Tuesday, May 25, 2010

മതവും സംസ്കാരവും - സംവാദം ചിത്രങ്ങള്‍...
വാര്‍ത്ത മുഴുവനായി വായിക്കുവാന്‍ ഇവിടെ ക്ലിക്കൂ

NB:ഇത് വായിച്ചു ആരും ഇങ്ങോട്ട് മെക്കട്ട് കേറാന്‍ വരേണ്ട..
സത്യം അന്വേഷിക്കാനുള്ള ആഗ്രഹങ്ങള്‍ ഉള്ളതിനാലും,
ശരി ആര് പറഞ്ഞാലും സ്വീകരിക്കാനുള്ള മനസ്സും ഉള്ളത് കൊണ്ട് ഇങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നു..

Wednesday, May 19, 2010

ബുദ്ധദര്‍ശനം

ഇന്നലെ പതിവുപോലെ ഓഫീസില്‍ നിന്നും ആറു മണിക്ക് പണി മതിയാക്കി
പഠനത്തിന്നു പോയി.. അതേ 2D പോരാതെ ഇപ്പോള്‍ 3D യിലും ഒരു കയ്യ് നോക്കാമെന്ന് തന്നെ ഉറച്ചാണ്. വീട്, ജോലി, പഠനം എല്ലാം കൂടി കൂട്ട പൊരിച്ചിലാണ്. :) ക്ലാസ്സും കഴിഞ്ഞു ജെട്ടിമേനകയിലെ ബസ്‌ സ്റ്റോപ്പില്‍ നിന്നും ഒരു ബസില്‍ ചാടി കയറി. കേറിയ പാടേ ബസില്‍ ഒരു വിഹഗ വീക്ഷണം. എല്ലാ സീറ്റും ഫുള്‍ ആണ്. സ്ത്രീകളുടെ എല്ലാ സീറ്റുകളും ഒഴിവാണ്. സ്ത്രീകളാരും നില്‍ക്കുന്നുമില്ല. മുന്‍പില്‍ സ്ത്രീ സംവരണ സീറ്റില്‍ കയറി ഇരുന്നു. ആരേലും കേറിയാല്‍ എഴുന്നേറ്റു കൊടുകാലോ.... അങ്ങിനെ പുറത്തേക്കും നോക്കി ഇരിക്കുമ്പോഴാണ് എന്റെ സൈഡില്‍ ഒരാള്‍ വന്നിരുന്നത്. നമ്മള്‍ തീ പിടിച്ച ചിന്തകളില്‍ (ഇന്ന് വീട്ടില്‍ കറി എന്താവും എന്ന്) ആയിരുന്നതിനാല്‍ ആളെ ശ്രദ്ധിച്ചില്ല..അങ്ങിനെ ബസ്‌ ഹൈകോര്‍ട്ട്
തിരിഞ്ഞു.. ഞാന്‍ റീമ കല്ലിങ്കലിനെ ഒന്ന് നോക്കി. റീമ എന്നേ നോക്കി ഒരു ചിരി എന്നും പതിവുള്ളതാണ്. എവിടെയാണെന്ന്മനസിലായില്ലേ... ജോയ് ആലുക്കാസിന്റെ ഫ്ലെക്സ് ബോര്‍ഡ്‌. റോഡിലൂടെ പോകുമ്പോള്‍ ഒരു ബോര്‍ഡും, ഒരു പരസ്യവും നമ്മള്‍ കാണാതെ വിടില്ല... നമ്മുടെ വയറ്റിപിഴപ്പ് ഡിസൈനിങ്ങ്
ആണല്ലോ . അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് റീമയുടെ ചിരി.
അങ്ങിനെ ചിരി കണ്ടു തിരിയുംപോഴാണ് നമ്മളുടെ സഹയാത്രികനെ കണ്ടത്... ഈ മുഖം ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ...
വിനയാന്വിതനായി ഞാന്‍ ചോദിച്ചു "പേരെന്താ?"
അപരന്‍ : "അനീഷ്‌ "
എന്റമ്മോ.. ഒരു വെളിച്ചം... കണ്ണില്‍ തുളച്ചു കയറി..
ബുദ്ധന്‍... ഉപബുദ്ധന്‍ ...
ഞാന്‍ തിരിച്ചു ചോദിച്ചു "ഉപബുദ്ധന്‍?"
ഇപ്പോള്‍ ഞെട്ടിയത് അപരന്‍..
സംശയത്തോടെ "സിജീഷ്?"
അതേ...രണ്ടു ബ്ലോഗ്‌ ജീവികള്‍ തമ്മില്‍ കണ്ടു മുട്ടിയ നിമിഷം..
എന്നെ ഇത് വരെ ആരും തിരിച്ചറിഞ്ഞില്ലെന്നു ബുദ്ധന്‍... (അല്ലെങ്കിലും ബുദ്ധന്‍മാരെ ആരും തിരിച്ചറിയില്ലല്ലോ)
ഓര്‍ക്കുട്ടിലുടെയും ബ്ലോഗ്‌ കമന്റിലൂടെയും മാത്രം പരിചയമുള്ള വാക്കുകളുടെ ഉടമയെ കണ്ടു മുട്ടിയപ്പോള്‍ സന്തോഷമായിരുന്നു...
പിന്നെ കുറച്ചു സമയത്തിന്റെ ഉള്ളില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉത്തരങ്ങള്‍..
അപ്പോഴേക്കും ചില സ്ത്രീ പ്രജകള്‍ കയറി..
അയ്യോ ഇത് ഏതേലും ബ്ലോഗ്ഗര്‍ കണ്ടാല്‍ മതി, നാളെ ബ്ലോഗ്‌ വരും. സ്ത്രീകള്‍ നില്‍ക്കുമ്പോള്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന മാന്യന്മാര്‍ എന്ന തലകെട്ടില്‍.
ഞങ്ങള്‍ എഴുന്നേറ്റു കൊടുത്തു....
കൊച്ചിയില്‍ നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത്ര വലിയ ബ്ലോഗ്ഗര്‍ ഒന്നുമല്ല എന്ന വിനയം നിറഞ്ഞ പ്രതികരണം.
ഞാനും ബ്ലോഗ്ഗര്‍ അല്ല എന്ന് ഞാനും.. പക്ഷെ ബ്ലോഗ്‌ വായിക്കുന്ന, നിരീക്ഷിക്കുന്ന, കമെന്റ്സിടുന്ന ആളുകള്‍ എന്ന നിലയില്‍ പങ്കെടുക്കാം , അത് പോലെ ചിത്രകാരന്‍
, നിസ്സഹായന്‍, ശ്യാമം, (ഇനിയും വലിയ ആളുകളുടെ ഒരു നീണ്ട നിര തന്നേ ഉണ്ട് ) പോലുള്ള വലിയ വലിയ ബ്ലോഗ്‌ രാജ വെമ്പാലകളേ കാണാനുള്ള അവസരം പാഴക്കണ്ടല്ലോ എന്നും പറഞ്ഞപ്പോള്‍ ആള് പങ്കെടുക്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു.
പക്ഷെ, ട്രെയിനില്‍ പോകേണ്ടത് കൊണ്ട് ഉപബുദ്ധന്‍ നോര്‍ത്തില്‍ ഇറങ്ങി.
ഒരിക്കലും നേരിട്ട് കാണാതെ വ്യത്യസ്തങ്ങളും സമാനങ്ങളുമായ ആശയങ്ങള്‍ പങ്കുവെച്ച് കൊണ്ടുള്ള ഈ സംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു
(കറി യുടെ കാര്യം മറന്നു) പിന്നേ എന്റെ ചിന്തകള്‍.ഓരോ മനുഷ്യനെയും അടുപ്പിക്കുന്ന ഒരു അദൃശ്യമായ ഒരു കണ്ണി..
ഒരേ മാലയില്‍ വ്യത്യസ്ത നിറത്തില്‍ കോര്‍ത്ത മുത്തുകള്‍ പോലെ...
ആശയങ്ങളുമായി പോരാടുംപോഴും സൌഹൃദത്തിന്റെ നനുത്ത സ്പര്‍ശങ്ങള്‍ സൂക്ഷിക്കുന്ന ഒരു കൂട്ടം ആളുകള്‍. അവരുമായി പരിചയപ്പെടാനുള്ള
ഈ അവസരം അമൂല്യമാണ്‌. അത് കൊണ്ട് തന്നേ എന്റെ എല്ലാ സുഹൃത്തുക്കളെയും കൊച്ചിയില്‍ മെയ്‌ 30 നു നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുകയാണ്.

Saturday, May 15, 2010

കുരിശു മരണങ്ങള്‍


വഴി പിഴച്ചവന്‍
പുഴയുടെ നടുവില്‍ വച്ച്
തുഴ വലിച്ചെറിഞ്ഞു .
മൌനത്തിന്റെ ചിപ്പികള്‍
അന്വേഷിച്ചു മുങ്ങാംകുഴിയിട്ടു.
അനുഭവങ്ങള്‍ കുത്തി വരച്ച
മുറിവുകള്‍ മീനുകള്‍
കൊത്തി വലിച്ചു.
ഒരു ചിപ്പിയിലും മൌനത്തെ കണ്ടതേയില്ല,
എല്ലാ ചിപ്പിയിലും ഓരോ അക്ഷരങ്ങള്‍.
തീ പാറുന്ന വാക്കുകളെല്ലാം
നനയാതെ ശ്വാസ കോശങ്ങളില്‍
അടക്കി പിടിച്ചു.
തിര ബാക്കി വെച്ച ശരീരം
തീരങ്ങള്‍ തേടി അലഞ്ഞു.
ഒരു വേലിയേറ്റത്തില്‍,
ഈ കാടിന്റെ തീരത്തടിയുംപോഴും
വാക്കുകളുടെ ഞരമ്പുകളില്‍ വിപ്ലവം അലമുറയിടുന്നു.
കരിയിലകള്‍ക്കിടയില്‍ നിന്നും
കരിമൂര്‍ഖന്‍ വരുന്നത് വരെ
നനയാത്ത ഈ വാക്കുകള്‍
കൊണ്ടെന്റെ കുരിശു മരണങ്ങള്‍.

Friday, May 7, 2010

ഒരു തിരിഞ്ഞുനോട്ടം


ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികം
ഒരു വര്‍ഷം കടന്നു പോയതറിഞ്ഞില്ല......
പലതും പറഞ്ഞും....
പട വെട്ടിയും....
പരസ്പരം സ്നേഹിച്ചും......
കൊഴിഞ്ഞു പോയ ഒരു വര്‍ഷം.


ഒരുപാട് വ്യത്യസ്തതകള്‍...
ഒരു മൊട്ടു സൂചിയെടുത്താല്‍ അത് എടുത്തവിടെ തന്നെ വയ്ക്കുന്നവള്‍.....
The Perfectionist
പത്രം വായിച്ചാല്‍ അത് അവിടെ തന്നെ ഇട്ടു പോകുന്നവന്‍....
The Lazy guy in the world
വര്‍ഷങ്ങളോളം വിവാഹത്തെക്കുറിച്ച് ആലോചിക്കാത്തവന്‍....
സ്നേഹം ഒരു സാഗരം പോലെ കൊണ്ടു നടന്നവള്‍....
അങ്ങിനെ അങ്ങിനെ.......
പക്ഷേ അവരെ ഒരുമിപ്പിക്കുന്ന ചിലത്....
പുസ്തകങ്ങള്‍, സാഹിത്യം, സംഗീതം,സിനിമ, പെയിന്റിംഗ്,ഉറക്കം...
എല്ലാത്തിനും ഉപരി സ്നേഹവും വിശ്വാസവും.
സൌഹൃദങ്ങളുടെ വസന്ത കാലത്ത്, അവള്‍ അവനോടു ചോദിച്ചു
" എന്നാണു നമ്മുടെ വിവാഹം?"
കുരുത്തംകെട്ടവനായ അവന്‍ ഒരു കാച്ചങ്ങു കാച്ചി.
"2009 may 7 Thursday"

വളരെ കുറഞ്ഞ സമയത്തിന്നുള്ളില്‍ എല്ലാം ഒരുക്കി.
കല്യാണം എന്ന ആര്‍ഭാടത്തില്‍ വിശ്വാസമില്ലാത്തത്‌ കൊണ്ട്,ക്ഷണക്കത്ത് പോലും വ്യത്യസ്തവും ലളിതവും ആയിരുന്നു. കല്യാണഷോപ്പിങ്ങിനായി ചിലവഴിച്ചത് ആകെ ഒന്നര മണിക്കൂര്‍.
അങ്ങനെ കഴിഞ്ഞ വര്‍ഷം മേയ് 7 നു വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.

നമ്മുടെ രാഷ്ട്രീയക്കാരുടെ അനുഗ്രഹത്താല്‍,കേരളജനത അന്ന്ഹര്‍ത്താല്‍ആചരിച്ചു,കല്യാണത്തിന് പിന്തുണ പ്രഖ്യാപിച്ചു
ഹണിമൂണ്‍ ഇല്ലേ ? എന്ന് ചോദിച്ചവരോട് , ഞങ്ങള്‍ മൂകാംബികയില്‍ പോയി എന്ന് പറഞ്ഞു. വിരുന്നുസല്കാരങ്ങള്‍ക്ക് സലാം പറഞ്ഞു കൊണ്ട് ഒരാഴ്ചത്തെ അവധിക്കു ശേഷം ജോലിത്തിരക്കിലേക്ക് ഊളിയിട്ടു

ഇപ്പോള്‍ ഇതാ ഒരു വര്‍ഷം പൂര്‍ത്തിയാക്കി.

പിന്നെ എന്താ....ഒന്നുമില്ല...
ശേഷം അടുത്ത വര്‍ഷം.........