Saturday, May 19, 2012

കണ്ണട വെച്ച യുവാക്കളിലൂടെ കലൂര്‍ സ്റ്റേഡിയത്തിലെ നല്ല നടപ്പ്


അപ്പൊ ശരി , നാളെ  കാലത്ത്  5: 30 നു 
അത്രേം നേരത്തെ?
എന്നാല്‍ ശരി , ഒരു 5:45 നു എങ്കില്‍ എഴുന്നെറ്റാലെ ആറിനു അവിടെ എത്തൂ.
ശരി ശരി.
അപ്പൊ പോയാലെ കാര്യമുള്ളടെയ്‌...
ഗുഡ് നൈറ്റ്‌ .

കാലത്ത് ആറു മണി.
ഹോ. എന്തോരം ആളാ അല്ലേടാ ..
ഹ്മം..

ഡീ  കണ്ടോ , ഇന്നലെ അപ്പ്രത്തെ വീട്ടില്‍ രാത്രി ഒരു മണിക്കാ കാര്‍ വന്നത് ..
ഹോ.. എന്നാ പറയാനാ ചേച്ചീ.. ഇന്നലെ അതിയാന്‍ നേരത്തെ വന്നപ്പോ ഞങ്ങള്‍ നേരത്തെ ഉറങ്ങി. 
അതെയോ 
അല്ല, വേറെ എന്തേലും കണ്ടാ...
ദാ, വരണ കണ്ടാ ഒരു ചെക്കന്‍, അവന്റെ പോലെ ഒരുത്തന്‍ അതില്‍ ഉണ്ടായിരുന്നു. 

മോനെ, വരണ കണ്ടെടാ.. 
ഈ മല്ലു ആന്റി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. 
കൊള്ളാലേ... 
അതിന്റെ പുറകില്‍ ഓടി വരുന്ന വെള്ള ടീ ഷര്‍ട്ട്‌  ഇട്ട പെങ്കൊച്ചിനെ കണ്ടാ...

കാലത്ത് എഴുന്നേറ്റ് വരും 
നെഞ്ചതോട്ടു നോക്കുന്നത് കണ്ടാല്‍ എടുത്തു പറിച്ചോണ്ട് പോണ പോലെയാ..
കൊതിക്കട്ടെ, ഒന്ന് 
ചിരിച്ചെന്നു വരുത്തിയേക്കാം 
ഒപ്പമുള്ളവന്‍ കൊള്ളാം.

ഡാ,  പുറകില്‍ വരുന്നത് ലവളുടെ അച്ഛനും സുഹൃത്തുക്കളും ആണോ?
കലിപ്പ് നോട്ടം? 
ഫയല്‍വാന്റെ പോലെയാ നടപ്പ്. 

എന്ത് പറയാനാ, 
രണ്ടാമത്തെ അറ്റാക്ക്‌ കൂടെ വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞതാ 
പിന്നെ, പ്രമേഹോം, ഷുഗറും പോലെ സമ്പാദ്യം വേറേം ഉണ്ട് 
ഇപ്പോഴത്തെ പിള്ളേരൊക്കെ ഭയങ്കര ഫിട്നെസ്സ് കോണ്‍ഷ്യസ് ആണ് .
ആ വരുന്ന കൂട്ടത്തിലെ എന്റെ അയല്‍വാസിക്ക്‌  രണ്ടു കുട്ട്യോളും ഭാര്യേം ഉണ്ട് 
കണ്ടാ പറയൂല അല്ലെ?

ഈ രൂപയുടെ മൂല്യം കുറയുകയാണല്ലോ...
ഒക്കെ റിസെഷന്റെ ഭാഗമല്ലേ...
കേരളത്തില്‍ എന്ത് ഉണ്ട നടക്കാനാ.
എന്നും ഹര്‍ത്താലും തടയലും 
നമ്മള്‍ ഐ ടി യില്‍ ആയതു ഭാഗ്യം
ഈ മുതുക്കന്മാരുടെ പുറകില്‍ 
ഇയര്‍ ഫോണ്‍ തിരുകി 
ഒരുത്തി വരാറുണ്ടല്ലോ എന്നും 
ഹ്മം..വരുന്നുണ്ട്. 
പാപ്പാന്‍‌ എവിടെ പോയോ ആവോ? 

ഒരു ചിരി.
ഒരാള്‍ ഇന്നലെ വന്നത് ഔടി കാറിലായിരുന്നു 
മറ്റെയാള്‍ ഇന്ന് പ്രാഡോ
പുറകില വരുന്ന പുതിയ പിള്ളേരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ...

ഇന്ന് ഒരു റൌണ്ട് മതീടാ...നിര്‍ത്താം
അപ്പൊ, ശരിക്കും നമ്മളെ പോലെ 
ശരിക്കും ആളുകള്‍ ഇവിടെ നടക്കാന്‍ വരുന്നില്ലേ?
അതെ, നമ്മളെ പോലെ ആരോഗ്യ ശ്രദ്ധയുള്ള ആളുകള്‍ ഒരു പാടുണ്ട്. 
നീയാ കണ്ണട ഒന്ന് ഊരി നോക്ക്... അപ്പൊ കാണാം. 
ശര്യാലെ , എല്ലാരും ആരോഗ്യത്തില്‍ എത്ര മാത്രം ശ്രദ്ധിക്കുന്നവര്‍ ...

Monday, May 14, 2012

എനിക്ക് പേടിയാണ് ...

നിലാവില്‍, അകലെ കാണുന്ന
ചേമ്പിന്റെ പച്ചയിലകള്‍ കണ്ട്,
"ചേമ്പും കണ്ണി"
എന്ന സാങ്കല്പിക പിശാചിനെ പേടിച്ചത്
മാമുണ്ണാത്ത ദിവസങ്ങളില്‍...
തണ്ടും മുണ്ടും തണ്ടും മുണ്ടും
എന്ന് കൊട്ടി തിറേം പൂതനും വരുമ്പോ
വാതിലിനു പുറകില്‍ ആയിരുന്നു.
കൈകോട്ടു കളയ്ക്ക്  പോയിരുന്ന സുബ്രേട്ടന് 
പിള്ളേരെ പിടുത്തക്കാരന്റെ മുഖമായിരുന്നു.
നായാടി ബാലനും ഭാര്യയും
തണ്ടാനേ, എന്ന് വിളിച്ചു മുറ്റത്ത്‌ വരുമ്പോഴേക്കും
അവരുടെ ഭാണ്ഡത്തില്‍ ഉറങ്ങുന്ന കുട്ടിയെ
തട്ടി കൊണ്ട് വരുന്നതാണ് എന്ന് കരുതി
അച്ചാച്ചന്റെ മുണ്ടിന്‍  തുമ്പില്‍ തൂങ്ങിയിരുന്നു.
പാതിരാത്രി, അമ്പല പറമ്പിലെ
നാടക - ഗാനമേളാദികള്‍ കഴിഞ്ഞ് വരുമ്പോള്‍ 
മണ്ണാന്റെ പറമ്പിലെ
വളവിലെ പറങ്കി മാവില്‍ താമസിക്കുന്ന
ഹനുമാന്‍ കാണാതിരിക്കാന്‍
കണ്ണടച്ച് എത്ര ഓട്ടങ്ങള്‍.
മൂക്കില്‍ പാലപൂവിന്റെ മണം
എപ്പോഴും സംശയാസ്പദമായി
സര്‍ക്കീട്ട് നടത്തി കൊണ്ടിരുന്നു.
വയലുകള്‍ക്കപ്പുറത്തെ
തെങ്ങിന്‍ തോപ്പില്‍  
ആത്മഹത്യ ചെയ്ത പെണ്ണ്
പുറകില്‍ വരുന്ന ചിലമ്പൊലികള്‍  കാതോര്‍ത്തു
തിരിഞ്ഞു നോക്കി നടന്നിരുന്നത്.
പാമ്പനാളം കാണാന്‍ പോകുമ്പോള്‍
മുടിയഴിച്ച് തുള്ളുന്ന പെണ്ണുങ്ങളുടെ മുലകള്‍
നോക്കാതിരിക്കാന്‍ മനപൂര്‍വം ശ്രമിക്കുന്നത്. 

പോകെ... പോകെ...
വിശപ്പിന്റെ വളര്ച്ചകളില്‍ "ചേമ്പും കണ്ണി" യെ വേരോടെ പറിച്ചെറിഞ്ഞു.
തണ്ടും മുണ്ടും കേള്‍ക്കുമ്പോള്‍,
തലയില്‍ ലഹരി പറത്തി കൈ ഉയര്‍ത്തി താളമിട്ടു.
തലയില്‍ മുണ്ടിട്ട്, ഹനുമാനെ പോലെ മാവില്‍ നിന്നും ചാടി കൂട്ടുകാരെ പേടിപ്പിച്ചു.
തുള്ളിയവളുടെ മുലകളുടെ സൌന്ദര്യം കണ്ണില്‍ നിറഞ്ഞപ്പോള്‍,
പാലപൂവിന്റെ മണമുള്ളവളെ സ്വപ്നത്തില്‍ ചേര്‍ത്ത് പിടിച്ചു.
പിന്തുടര്‍ന്ന ചിലമ്പൊലികള്‍ കേള്‍ക്കാതെയായി. 

പക്ഷെ,
അന്നും ഇന്നും, 
അക്ഷരങ്ങള്‍ ഉരുണ്ടു കൂടാതിരിക്കുമ്പോള്‍,
വാക്കുകള്‍ പെയ്യാതിരിക്കുമ്പോള്‍ എനിക്ക് പേടിയാണ് ...
ഞാന്‍ ഞാനല്ലാതാകുമോ എന്ന പേടി...
വരണ്ടു വരണ്ട്... മരിച്ചു പോകുമോ എന്ന പേടി...