Thursday, May 12, 2011

വെള്ളെഴുത്ത്

വിധിയെന്ന വാക്കിന്റെ
വ്യാഖ്യാനങ്ങളില്‍ മുഴുകിയ കണ്ണുകള്‍ക്ക്
വെള്ളെഴുത്ത് .
കാണാന്‍ ആഗ്രഹിച്ചതെല്ലാം
ഇരുട്ട് തിന്നുന്ന സ്ഥലങ്ങള്‍.
കളം മാറി ചവുട്ടിയ കാലത്തിന്റെ
കറുത്ത കണ്ണടയുള്ള നഗരത്തിന്റെ
ആവര്‍ത്തന വിരസത
നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഒരിക്കലും തോരാത്ത
പ്രണയത്തിന്റെ അമ്ലമഴകളില്‍
ചോര്‍ന്നൊലിക്കുന്ന ചെറിയ കൂരയില്‍
തന്നെയാണ് ഇപ്പോഴും തീനും കുടിയും.

Tuesday, May 3, 2011

ഒറ്റമുലച്ചി

പ്രചോദനം, വിശുദ്ധന്റെ വൈഖരിയല്ല.
കടം കൊണ്ട് പൊളിഞ്ഞ വീടിന്റെ തൂണിന്റെ മറവില്‍,
തെരുവിന്റെ, വിയര്‍പ്പിന്റെ മണമിട്ടു വാറ്റിയത്.
അകലെ മാഞ്ഞ പ്രണയസന്ധ്യയിലെ നിറങ്ങളില്‍.
അടിച്ചിറക്കിയ മാതൃത്വത്തിന്റെ കണ്ണ്നീരില്‍.
അകലുന്ന ചെറിയ തുടയിടുക്കുകളില്‍ -
കന്യാചര്‍മങ്ങള്‍ പൊട്ടിയിടത്താണ്
ഒറ്റമുലച്ചിയുടെ ജന്മങ്ങള്‍.
മാനത്ത് നിന്നും വീണ നക്ഷത്രങ്ങള്‍
ചളി വെള്ളത്തില്‍ നനഞ്ഞു കിടന്ന സമയത്ത്,
കരളില്‍ തിങ്ങുന്ന,
കരിമ്പുകയുടെ നിറമുള്ള ജീവിതം
വാക്കാകുന്ന കാന്‍സര്‍ കൊണ്ട് കാര്‍ന്നു തിന്നുന്ന ഒറ്റമുലച്ചി.