Monday, July 26, 2010

കുടജാദ്രി യാത്ര

യാത്രികരെ സംബന്ധിച്ചിടത്തോളം, പ്രയാണങ്ങള്‍ ഒന്നും , എത്താന്‍ ഒരിടം അല്ല. No destination. എന്നതാണ്, ഈ പ്രയാണങ്ങളുടെ ഉള്‍ക്കാമ്പ് . മറിച്ചു പറഞ്ഞാല്‍ ചരിച്ചു കൊണ്ടിരിക്കുക എന്നത് തന്നെ വലിയൊരു അനുഭവം ആയി സ്വീകരിക്കുക. യാത്രകളിലെ അപ്രവചനീയതയുടെ അംശത്തെ നിരാകരിക്കലായി കാണരുത്. ജീവിതത്തിലെന്ന പോലെ, യാത്രകളിലും വെല്ലു വിളികള്‍ ഒരു വലിയ അളവ് വരെ പ്രസാദഭരിതം ആണ്. ആഷാ മേനോന്‍റെ പുസ്തകത്തിലെ ഈ വരികള്‍ വായിച്ചു thrilled ആയിരിക്കുമ്പോഴാണ് ഈ കുടജാദ്രി ട്രിപ്പ്‌. ചോദിച്ചവര്‍ മുഴുവന്‍ പറഞ്ഞു (വിക്കിപീഡിയ വരെപറഞ്ഞു). ഈ സമയം ശരിയല്ല. മഴ ഉള്ളപ്പോള്‍ ആരും കാട് കയറില്ല, very dangerous and almost impossible. . ..

മഴ, കാട് , കടല്‍, ആകാശം, എന്‍റെ ചില ഭ്രാന്തുകള്‍.. അങ്ങനെയുള്ള എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ combination ആയിരുന്നു മഴയില്‍ വഴിയറിയാതെ കാടിന്‍റെ അനിശ്ചിത്വത്തില്‍ അലയുക എന്നത്. അതെ, പോകുന്ന ഞങ്ങള്‍ 5 പേര്‍ക്കും വഴി അറിയില്ല.പക്ഷെ ഞങ്ങള്‍ 5 പേരുടെ ആഗ്രഹവും ആവേശവും ദേവിയുടെ അനുഗ്രഹവും കൂടെ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത നിമിഷങ്ങള്‍ക്ക് ജന്മം നല്‍കി.

തീവണ്ടി പലയിടത്ത് പിടിച്ചിട്ടത് കൊണ്ട് പതിനൊന്നു മണിക്ക് ആണ് കൊല്ലൂര്‍ എത്താന്‍ കഴിഞ്ഞത്. കുളിയും ഭക്ഷണവും കഴിഞ്ഞു വന്നപ്പോഴേക്കും പന്ത്രണ്ടു മണിക്കുള്ള ബസ്‌ പോയിരുന്നു.നിയോഗം പോലെ എത്തിയ ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറികുടജാദ്രിയിലേക്ക് നടക്കാനുള്ള വഴിയില്‍ ഞങ്ങള്‍ ഇറങ്ങുമ്പോള്‍, ഞങ്ങളെ കാത്തു കൊണ്ട് ഒരാള്‍ അവിടെ കാത്തു നിന്നിരുന്നു..ഒരു നായ..അതിനെ മൈന്‍ഡ് ചെയ്യാതെ കുടജാദ്രി 10 Km എന്ന് എഴുതിയ ബോര്‍ഡ്‌ കണ്ടു. എത്ര ഓടിച്ചിട്ട്‌ വിട്ടിട്ടും നായ ഞങ്ങളുടെ മുന്നില്‍ നിന്നും മാറുന്നില്ല.ആ കൊടും കാനനത്തില്‍ ഞങ്ങള്‍ 5 പേര്‍ മാത്രം. അട്ട കടി ആദ്യം കാര്യമായി വിഷമിപ്പിച്ചു എങ്കിലും, പിന്നേ മൈന്‍ഡ് ചെയ്തില്ല.. നോക്കിയിട്ട് കാര്യമില്ല.:( ആദ്യമായി കയറുന്ന ആ കാടിനുള്ളില്‍ പലപ്പോഴും വഴികള്‍ പിളര്‍ന്നപ്പോള്‍ , വഴി കാട്ടിയെ പോലെ ഞങ്ങളുടെ മുന്‍പില്‍ നടന്ന നായയെ പിന്തുടര്‍ന്ന്. ഓരോ കൊടും കാട് കഴിയുമ്പോഴും പച്ചപ്പിന്റെ പരവതാനികള്‍ വിതച്ച കോട മഞ്ഞു പൊതിഞ്ഞ നിരപ്പായ സ്ഥലങ്ങള്‍.കാടിന്റെ മാസ്മരിക സൌന്ദര്യത്തില്‍ മതി മറന്നുള്ള നിമിഷങ്ങള്‍. വാക്കുകള്‍ മതിയാവില്ല അത് വിശദീകരിക്കാന്‍. ഒടുവില്‍ ചന്ദ്രനില്‍ പോലും ഒരു മലയാളിയുടെ ചായകട ഉണ്ടാവും എന്ന് പറഞ്ഞ പോലെ പകുതി ആയപ്പോള്‍ "ഹോട്ടല്‍ സന്തോഷ്‌ " മലയാളിയുടെ ചായകട. നമ്മുടെ നായയെ അവിടെയുള്ളവര്‍ ഓടിപ്പിച്ചു. അവന്നു വേണ്ടി ഞങ്ങള്‍ പാര്‍സല്‍ മേടിച്ചു. ഇനി കാണുമ്പോള്‍ അവനു കൊടുക്കാന്‍. അവിടെ നിന്നും ഇഡലിയും ചായയും കുടിച്ചു മുകളിലേക്ക് കയറുമ്പോള്‍ നമ്മുടെ നായ ഇറങ്ങി വരുന്നുണ്ടായിരുന്നു. അവന്നു ഞങ്ങള്‍ കരുതിയിരുന്ന പാര്‍സല്‍ കൊടുത്തു.

ഇത്ര ദൂരം താണ്ടിയതിനെക്കാളും ദുഷ്കരമാണ് ഇനിയുള്ള യാത്ര എന്ന് ഞങ്ങള്‍ അറിഞ്ഞത് അനുഭവത്തിലൂടെ മാത്രം ആയിരുന്നു. പുറകെ വരുന്ന സുഹൃത്തുക്കളെ പോലും കോട മഞ്ഞില്‍ കാണാതെ ഞാനും സൂരജും മുന്‍പില്‍ നടന്നു. രാജീവും, ശിവദാസനും, പ്രവീണും പുറകില്‍. ഭയത്തെക്കാള്‍ ഏറെ എനിക്ക് കാടിനോടും, പ്രകൃതിയോടും ബഹുമാനം ആയിരുന്നു. എനിക്ക് മുന്‍പേ ഈ വഴി താണ്ടിയ പൂര്‍വികരോടുള്ള നന്ദിയും, സ്വാമി വിവേകാനന്ദന്‍ നെയും, ബുദ്ധനെയും, ആദിശങ്കരനെയും പോലെയുള്ള അനേകം മഹത്തായ സന്ന്യാസിമാരുടെ പാദമുദ്രകള്‍ പതിഞ്ഞ ഈ പുണ്യ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനവും എന്റെ മനസ്സില്‍ തുളുമ്പി നിന്നു. പിന്നേ എന്നെ നയിക്കുന്ന അദൃശ്യ ശക്തിയില്‍ പരിപൂര്‍ണമായും അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ കുത്തനെ ഉള്ള പുല്‍മേടുകളും, ചെങ്കുത്തായ പാറ പടവുകളും കയറാനുള്ള ഊര്‍ജം എന്നില്‍ നിറഞ്ഞു കൊണ്ടിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയും, കണ്ണുകള്‍ക്ക്‌ മുന്നില്‍ നിറയുന്ന കോട മഞ്ഞും ആസ്വദിച്ചു കൊണ്ട് ഒടുവില്‍ ഞങ്ങള്‍ മുകളിലെത്തി. അവിടെ ഭട്ടിന്റെ വീട്ടില്‍ ബാഗുകള്‍ വെയ്ച്ചു ഭക്ഷണം കഴിച്ചു.

ഞങ്ങള്‍ ചിത്രമൂല ലക്‌ഷ്യം മനസിലുറപ്പിച്ചു, നാഗ തീര്‍ത്ഥം വണങ്ങി മുകളിലേക്ക് കയറി. അപ്പോള്‍ ആണ് ശിവദാസന്‍ പറഞ്ഞത് "പോത്ത്". അതെ ഒറ്റയാന്‍ കാട്ടുപോത്ത് വളരെ അപകടകാരിയാണ്.ഞങ്ങളുടെ തൊട്ട്‌ മുന്‍പില്‍. ജല്ലികെട്ടു കാളയെക്കാള്‍ വലിപ്പം. കൊമ്പുകള്‍ ഷാര്‍പ്. കാലുകള്‍ കൊണ്ട് ഒരടി കിട്ടിയാല്‍ തീര്‍ന്നു.HUNK Ad ഇല് കാണുന്ന പോലെ കാലുകള്‍ കൊണ്ട് നിലത്തു പൊടി തെറിപ്പിച്ചു അവന്‍ ഞങ്ങളുടെ നേരേ നോക്കി.. മരണത്തെ നേരില്‍ കാണുന്ന നിമിഷങ്ങള്‍. പക്ഷെ, കുറച്ചു നേരതിന്നു ശേഷം അവന്‍ തിരിച്ച ഓടിപോയി. പരസ്പരം കാണാന്‍ പോലുമാവാത്ത ആ കോട മഞ്ഞില്‍ ഇനിയും മുന്നോട്ടു അപകടമാണെന്ന നിഗമനത്തില്‍ ഞങ്ങള്‍ തിരിച്ചിറങ്ങി. തിരിച്ചു വരുമ്പോള്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. മഴവെള്ളത്തില്‍ കുത്തി ഒലിച്ച വഴികള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും ദുഷ്കരമായി. ഞങ്ങള്‍ വീണ്ടും സന്തോഷ്‌ ഹോട്ടലില്‍ എത്തുമ്പോള്‍ ഇരുട്ടു കാടിനെ ഒരു വിധം പൊതിഞ്ഞു തുടങ്ങിയിരുന്നു. ഹോട്ടലിലെ തങ്കപ്പേട്ടന്‍ ഞങ്ങള്‍ക്ക് ഒരു ജീപ്പ് ഏര്‍പ്പാടാക്കി തന്നു. ആ ജീപ്പ് ഡ്രൈവര്‍ വരുന്നത് വരെ തങ്കപ്പേട്ടന്റെ ഹോട്ടല്‍ സന്തോഷില്‍ ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം ആണ് പറഞ്ഞത് , ഇവിടെ ആന ഒഴികെ എല്ലാ മൃഗങ്ങളും ഉണ്ടെന്നു (പുലി അടക്കം). ഒടുവില്‍ ഡ്രൈവര്‍ ജീപ്പുമായി വന്നപ്പോള്‍ പറഞ്ഞു വഴിയില്‍ പുലിയെ കണ്ടു എന്ന്. ഹോ എല്ലാരും ജീപ്പ് വിളിച്ച ഐഡിയക്ക് സ്തുതി പറഞ്ഞു ജീപ്പില്‍ കൊല്ലൂരിലേക്ക്.
ലോഡ്ജിലെ ഉറക്കം സുഖമായിരുന്നു . കാലത്ത് സൌപര്‍ണികയില്‍ മുങ്ങി നിവര്‍ന്നു ദേവിയുടെ തിരുനടയില്‍ നില്‍ക്കുമ്പോള്‍ എന്നത്തേയും പോലെ എനിക്ക് പറയാന്‍ ഒന്നുമില്ല......
നിറമിഴികളോടെ നന്ദി മാത്രം. ആ യാത്ര പകര്‍ന്നു തന്ന അനുഭൂതികള്‍ക്കും, അനുഭവങ്ങള്‍ക്കും, എന്റെ ദുഖങ്ങള്‍ക്കും, സന്തോഷങ്ങള്‍ക്കും.

മുന്‍പും ഞാന്‍ കുടജാദ്രിയില്‍ പോയിട്ടുണ്ട് , ഇപ്രാവശ്യം ഞങ്ങള്‍ ചിത്രമൂലയിലും മറ്റും എത്താന്‍ കഴിഞ്ഞില്ല എങ്കിലും. ഞങ്ങളുടെ കോരിച്ചൊരിയുന്ന മഴയില്‍ വഴിയറിയാതെ കാട്ടിലൂടെയുള്ള യാത്ര നല്‍കിയ അനുഭവം എന്നത്തേക്കാളും മഹത്തരമായിരുന്നു. ഓരോ യാത്രകളും ഓരോ അവസരങ്ങളാണ്. അറിയാനും അനുഭവിക്കാനും ഉള്ള അവസരങ്ങള്‍. അതിന്റെ ആകസ്മികതകളെ ഉള്‍കൊള്ളാന്‍ തയ്യാറായാല്‍ കൂടി മാത്രമേ അതിന്റെ മാസ്മരികത നമ്മള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയൂ.


പ്രവീണിന്റെ മനോഹരമായ യാത്രാ വിവരണം ഇവിടെ...

Saturday, July 10, 2010

ബന്ധനം

ദുഖത്തിന്റെ കിളികള്‍
ഹൃദയത്തില്‍ കൂട് കൂട്ടി.
താരാട്ട് പാടിയതിനു-
തിരിച്ചു കൊടുത്തത് തന്നിഷ്ടം.
പറയാതെ പോയ ക്ഷമാപണങ്ങള്‍.
വ്രണങ്ങളില്‍ വീണ്ടും
ശാപങ്ങളുടെ ചാട്ടവാര്‍ കൊണ്ടടിക്കുമ്പോള്‍
ഒന്ന് പിടയാന്‍ പോലുമാവാതെ
വിധി എന്നെ വരിഞ്ഞു മുറുക്കുന്നു.
നിശബ്ദത, മുറിഞ്ഞ സ്വപ്നങ്ങളുടെ അമ്പിന്റെ മൂര്‍ച്ച കൂട്ടി.
പെരു വിരല്‍ പണ്ടേ ഗുരു ദക്ഷിണ കൊടുത്തു.
ഒരു നാളും എന്റെയാവില്ല എന്നറിഞ്ഞിട്ടും,
വേട്ടനായ്ക്കള്‍ എന്റെ ചൂണ്ടു വിരല്‍
കടിചെടുക്കുന്നതിന്നു മുന്‍പേ,
വൃത്തമില്ലാത്ത ഈ വരികള്‍ കുറിക്കട്ടെ.
സഹോദരാ.. നിന്റെ ദുഖമാണെന്റെ ബന്ധനം.
കൈവഴികള്‍ അറിയാതെ,
ജീവിതമെന്ന പുഴയില്‍ അലിയുമ്പോഴും
നിന്റെ മോചനമെന്‍ അന്ത്യാഭിലാഷം.
സഹോദരാ.. നിന്റെ ദുഖമാണെന്റെ ബന്ധനം.