ന്. അല്ല അവിടെ വരുന്ന ഭൂരിഭാഗവും മുപ്പതിനു താഴെ വയസുള്ള ഗജ പോക്കിരികള്‍ ആണ് .അപ്പോഴാണ്‌ സിനീഷേട്ടന്‍ പറഞ്ഞത് അവരെല്ലാം കൂടെ കുറച്ചു സ്ഥലം കൃഷി ചെയ്യാന്‍ എടുത്തുവെന്നു. എന്റമ്മോ. ഇക്കാലത്ത് വളരെ കുറച്ചു ചെറുപ്പക്കാര്‍ മാത്രം ചിന്തിക്കുന്ന വഴികള്‍. ആളുകള്‍ പ്രകൃതിയോടു ചേര്‍ന്നു വളരണം എന്നും, പ്രകൃതിയെ സ്നേഹിച്ചു അതിനോട് ചേര്‍ന്നു ജീവിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും, നമ്മള്‍ പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം എന്നും , നമ്മള്‍ യുവാക്കള്‍ അതിന്നു മുന്‍കയ്യെടുക്കണം എന്നും പറഞ്ഞു. പറയുക മാത്രമല്ല പണിയും തുടങ്ങി. എല്ലാരും ലേഖനങ്ങള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ വീരവാദം പറയുകയും എഴുതുകയും ചെയ്യുമ്പോള്‍ ചിലര്‍ മാത്രം അത് അനുഭവത്തില്‍ വരുത്തുന്നു. നേരെ അന്നമനട പുഴയിലേക്ക് . അവിടെ ഒരു പള്ളി നീരാട്ടു അഥവാ നീന്തി കുളി. അതിന്‍റെ ഒരു സുഖം ഈ പട്ടണവാസികളോട് പറഞ്ഞിട്ട് കാര്യമുണ്ടോ.. :) വെള്ളത്തില്‍ കുറച്ചു നേരം അര്‍മാദിച്ചു നേരെ പണി നടക്കുന്ന പാടത്തേക്ക്. ചെരുപ്പില്ലാതെ നിങ്ങള്‍ മണ്ണില്‍ / പ്രതേകിച്ചു ചെളിയില്‍ ചവിട്ടിയിട്ടുണ്ടോ ? മിക്കവര്‍ക്കും അറപ്പായിരിക്കും.
അതിലൂടെ നടന്നവര്‍ക്കറിയാം അതിന്‍റെ ഒരു തണുപ്പ്. ഭൂമിയുടെ തണുപ്പ്. ഭൂമിയുടെ മണം. പ്രകൃതിയുടെ മനസ്സ് . ഭൂമിയില്‍ നിന്നും മുകളിലേക്ക് വളരുന്ന കോണ്‍ക്രീറ്റ് വൃക്ഷങ്ങളിലെ നിലകളില്‍ താഴത്തുമല്ല മുകളിലുമല്ല എന്ന അവസ്ഥയില്‍ ജീവിക്കുന്നവര്‍ അറിയേണ്ടത് തന്നെ ആണ് . കടന്നു പോകാനുള്ള വഴി ദാ ഇങ്ങനെ ആണ്. എങ്ങനെയുണ്ട് ത്രില്ലിംഗ് അല്ലെ? വീണാല്‍ നേരെ വെള്ളത്തില്‍. അതും കടന്നു പണി നടക്കുന്ന പാടത്തേക്കു. പച്ച പരവതാനി വിരിച്ചു നില്‍ക്കുന്ന പാടത്ത് വെളുത്ത കൊക്കുകള്‍ , ഇടയ്ക്കു അവ പറന്നു പൊങ്ങുന്നത് എത്ര കണ്ടാലാണ്‌ മതി വരിക.

അവിടെ ചായയുടെ സമയം. കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും . കുറച്ചു നേരം അവിടെ ചിലവഴിച്ചു. പട്ടണം തരുന്ന അഹങ്കാരങ്ങള്‍ / അലങ്കാരങ്ങള്‍ എല്ലാം വലിച്ചെറിഞ്ഞു പച്ചയായ മനുഷ്യന്‍ ആയി മാറുന്ന അസുലഭ സുന്ദര നിമിഷങ്ങള്‍. വയലാറിന്‍റെ വരികള്‍ (സന്ദര്‍ഭമായി ബന്ധപ്പെട്ടതല്ലെങ്കിലും )" ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍, പച്ച മണ്ണിന്‍ മനുഷ്യത്വമാണ്‌ ഞാന്‍" എന്ന് മനസ്സില്‍ ഉരുണ്ടു കൂടി കളിക്കുന്നു .

സമയം അതിക്രമിക്കുന്നു. ഞാന്‍ ആ സുന്ദര നിമിഷങ്ങളോട് വിട പറയുന്നു. 11:30 യോടെ ശകടം നേരെ കൊച്ചി യിലേക്ക്.

ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ / ശാന്തതയില്‍ നിന്നും നഗരത്തിന്‍റെ തിരക്കിലേക്ക്. നഗരത്തിന്‍റെ ധാര്‍ഷ്ട്യത്തിലേക്ക്. ഇവിടെ നിയമം വേറെയാണ് . വേഗമുള്ളവര്‍, കൌശലക്കാര്‍ എന്നിവരാണ് വിജയികള്‍. അണിയുന്ന ആഭരണങ്ങളും വസ്ത്രങ്ങളും നോക്കി മനുഷ്യനെ വിലയിരുത്തുന്ന ലോകം. മറ്റുള്ളവരുടെ അസ്വസ്ഥതകള്‍ തന്‍റെ ജീവിതത്തെ തെല്ലും ബാധിക്കരുതെന്ന് വാശിയുള്ളവരുടെ ലോകം.നഗരത്തിന്‍റെ
മൂലയിലുള്ള തന്‍റെ വീട്ടിലെത്തിയപ്പോഴേക്കും സഹധര്‍മിണി ചോറും കറിയുമെല്ലാം വെച്ചു കാത്തിരിപ്പുണ്ട്‌. അങ്ങനെ ഉച്ചയൂണ് ഗംഭീരമായി കഴിച്ചു സ്വസ്ഥമായി ഇരിക്കുമ്പോള്‍ ആണ് സഹധര്‍മിണി വീണ്ടും ആ പേര് മൊഴിഞ്ഞത് . എന്താ? . 'ഗോള്‍ഡ്‌ സൂക്ക്'
. അങ്ങനെ ഒരെണ്ണം വയറ്റില റോഡില്‍ തുറന്നിട്ടുണ്ട്. കുറെ ദിവസമായി പറയുന്നു . എന്നാല്‍ പിന്നെ അങ്ങോട്ട്‌ പോകാം. ശകടം ഗോള്‍ഡ്‌ സൂക്കിലോട്ടു . വണ്ടി പാര്‍ക്ക് ചെയ്തു ഗേറ്റ് കയറുമ്പോള്‍ അവള്‍ കാണിച്ചു തന്ന അമ്മായി സോറി ആന്‍റിയുടെ കാലില്‍ കിടക്കുന്ന ചെരുപ്പിന്‍റെ ഹീല്‍, അതിന്‍റെ വലിപ്പം . എങ്ങനെ നടക്കുന്നു ആവൊ? ഗോള്‍ഡ്‌ സൂക്കില്‍ കേറുമ്പോള്‍ തന്നെ കോഴി ആണ് സ്വാഗതം ചെയ്യുക. KFC . എല്ലാ കടകളും തുറന്നിട്ടില്ല. അടിയില്‍ ബിഗ്‌ ബസാര്‍. അങ്ങനെ ഇത്യാദികള്‍. എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് അമീബ ഗെയിം സെന്‍റ്റിലെ ബൌളിംഗ് ആണ്. എസ്കലെടറില്‍ കേറാന്‍ ഭയമുള്ളവരെ കണ്ടു നില്ക്കാനും ഒരു രസം. കുറച്ചു നേരം അവിടെ ഇവിടെ നോക്കി തേരാ പാര നടന്നു ചെറിയ ഷോപ്പിംഗ്‌. അവിടെ നിന്നുമിറങ്ങി. പിന്നെ വണ്ടി നേരെ ലിറ്റില്‍ ഷേണായിസിലോട്ടു ധോബി ഘട്ട് കാണാന്‍ . അവിടെ ചെന്നപ്പോള്‍ മണി നാലര ആയതേ ഉള്ളു. അടുത്ത ജ്യൂസ്‌ കടയില്‍ കയറി ദാഹം തീര്‍ക്കാനുള്ളതോക്കെ കഴിച്ചു. സമയം ഇനിയും ബാക്കി. എന്ത് ചെയ്യും. ദാ കാണുന്നു ബ്ലോസ്സം ബുക്സ്. കേട്ട പാതി കേള്‍ക്കാത്ത പാതി നമ്മുടെ പാതി അവിടെ കേറി ബുക്സ്ന്‍റെ ഇടയില്‍ അപ്രത്യക്ഷയായി. ഭാഗ്യം ഇന്ന് നികോലാ സ്പാര്‍ക്ക് , ജുമ്പ ലാഹിരി,നോറ റോബര്‍ട്ട്സ് , ഇത്യാദി ഇനങ്ങളെ അവള്‍ കണ്ടില്ലെന്നു തോന്നണു. അല്ലെങ്കില്‍ വിളി വരേണ്ട സമയം ആയി. നമ്മള്‍ ഇങ്ങനെ നോക്കി നടക്കുമ്പോഴാണ് , ഹിറ്റ്ലര്‍ തുറിച്ചു നോക്കുന്നത്
. ആളുടെ ആത്മകഥ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് . അപ്പുറത്തുള്ള ഗടിയാണെങ്കില്‍ നമ്മുടെ സ്വന്തം ഖലീല്‍ ജിബ്രാന്‍. നോക്കുമ്പോഴെന്താ ആളുടെ എല്ലാ ബുക്സ് ഉം കൂടെ ഒറ്റ ബുക്ക്‌ ആക്കി Complete works of khalil Gibran ഇറക്കിയിരിക്കുകയാണ് . പുസ്തക പ്രലോഭനത്തിന്‍റെ ചതി കുഴിയില്‍ വീണുരുണ്ടു കളിക്കുന്ന ഈയുള്ളവന്‍ അത് മേടിച്ചു . എല്ലാം കൂടെ ഒരു ബുക്ക്‌ ആക്കി ഇറക്കിയാല്‍ ആരും വീണു പോകില്ലേ ? ഇല്ലേ ? ഇനി നേരെ തീയറ്ററിലേക്ക് . അവിടെ മൊത്തം ഹിന്ദി കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ആകെ ഹിന്ദിക്കാര്‍. അങ്ങനെ ഇടവേള യില്ലാത്ത ധോബി ഘട്ട് ഉം കണ്ടു നേരെ വീട്ടിലോട്ടു വെച്ചു പിടിച്ചു .ആ പടം എനിക്കിഷ്ടമായില്ല. ഒരു നാടകീയതയും ഇല്ല. മുംബൈ യുടെ നല്ല ദൃശ്യങ്ങള്‍ പിന്നെ നല്ല പാശ്ചാത്തല സംഗീതവും .അത്ര മാത്രമേ അതിന്‍റെ മേന്മ എന്ന് പറയാനുള്ളൂ. അങ്ങനെ മഹത്തായ ഒരു വാരാന്ത്യം കൂടെ കഴിഞ്ഞു.

കാലത്ത് ഗ്രാമവും വൈകീട്ട് നഗരവും പപ്പാതി വീതിച്ചെടുത്ത എന്‍റെ സമയത്തില്‍ ഏറ്റവും ഇഷ്ടപെട്ടത് ഏതാണെന്ന് പറയാതെ അറിയാമല്ലോ. :)

9 comments:

ഹാക്കര്‍ said...

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

യൂസുഫ്പ said...

നഗരമായാലും ഗ്രാമമായാലും മനസ്സ് എന്തു പരയുന്നു എന്നതാണ്‌ എന്റെ രീതി. ഉറങ്ങാൻ പറയുന്നൊ എങ്കിൽ അത് ചെയ്യും. ചുരുക്കി പരഞ്ഞാൽ മറ്റുള്ളവർക്ക് പ്രയാസമില്ലാഠ എന്റെ സുഖങ്ങളോടാൺ എനിയ്ക്കിഷ്ടം.
ഒരു ദിവസം ഞാനും വരും നിങ്ങളുടെ കൂടെ ആ ഗ്രാമത്തിന്റെ നിഷ്കളങ്കതയിലേക്ക്.

njaan said...

മനസിനൊരു സുഖം കിട്ടുന്ന വായനാനുഭവം.. നന്ദി ചേട്ടായി...

Manoraj said...

സിജീഷേ, ബ്ലോസം ബുക്ക്സ് ബൈബിള്‍ ബുക്ക്സിന്റെ ഒരു സ്ഥലമല്ലേ.. ഖലീല്‍ ജിബ്രാന്റെ സമ്പൂര്‍ണ്ണകൃതികള്‍ അവിടെയാണോ ഉണ്ടായത്?

jayanEvoor said...

കൊള്ളാം.
നല്ല കോണ്ട്രാസ്റ്റ്!
രസകരമായെഴുതി.

...sijEEsh... said...

@all വായനക്ക് നന്ദി
@manoraj Blossom books ബൈബിള്‍ ബുക്സ് അല്ല സുഹൃത്തേ. ബുക്സ് ഒക്കെ second sale nu നല്ല ചുളു വിലക്ക് കിട്ടുന്ന സ്ഥലം ആണ്. ആംഗലേയ പുസ്തകങ്ങള്‍ ആണ് കൂടുതല്‍.

ബിനോയ്//HariNav said...

നല്ല പോസ്റ്റ് മാഷേ. ആശംസകള്‍ :)

abith francis said...

സിജിഷേട്ടാ..ഞാനും വരുന്നു മാളക്ക്....

Echmukutty said...

നല്ല വാരാന്ത്യം.