Monday, May 14, 2012

എനിക്ക് പേടിയാണ് ...

നിലാവില്‍, അകലെ കാണുന്ന
ചേമ്പിന്റെ പച്ചയിലകള്‍ കണ്ട്,
"ചേമ്പും കണ്ണി"
എന്ന സാങ്കല്പിക പിശാചിനെ പേടിച്ചത്
മാമുണ്ണാത്ത ദിവസങ്ങളില്‍...
തണ്ടും മുണ്ടും തണ്ടും മുണ്ടും
എന്ന് കൊട്ടി തിറേം പൂതനും വരുമ്പോ
വാതിലിനു പുറകില്‍ ആയിരുന്നു.
കൈകോട്ടു കളയ്ക്ക്  പോയിരുന്ന സുബ്രേട്ടന് 
പിള്ളേരെ പിടുത്തക്കാരന്റെ മുഖമായിരുന്നു.
നായാടി ബാലനും ഭാര്യയും
തണ്ടാനേ, എന്ന് വിളിച്ചു മുറ്റത്ത്‌ വരുമ്പോഴേക്കും
അവരുടെ ഭാണ്ഡത്തില്‍ ഉറങ്ങുന്ന കുട്ടിയെ
തട്ടി കൊണ്ട് വരുന്നതാണ് എന്ന് കരുതി
അച്ചാച്ചന്റെ മുണ്ടിന്‍  തുമ്പില്‍ തൂങ്ങിയിരുന്നു.
പാതിരാത്രി, അമ്പല പറമ്പിലെ
നാടക - ഗാനമേളാദികള്‍ കഴിഞ്ഞ് വരുമ്പോള്‍ 
മണ്ണാന്റെ പറമ്പിലെ
വളവിലെ പറങ്കി മാവില്‍ താമസിക്കുന്ന
ഹനുമാന്‍ കാണാതിരിക്കാന്‍
കണ്ണടച്ച് എത്ര ഓട്ടങ്ങള്‍.
മൂക്കില്‍ പാലപൂവിന്റെ മണം
എപ്പോഴും സംശയാസ്പദമായി
സര്‍ക്കീട്ട് നടത്തി കൊണ്ടിരുന്നു.
വയലുകള്‍ക്കപ്പുറത്തെ
തെങ്ങിന്‍ തോപ്പില്‍  
ആത്മഹത്യ ചെയ്ത പെണ്ണ്
പുറകില്‍ വരുന്ന ചിലമ്പൊലികള്‍  കാതോര്‍ത്തു
തിരിഞ്ഞു നോക്കി നടന്നിരുന്നത്.
പാമ്പനാളം കാണാന്‍ പോകുമ്പോള്‍
മുടിയഴിച്ച് തുള്ളുന്ന പെണ്ണുങ്ങളുടെ മുലകള്‍
നോക്കാതിരിക്കാന്‍ മനപൂര്‍വം ശ്രമിക്കുന്നത്. 

പോകെ... പോകെ...
വിശപ്പിന്റെ വളര്ച്ചകളില്‍ "ചേമ്പും കണ്ണി" യെ വേരോടെ പറിച്ചെറിഞ്ഞു.
തണ്ടും മുണ്ടും കേള്‍ക്കുമ്പോള്‍,
തലയില്‍ ലഹരി പറത്തി കൈ ഉയര്‍ത്തി താളമിട്ടു.
തലയില്‍ മുണ്ടിട്ട്, ഹനുമാനെ പോലെ മാവില്‍ നിന്നും ചാടി കൂട്ടുകാരെ പേടിപ്പിച്ചു.
തുള്ളിയവളുടെ മുലകളുടെ സൌന്ദര്യം കണ്ണില്‍ നിറഞ്ഞപ്പോള്‍,
പാലപൂവിന്റെ മണമുള്ളവളെ സ്വപ്നത്തില്‍ ചേര്‍ത്ത് പിടിച്ചു.
പിന്തുടര്‍ന്ന ചിലമ്പൊലികള്‍ കേള്‍ക്കാതെയായി. 

പക്ഷെ,
അന്നും ഇന്നും, 
അക്ഷരങ്ങള്‍ ഉരുണ്ടു കൂടാതിരിക്കുമ്പോള്‍,
വാക്കുകള്‍ പെയ്യാതിരിക്കുമ്പോള്‍ എനിക്ക് പേടിയാണ് ...
ഞാന്‍ ഞാനല്ലാതാകുമോ എന്ന പേടി...
വരണ്ടു വരണ്ട്... മരിച്ചു പോകുമോ എന്ന പേടി...

6 comments:

Najeemudeen K.P said...

അസ്സലായിട്ടുണ്ട്. കുറച്ചു നിമിഷത്തേക്ക് ഞാന്‍ എന്റെ കുട്ടിക്കാലത്തിലേക്ക് തെറിച്ചു വീണത്‌ പോലെയുണ്ട്. ഇനിയും എഴുതുക. ആശംസകള്‍....

Unknown said...

ഞാനെന്താ പറയുക സിജീഷ്‌... എപ്പോഴത്തെയും പോലെ ഒരുപാട് ചിന്തകള്‍ കൊണ്ട് വന്ന കവിത, ചില ഓര്‍മ്മകളും...
പിന്നെ എനിക്കും ഭയമാണ്- അക്ഷരങ്ങള്‍ വഴങ്ങാതെ വരുമ്പോള്‍-വാക്കുകള്‍ തൂലികയില്‍ നിന്ന് വഴുതി രക്ഷപെടുമ്പോള്‍-വരണ്ടു വരണ്ടു മരിച്ചു പോകുമോ എന്ന്... ഈയിടെയായി ആ ഭയം അല്‍പ്പം കൂടുതലുമാണ്...

ajith said...

വളരെ വളരെ മനോഹരമായിട്ടുണ്ട് കേട്ടോ

Satheesan OP said...

പക്ഷെ,
അന്നും ഇന്നും,
അക്ഷരങ്ങള്‍ ഉരുണ്ടു കൂടാതിരിക്കുമ്പോള്‍,
വാക്കുകള്‍ പെയ്യാതിരിക്കുമ്പോള്‍ എനിക്ക് പേടിയാണ് ...
ഞാന്‍ ഞാനല്ലാതാകുമോ എന്ന പേടി...
വരണ്ടു വരണ്ട്... മരിച്ചു പോകുമോ എന്ന പേടി..

മനോഹരം ..

Jayanth.S said...

Nice one..

Unknown said...

എനിക്ക് പേടിയാണ് ..."