Tuesday, October 19, 2010

ശ്രാവണ ബെലഗോള

ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാ...
നാടിന്‍റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും ..
ചാവാണ്ടിരിക്കാനെങ്കിലും പാടെടി തെയ്യീ..
പാടീട്ടു ചാവാനെങ്ങിലും പാടെടി തെയ്യീ...

വിപ്ലവം തുളുമ്പുന്ന നാടന്‍ പാട്ടുകളും മലയാള കവിതകളും നിറഞ്ഞു നിന്ന യാത്ര ആരംഭിക്കുന്നത് കാലത്ത് 11 മണിക്ക്. കാലത്ത് എട്ടു മണിക്ക് മുന്‍പേ ബാങ്കലൂരിലെ ബി ടി എമ്മില്‍ സുഹൃത്തുകളുടെ റൂമില്‍ എത്തിയെങ്കിലും അവന്മാര്‍ എഴുന്നേറ്റിട്ടില്ല. കാലത്ത് എട്ടു മണിക്ക് ശ്രാവണ ബെലഗോള പോകാം എന്ന് പറഞ്ഞതാ.അവന്‍ മാരുടെ പള്ളി ഉറക്കം കഴിഞ്ഞിട്ടില്ല. കുളിച്ചൊരുങ്ങി എല്ലാരും കൂടെ ( ഷൈന്‍, സനോജ്, ഷിജില്‍, ഷിനു,ഷാരോണ്‍, റോബി,വീണ) . പുറത്തു വരുമ്പോള്‍ പത്തു മണി കഴിഞ്ഞു. വണ്ടി വരുമ്പോള്‍ പതിനൊന്നു മണി. തുടക്കത്തില്‍ പിങ്കു(ഷാരോണ്‍) മാത്രം ആയിരുന്നു പാടിയത് . എന്നാലോ വഴിയരികിലെ ധാബയില്‍ കയറി ഭക്ഷണവും, ബാറിലെ വെള്ളവും സോറി ബാര്‍ലി വെള്ളവും കേറിയപ്പോള്‍ എല്ലാരും ഗായകരായി. കാട്ടാകടയും, കുരീപുഴ ശ്രീകുമാറും , മധുസൂധനന്‍ നായരും ഞങ്ങളുടെ ശബ്ദത്തിലൂടെ ലഹരിയായി ഉയര്‍ന്നു.
യാത്ര, ശ്രാവണ ബെലഗോളയിലേക്ക്. ജൈനന്മാരുടെ ഒരു പ്രധാന തീര്‍ഥാടന കേന്ദ്രം ആണ്. ബാങ്കലൂരില്‍ നിന്നും 158 കി. മി ദൂരം ഉണ്ട് അവിടേക്ക്. കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയില്‍ ആണ് സ്ഥലം. ബെല എന്നാല്‍ കന്നടയില്‍ "വെള്ള നിറം "കൊള എന്നാല്‍ "കുളം" എന്നാണ് അര്‍ഥം. അങ്ങിനെയാണ് ആ പേര് വന്നതെന്ന് പറയപ്പെടുന്നു.അവിടെയാണ് അറുപതോളം അടി ഉയരമുള്ള ബാഹുബലിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്.

നല്ല കിടിലന്‍ റോഡ്‌ ആണ് അവിടുത്തേക്ക്‌. അത് കൊണ്ട് തന്നെ ഒരു പാട് അപകടങ്ങളും കാണാന്‍ കഴിഞ്ഞു. അതിലൊന്ന് ഞങ്ങള്‍ അടുത്തു കണ്ടു. ഞങ്ങള്‍ വരുന്നതിനു തൊട്ടു മുന്‍പാണ് അത് നടന്നത്. ആളുകള്‍ വണ്ടി പൊക്കുന്നെ ഉണ്ടായിരുന്നുള്ളൂ. അതിന്നുള്ളില്‍ രണ്ടു ജഡങ്ങള്‍. തൊട്ടു മുന്‍പേ ജീവിതത്തെ കുറിച്ച് സ്വപ്നങ്ങളും വര്‍ണങ്ങളും നെയ്തു കൂട്ടിയവര്‍. ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്ന ജീവിതം എന്ന കുമിള. രണ്ടു കൊടും കാറ്റിന്നു നടുവിലെ ഇടവേളയാണ് ജീവിതം എന്ന വരികള്‍ പാടി മുഴുമിക്കുന്നതിനു മുന്‍പേ അതിന്റെ അര്‍ഥം ഞങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു. വണ്ടിക്കുള്ളില്‍ ഒരു മൂകത. ആ മൂകത തീര്‍ക്കാന്‍ കവിതയും ലഹരിയും വേണമായിരുന്നു. ഞാന്‍ കണ്ണടച്ചിരുന്നു, കയ്യിലുണ്ടായിരുന്ന അഗസ്ത്യ ഹൃദയം ഹൃദയത്തില്‍ തട്ടി പാടുമ്പോള്‍ കൂടെ പാടാന്‍ ഷൈന്‍ . ആ മൂകതക്ക് കനം കൂട്ടാന്‍ നല്ല മഴ. മെല്ലെ മെല്ലെ മഴ ഞങ്ങളെ ആഘാതത്തില്‍ നിന്നും പുറത്തേക്കു കൊണ്ട് വന്നു.വീണ്ടും കവിതകള്‍. പള്ളിയില്‍ പോകാത്തവന്‍ മാരുടെ കുര്‍ബാന പാട്ടുകള്‍. രണ്ടു വശത്തും തെങ്ങുകള്‍ നിറഞ്ഞു നില്‍ക്കുന്ന റോഡുകള്‍. കേരളത്തിലെ ഒരു നാടന്‍ പാതയിലൂടെ പോകുന്ന പോലെ. കള്ള് ഷാപ് ഉണ്ടാവുമോ എന്തോ ? ചിലരുടെ ആത്മഗതം.

ഒടുവില്‍ ഞങ്ങള്‍ അവിടെയെത്തി. പ്രകൃതി രമണീയമായ സ്ഥലം. തനി നാടന്‍ ഗ്രാമം. ബാഹുബലി പ്രതിമയുടെ മുകള്‍ ഭാഗം അകലെ നിന്നെ കാണാം. ഞങ്ങള്‍ എത്തിയതും മഴ പെയ്തതും ഒരുമിച്ചായിരുന്നു. മലക്ക് മുകളിലൂടെ അകലെ നിന്നും പെയ്തു വരുന്ന മഴ . അതൊരു വിസ്മയകരമായ ദ്രശ്യാനുഭവം ആയിരുന്നു. AD പത്താം നൂറ്റാണ്ടില്‍ ,ഗംഗ രാജാവിന്റെ മന്ത്രി ചാമുണ്ടാരായയുടെ യുടെ മേല്‍ നോട്ടത്തില്‍ പണി കഴിപ്പിച്ചതാണീ ഭീമകായ പ്രതിമ. ജൈന വിശ്വാസം പോലെ തന്നെ ഇതൊരു നഗ്ന പ്രതിമയാണ്. 12 വര്‍ഷം കൂടുമ്പോള്‍ ഇവിടെ മഹാമസ്തകാഭിഷേകം നടക്കുന്നു. ആയിര കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ ആഘോഷം വളരെ പ്രശസ്തമാണ്. ഏതാണ്ട് 614 പടവുകള്‍ കയറി വേണം മുകളില്‍ എത്താന്‍ .ഞങ്ങള്‍ കയറി തുടങ്ങിയപ്പോള്‍ തന്നെ മഴ വീണ്ടും. നനഞ്ഞു കുതിര്‍ന്നു (ഞങ്ങളെ ശുദ്ധികരിച്ചതാണോ? ) പകുതി ആയപ്പോഴേക്കും മഴ നിന്നു വീണ്ടും പ്രകാശം. രണ്ടു മലകള്‍ക്ക് നടുവിലെ കുളം മുകളില്‍ നിന്നും കാണേണ്ട കാഴ്ച തന്നെയാണ്.

ആ മഹാ പ്രതിമക്കു മുന്‍പില്‍ നമ്രശിരസ്ക്കരായി കുറച്ചു നേരം. പിന്നെ ഫോട്ടോ എടുക്കന്നതിന്റെ തിക്കും തിരക്കും. എല്ലാരും കല കൊണ്ട് ജീവിക്കുന്നവരായതിനാല്‍ എല്ലാര്‍ക്കും വ്യത്യസ്ത ഫ്രെയിം .സര്‍ഗാത്മകമായ കാഴ്ചകള്‍. എന്റെ ചെറിയ ക്യാമറ CANON Powershot ഇല് പതിഞ്ഞ ഈ ചിത്രങ്ങള്‍ ബാക്കി കഥ പറയും..http://www.flickr.com/photos/45426682@N07/

എല്ലാരും ക്ഷീണിതര്‍ ആയിരുന്നു. എങ്ങനാ.. വല്ലപ്പോഴും ഒന്ന് നടക്കണ്ടേ.. :) തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ ആധിച്ചുഞ്ചാനഗിരി മഠം സന്ദര്‍ശിച്ചു. അവിടെയുള്ള കാല ഭൈരവേശ്വരന്റെ അമ്പലവും കണ്ടു തിരിച്ചു ബാങ്കലൂരിലേക്ക് . കൂട്ടിന്നു ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പും, ജെസ്സിയും, രക്തസാക്ഷിയും , പകയും......

കറുത്ത ദൈവത്തെ കൊല്ലണ തമ്പ്രാന്റെ ദൈവം
കുഞ്ഞോലെ കൊല്ലണ്ടിരിക്കോന്നാരത് കണ്ടൂ
കുഞ്ഞോലെ കൊല്ലണ ദൈവത്തെ നമ്മക്കും കൊല്ലാം
കറുത്ത ദൈവത്തിനായൊരു പാട്ടും പാടാം.

ഭ്രാന്തന്റെ സ്വപ്നം പോലെ പാടിയും, കത്തി കയറിയും, താളം പിടിച്ചും കവിതയുടെ വരികള്‍ ഞരമ്പുകളില്‍ വിപ്ലവം പടര്‍ത്തി. നിദ്ര അകന്നു. ആലസ്യത്തിന്റെ നിമിഷങ്ങളില്ലാതെ പത്തു മണിയോടെ ബാങ്കലൂരില്‍ തിരിച്ചെത്തി.

5 comments:

Revelation said...

നന്നായിരിക്കുന്നു
കുറച്ചുടെ വിശദീകരണങ്ങള്‍ ആവാമായിരുന്നു

Jayanth.S said...

ഞാന്‌ പോയിട്ടില്ല അവിടെ...സത്യം പറഞ്ഞാല്‍ കെട്ടിട്ടുപോലുമില്ല...പോകാന്‍ എത്ര സ്ഥലങ്ങളാ ബാക്കി... നന്നായിട്ടുണ്ട്

njaan said...

The article coming through were very materialistic, not so engaged in art/poetry...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

യാത്രകൾ തന്നെ ഒരു ലഹരിയാണു.. കവിതയും നാടൻപാട്ടുമൊക്കെയായാൽ കിക്ക് കൂടും... ചുരുക്കി പറഞ്ഞാൽ തകർത്തല്ലേ....

ഷൈന്‍ കൃഷ്ണ said...

കറുത്ത ദൈവത്തെ കൊല്ലണ തമ്പ്രാന്റെ ദൈവം
കുഞ്ഞോലെ കൊല്ലണ്ടിരിക്കോന്നാരത് കണ്ടൂ
കുഞ്ഞോലെ കൊല്ലണ ദൈവത്തെ നമ്മക്കും കൊല്ലാം
കറുത്ത ദൈവത്തിനായൊരു പാട്ടും പാടാം.


sooooooooooooooper!