Tuesday, January 10, 2012

വെറും കണ്ണാടികള്‍

വാക്കുകള്‍ ചേര്‍ത്ത് വെച്ചു
കണ്ണാടി ഉണ്ടാക്കുമ്പോള്‍,
പലപ്പോഴും,
ചുവന്ന ഇങ്കുലാബ് പഴങ്ങള്‍ വിടരുന്ന മരങ്ങളുടെ
പശ്ചാത്തലത്തില്‍
കോരനും നീലിയും പ്രതിഫലിക്കാറുണ്ട്.
കടലാസിനും പേനക്കും ഇടയില്‍
"മനുഷ്യന്‍" എന്നലറി,
പൊട്ടാതെ കുതറി മാറി.

ഋതുപകര്ച്ചകളില്‍
ഋജുരേഖീയമായവ
വീഞ്ഞും അപ്പവുമായി
ഓര്‍മകളില്‍ പുനര്‍ജനിചില്ലെങ്കിലും,
അവിടുത്തെ രാജ്യത്തില്‍ കയറ്റിയില്ലെങ്കിലും,
അടിയന്റെ കണ്ണാടികള്‍ക്ക് പേര് വേണ്ട.
ചുവന്ന പഴങ്ങളുടെ പശ്ചാതലത്തില്‍
കോരനും നീലിയും ഞാനും
പ്രതിഫലിക്കുന്ന കണ്ണാടികള്‍.
അവ വെറും കണ്ണാടികള്‍.
ആമേന്‍.


ലേബല്‍: കവിതയുമല്ല. കരിയിലയുമല്ല. പുസ്തകം മേടിക്കാന്‍ പോയപ്പോള്‍, "ദളിത് , പെണ്ണെഴുത്ത്‌ " എന്നെഴുതി ചില പുസ്തകങ്ങളെ വര്‍ഗീകരിച്ചു വില്‍ക്കുന്നത് കണ്ടപ്പോള്‍ തോന്നിയത്. അഭിപ്രായം തികച്ചും വൈയക്തികം.

Tuesday, January 3, 2012

മഴവില്ല്

( പൂമുഖം )
ഉമ്മറത്ത്‌ ഞാന്‍ മലര്‍ന്നു കിടക്കുന്നു
അരികില്‍ രജനീഷിന്റെ പുസ്തകങ്ങള്‍ കമിഴ്ന്നു കിടക്കുന്നു.
മനസ്സിന്റെ തെരുവില്‍ ഉടയാടകളില്ലാതെ സ്ത്രീകളും പുരുഷന്മാരും
ചില വാക്കുകള്‍ ചിന്തകളില്‍ ആടിയുലഞ്ഞ്
ഉദ്ധരിച്ച ലിന്ഗങ്ങള്‍ പോലെ നില്‍ക്കുന്നു.

( നടുമുറ്റം )
മുഖം മൂടിയുള്ള രാത്രികളില്‍ നിന്നും
ഉലഞ്ഞു വീണ വയലറ്റ് നിറമുള്ള സാരിയുടെ മാദകത്വം കലര്‍ന്ന വര.
നിന്റെയൊരു ചുംബനതിലേക്ക്,
പുലരിയിലൊരു പിന്ഗലവര്‍ണശലഭമായ്
പുനര്‍ ജനിക്കേണ്ടിയിരുന്ന വര.
മാംസ ഭാഗങ്ങളുടെ ഓരോ കോണുകളും
മനപാഠമാക്കി, മടങ്ങി വരുന്ന വര.
"ഭൂത (കാല) " കിണറില്‍ നിന്നും
ഇന്‍ഡിഗോ നിറം പേറി പറന്നു പോകുന്ന വര.
ഏകാന്തതയുടെ നീല നിറവും
പ്രതീക്ഷയുടെ പച്ച നിറവും പൂശി
വിരഹത്തിന്റെ താപോന്നതിയില്‍ മായുന്ന മഞ്ഞവരയുടെ വേരുകള്‍.
മാടപ്രാവുകളുടെ ചിറകുകള്‍ അരിഞ്ഞപ്പോള്‍
ഉതിര്‍ന്ന ചോരയില്‍ കുതിരുന്ന
ചേരികളുടെ ചുവന്ന വര.
ശൂന്യതയില്‍ അലിഞ്ഞു ചേരുന്ന
പല വരകള്‍ ഒരു വില്ല് പോലെ
വളഞ്ഞു നില്‍ക്കുമ്പോള്‍
വിരലിലെണ്ണാവുന്ന ചിലര്‍ കൂകിയാര്‍ക്കുന്നു,
മഴവില്ല്.
------------------


ഇനി /ഇത് വായിക്കേണ്ടതില്ല :

(പിന്നാമ്പുറം)
കരിങ്കല്‍ മലകള്ക്കപ്പുറത്തു നിന്നും എത്തി നോക്കുന്നവര്‍ ,
വെളുത്ത വസ്ത്രം പുതച്ചവര്‍,
കണ്ണടച്ച് സ്വയം ഭോഗം ചെയ്യുന്നവര്‍
ഇത് വല്ലതും അറിയുന്നുണ്ടോ?
അവര്‍ ഇപ്പോഴും,
പകലിന്റെ തെരുവുകളില്‍
മഴവില്ലുകള്‍ നോക്കി നടന്നവരെ/നടക്കുന്നവരെ പേടിക്കുന്നു.
അകലെയെവിടെയോ വിശുദ്ധ മണികള്‍ മുഴങ്ങുന്നു.


Label: തല്ലരുത് :)