Thursday, July 25, 2013

ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെയ്ക്കാൻ ചിലത്.

സെമിത്തെരികളിൽ പോകുമ്പോൾ അവിടെയുള്ള വിവിധ വില നിലവാരത്തിലുള്ള കല്ലുകളിൽ കൊത്തി  വെച്ച പേരുകളും തിയ്യതികളും കൌതുകത്തോടെ നോക്കാറുണ്ട്. ജനന തിയ്യതിയുടെയും മരണതിയ്യതിയുടെയും ഇടയിൽ ചിലപ്പോൾ  ഒരു വര കാണാം അല്ലെങ്കിൽ ഇത്തിരി സ്പേസ് .ആലോചിക്കാറുണ്ട് ആ സ്പേസ് ആണ്  അല്ലെങ്കിൽ  ആ നേർത്ത  വരയാണ് ജീവിതം എന്ന്. അത് മാർബിളിൽ കൊത്തിയ ഫലകമായാലും സാധാരണ കല്ലിൽ കൊത്തിയാലും... അരുണ്‍ കുമാർ പൂക്കോം ന്റെ കവിത സമാഹാരത്തിന്റെ പേര് , ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെയ്ക്കാൻ ചിലത്,  വായിച്ചപ്പോൾ ആ സ്പേസ് / വര ഓര്മ വന്നു .

ഈ കവിതകളിൽ  ജീവിതത്തിന്റെ നിരവധി ഘട്ടങ്ങളുണ്ട് ... ഒരു പക്ഷെ കവി കടന്നു പോയ കാലഘട്ടങ്ങൾ / അനുഭവങ്ങൾ ? അറിയില്ല... ഒരു പക്ഷെ അറിയേണ്ടതും ഇല്ല. ഓർത്തു വെയ്ക്കാൻ ചിലത് ഈ കവിതകൾ നല്കുന്നുണ്ട് . ഇനിയും നല്ല കവിതകൾ കവിയിൽ നിന്നും പ്രതീക്ഷിക്കാമെന്നും...

ആരുമറിയാതെ പോകുന്ന തലചുറ്റി തളര്ന്നു പോകുന്ന പമ്പരങ്ങൾ, കുഞ്ഞുന്നാളുകളിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ ചരട് പൊട്ടിയ പട്ടം, പിന്നോക്കം പോയി കണ്ടെടുക്കുന്ന കിട്ടിയ തല്ലുകൾ  പോലുള്ള ഉപമകൾ ബാല്യ കാലത്തെ കുറിച്ചുള്ള / കഴിഞ്ഞു / കൊഴിഞ്ഞു പോയ കാലത്തെ കുറിച്ചുള്ള ഓര്മകളിലേക്ക്  കൂട്ടി കൊണ്ട് പോകുന്നുണ്ട് .

ഇക്കണ്ടൻ പോത്തപ്പൻ , പേടിക്കൊടലൻ , ഒരു പിടയും തിരിഞ്ഞു നോക്കാത്ത അശക്തനായ പൂവ്വൻ   എന്നിവരുടെ പ്രണയവും , ഒരാൾ  മാത്രം തന്നെ കാണാതെ പോകുന്നതിനെ കുറിച്ചുള്ള സങ്കടങ്ങളും കവിതകളിൽ നിറയുന്നുണ്ട്.

കുത്തി നോവിച്ച് 
കൂട്ടിചേർത്തതിൽ
മനമുരുകി തുരുമ്പെടുപ്പൂ 
കടലാസുകളിൽ 
കാലങ്ങൾക്കിപ്പുറം 
മൊട്ടുസൂചി 

അത് പോലെ പല കവിതകളും  നിസ്സഹായതയും ഉള്വലിയലും സ്വയം പഴികളും അശാന്തിയും  പകര്ത്തുകയും  കരഞ്ഞു കൊണ്ടേ ഇരിക്കുകയും അതെ സമയം പ്രത്യാശ കൈവിടാതിരിക്കുകയും ചെയ്യുന്നുണ്ട്. 

വ്യക്തിപരമായി ഈ കവിതാ സമാഹാരത്തിൽ ഏറ്റവും ഇഷ്ടമായത് 'അയല്പക്കം' എന്ന കവിതയാണ് 

അവന്  അവനെതന്നെ നഷ്ടപെട്ടിരുന്ന കാലത്ത് അവനു കൂട്ടിരുന്ന ആ പെണ്‍കുട്ടിക്ക് സ്നേഹാന്വേഷണങ്ങൾ പറയാതെ ഈ കുറിപ്പ് പൂർണമാവുന്നതെങ്ങിനെ ?  കാരണം ഈ കവിതാ  സമാഹാരം സമർപ്പിച്ചിട്ടുള്ളത്  തന്നെ അവൾക്കാണ് . 

പവിത്രൻ തീക്കൂനി അവതാരികയിൽ ഏഴുതിയ പോലെ ഇനിയും നല്ല കവിതകൾക്ക്  പിറവി കൊടുക്കുമെന്ന് തന്നെ ഉറച്ചു വിശ്വസിച്ചു കൊണ്ട് ...

Friday, September 21, 2012

സുബൈര്‍, കാളി... അത് പോലുള്ള ചിലര്‍

ഡാ... നീ സുബൈര്‍ അല്ലെ... ഓര്‍മയില്ലേ എന്നെ? ഞാന്‍ അവനോടു ചോദിച്ചു. അവന്‍ അപ്പോള്‍ അവന്റെ എം 80 യില്‍ മീന്‍ പാത്രവുമായി വില്പനയ്ക്ക് ഞങ്ങളുടെ റൂട്ടില്‍ വന്നതായിരുന്നു. വീടിന്റെ മുന്നില്‍ നിര്‍ത്തി. സുബൈര്‍ എന്റെ കൂടെ ക്ലാസ്സില്‍ പഠിച്ചവനാണ്. അവന്‍ പറഞ്ഞു" ഉപ്പ മരിച്ചു, അപ്പൊ ഉപ്പെടെ കച്ചോടം ഞാന്‍ തുടരുന്നു. കുഴപ്പമോന്നുമില്ലെടാ.. ജീവിച്ചു പോകാം. എന്തായാലും എന്താടാ.. സുഖമായിരിക്കുന്നു. അത് മതി.

വൈകുന്നേരങ്ങളില്‍ നാല് മണി കഴിയുമ്പോള്‍ കാളി വരുമായിരുന്നു. ഒരു ബ്രൌണ്‍ നിറത്തിലുള്ള ബ്ലൌസ് ഉം മുട്ടിനു താഴെ നില്‍ക്കുന്ന മുണ്ടും ചുമലില്‍ ഒരു തോര്‍ത്തുമുണ്ടും ആയിരിക്കും വേഷം.  അമ്മാമയുമായി  വര്‍ത്തമാനം പറയും. അവര്‍ വരുമ്പോള്‍ മുറം , കൊട്ട കയില്‍ (തവി) കൊണ്ട് വരും. അവര്‍ വീട്ടില്‍ ഉണ്ടാക്കുന്ന ആ സാധനങ്ങള്‍ മേടിക്കാന്‍ കാത്തിരിക്കുമായിരുന്നു അമ്മാമ. അവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട്  ഞാന്‍ വീടിന്റെ പിന്നാമ്പുറത് ഇരിക്കും. കടയില്‍ നിന്നും മേടിച്ചു കൂടെ മുറം എന്ന് ചോദിക്കുമ്പോ അമ്മാമ പറയുമായിരുന്നു. അവര്‍ പണ്ട് തൊട്ടു വീട്ടില്‍ കൊണ്ട് വരണതല്ലേ മോനെ, അവര്‍ ആ പൈസ വല്യ കാര്യമായിരിക്കും. അമ്മാമ കാണിച്ചിരുന്ന ആ പരസ്പര ബന്ധം മുറത്തിന്റെ വിലയേക്കാള്‍ വലുത് തന്നെ ആയിരുന്നു.

രാത്രിയാകുമ്പോള്‍ അച്ചാച്ചന്‍ ഭാസ്കരേട്ടന്റെ കടയില്‍ പോയി വരുന്നതും കാത്തു ഇരിക്കും. എന്തേലും പലഹാരം അല്ലെങ്കില്‍ മിഠായി  കൊണ്ട് വരുന്നതും നോക്കിയിരിക്കും. ഭാസ്കരേട്ടന്റെ കടയില്‍ ആണ് ആ ഭാഗത്തെ ആളുകള്‍ പോകുന്നതും നിത്യോ പയോഗ സാധനങ്ങള്‍ മേടിക്കുന്നതും. പിന്നെ ഭാസ്കരേട്ടന്‍ വയസായപ്പോള്‍ ഗോകുലേട്ടന്‍ ആയി. രാത്രി വൈകും വരെ ഗോകുലെട്ടന്റെ കടയുടെ അരികില്‍ ഇരിക്കുക. ലാത്തിയടിക്കുക ഇത്യാദി സംഗതികള്‍ ജീവിതത്തിന്റെ ഭാഗമായി. അവരുടെ കടകളില്‍ ഒന്നും ചില്ലിന്റെ തിളങ്ങുന്ന അലമാരകളോ
അവരുടെ കടയുടെ പേര് (പേരുണ്ടോ? ഇല്ല) പരസ്യങ്ങളിലോ വന്നിരുന്നില്ല. ആദ്യം ഭാസ്കരേട്ടന്റെ കട എന്നും പിന്നീട് ഗോകുലെട്ടന്റെ കട എന്നും അറിയപെടുന്നു. എങ്കിലും ഒരു പരിസരത്തിന്റെ നിത്യവൃതികള്‍ ആളുകള്‍ എന്നിവ ഈ കടയുമായി ഉള്ള ബന്ധം "ഉപ ഭോഗ സംസ്കാരം " എന്നൊക്കെ പറയുന്ന കടുത്ത വാക്കുകളേക്കാള്‍ അപ്പുറത്തായിരുന്നു.

മീന്‍  കൊണ്ട് വരുന്ന സുബൈര്‍, മുറം കൊണ്ട്  വരുന്ന കാളി , ഭാസ്കരേട്ടന്‍ ഇവരെ പോലെ ഒരു പാട് പേര്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും. അവരെ കണ്ടാണ്‌ നമ്മള്‍ വളര്‍ന്നത്‌. അവരിലൂടെയാണ്‌ നമ്മള്‍ വളര്‍ന്നത്‌. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വ്യക്തികള്‍ക്ക് വ്യക്തിത്വം എന്ന പോലെ ഓരോ രാജ്യത്തിനും അതിന്റെ ഭൂ പ്രകൃതിക്ക് അനുസരിച്ചുള്ള ഒരു സംസ്കാരം ഉണ്ട്. ഒരു ജീവിത രീതി ഉണ്ട്. അവിടുത്തെ ഭരണ ചക്രത്തിനും രാഷ്ട്രീയകാര്‍ക്കും വേറെ വേറെ രീതികളും മറ്റുമാനുള്ളത് . അത് കൊണ്ട് തന്നെ മറ്റു രാജ്യങ്ങളില്‍ വിജയിച്ചത് ഇവിടെ വിജയിച്ചു കൊള്ളണം എന്നില്ല.

ഒരു ലോറി സമരം മാസങ്ങള്‍ നീണ്ടാല്‍ ഉണ്ണാന്‍ അരി ഇല്ലാത്ത കേരളീയര്‍ ആണ് നമ്മള്‍. അതിനു തമിഴ് നാടിനെ അമിതമായി ആശ്രയിച്ചത് കൊണ്ടുള്ള പ്രത്യാഘാതം. ഓണത്തിന്നു പൂകളം ഇടാന്‍ പോലും തമിഴ്നാട്ടില്‍ നിന്നു പൂ വേണം. പടിഞ്ഞാറന്‍ ഉപഭോഗസംസ്കാരം പിന്തുടരുന്നത് പലപ്പോഴും അപകടത്തിലേക്ക് നയിക്കും . ഇന്നല്ലെങ്കില്‍ നാളെ. അത് പോലെ   കര്‍ഷകര്‍ ഉള്ള നാട്ടില്‍ ഇനി കൃഷി വേണ്ട എന്ന് പറയുന്ന മന്ത്രിമാര്‍, walmart പോലുള്ള സ്ഥാപനങ്ങള്‍ വന്നാല്‍ അതിലൂടെ കുറെ ഓഫര്‍ കിട്ടും എന്നും അതിലൂടെ ജീവിതം ലാവിഷ് ആക്കാം എന്ന് വിചാരിക്കുന്ന മധ്യ വര്‍ഗം ഒന്നാലോചിക്കുക. ഇവിടെ കാറില്‍ യാത്ര ചെയ്യാത്ത, നടന്നു പോകുന്ന ആളുകള്‍ ഉണ്ട് , ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവരും അതിനു വേണ്ടി കഷ്ട പെടുന്നവരും ഉണ്ട്.

ഞാനൊരു സാമ്പത്തിക വിദഗ്ദന്‍ ഒന്നുമല്ല. പക്ഷെ വൈദേശിക പണം കൊണ്ട് വന്നു ഇവിടെ കോടികള്‍ മുടക്കുന്നതിന് പകരം ഓരോ നാട്ടിലും അതാതു പ്രദേശത്തെ ആളുകള്‍ ലക്ഷങ്ങള്‍ ഇറക്കി നല്ല ഒരു വ്യവസായം തുടങ്ങുകയും അത് ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുകയും ചെയ്യാന്‍ കഴിയുന്ന എത്രയോ പ്രൊജക്റ്റ്‌ കള്‍ ഉണ്ട്. ഇവിടെ കോടികളുടെ കിലുക്കം മാത്രം കേള്‍ക്കണം എന്ന് ആര്‍ക്കാണ് നിര്‍ബന്ധം?


Inspired from shekhar kapoor's blog and adharsh

Monday, May 14, 2012

എനിക്ക് പേടിയാണ് ...

നിലാവില്‍, അകലെ കാണുന്ന
ചേമ്പിന്റെ പച്ചയിലകള്‍ കണ്ട്,
"ചേമ്പും കണ്ണി"
എന്ന സാങ്കല്പിക പിശാചിനെ പേടിച്ചത്
മാമുണ്ണാത്ത ദിവസങ്ങളില്‍...
തണ്ടും മുണ്ടും തണ്ടും മുണ്ടും
എന്ന് കൊട്ടി തിറേം പൂതനും വരുമ്പോ
വാതിലിനു പുറകില്‍ ആയിരുന്നു.
കൈകോട്ടു കളയ്ക്ക്  പോയിരുന്ന സുബ്രേട്ടന് 
പിള്ളേരെ പിടുത്തക്കാരന്റെ മുഖമായിരുന്നു.
നായാടി ബാലനും ഭാര്യയും
തണ്ടാനേ, എന്ന് വിളിച്ചു മുറ്റത്ത്‌ വരുമ്പോഴേക്കും
അവരുടെ ഭാണ്ഡത്തില്‍ ഉറങ്ങുന്ന കുട്ടിയെ
തട്ടി കൊണ്ട് വരുന്നതാണ് എന്ന് കരുതി
അച്ചാച്ചന്റെ മുണ്ടിന്‍  തുമ്പില്‍ തൂങ്ങിയിരുന്നു.
പാതിരാത്രി, അമ്പല പറമ്പിലെ
നാടക - ഗാനമേളാദികള്‍ കഴിഞ്ഞ് വരുമ്പോള്‍ 
മണ്ണാന്റെ പറമ്പിലെ
വളവിലെ പറങ്കി മാവില്‍ താമസിക്കുന്ന
ഹനുമാന്‍ കാണാതിരിക്കാന്‍
കണ്ണടച്ച് എത്ര ഓട്ടങ്ങള്‍.
മൂക്കില്‍ പാലപൂവിന്റെ മണം
എപ്പോഴും സംശയാസ്പദമായി
സര്‍ക്കീട്ട് നടത്തി കൊണ്ടിരുന്നു.
വയലുകള്‍ക്കപ്പുറത്തെ
തെങ്ങിന്‍ തോപ്പില്‍  
ആത്മഹത്യ ചെയ്ത പെണ്ണ്
പുറകില്‍ വരുന്ന ചിലമ്പൊലികള്‍  കാതോര്‍ത്തു
തിരിഞ്ഞു നോക്കി നടന്നിരുന്നത്.
പാമ്പനാളം കാണാന്‍ പോകുമ്പോള്‍
മുടിയഴിച്ച് തുള്ളുന്ന പെണ്ണുങ്ങളുടെ മുലകള്‍
നോക്കാതിരിക്കാന്‍ മനപൂര്‍വം ശ്രമിക്കുന്നത്. 

പോകെ... പോകെ...
വിശപ്പിന്റെ വളര്ച്ചകളില്‍ "ചേമ്പും കണ്ണി" യെ വേരോടെ പറിച്ചെറിഞ്ഞു.
തണ്ടും മുണ്ടും കേള്‍ക്കുമ്പോള്‍,
തലയില്‍ ലഹരി പറത്തി കൈ ഉയര്‍ത്തി താളമിട്ടു.
തലയില്‍ മുണ്ടിട്ട്, ഹനുമാനെ പോലെ മാവില്‍ നിന്നും ചാടി കൂട്ടുകാരെ പേടിപ്പിച്ചു.
തുള്ളിയവളുടെ മുലകളുടെ സൌന്ദര്യം കണ്ണില്‍ നിറഞ്ഞപ്പോള്‍,
പാലപൂവിന്റെ മണമുള്ളവളെ സ്വപ്നത്തില്‍ ചേര്‍ത്ത് പിടിച്ചു.
പിന്തുടര്‍ന്ന ചിലമ്പൊലികള്‍ കേള്‍ക്കാതെയായി. 

പക്ഷെ,
അന്നും ഇന്നും, 
അക്ഷരങ്ങള്‍ ഉരുണ്ടു കൂടാതിരിക്കുമ്പോള്‍,
വാക്കുകള്‍ പെയ്യാതിരിക്കുമ്പോള്‍ എനിക്ക് പേടിയാണ് ...
ഞാന്‍ ഞാനല്ലാതാകുമോ എന്ന പേടി...
വരണ്ടു വരണ്ട്... മരിച്ചു പോകുമോ എന്ന പേടി...

Monday, April 30, 2012

ഞാന്‍, നീ മാത്രമാണെന്ന്..

ചില കവിതകള്‍ അങ്ങനെയാണ്... വായിച്ചു കഴിഞ്ഞാലും നമ്മള്‍ വേട്ടയാടപ്പെടും. അങ്ങനെയാണ് എനിക്ക് നന്ദിതയുടെ കവിതകളും. കവിതകള്‍ മാത്രമല്ല അവരുടെ നിഗൂഡതയാര്‍ന്ന മരണവും ഒരു പക്ഷെ അതിനു കാരണമായിരിക്കാം. അങ്ങനെ ഭ്രാന്തു പിടിച്ച് ഒരു അവസ്ഥയില്‍ ആണ് ഇങ്ങനെ ഒന്ന് മനസ്സില്‍ കടന്നു വന്നത്. അതൊരിക്കലും കഥ പോലെ സംഭാഷണത്തിലൂടെ ആകരുതെന്നും പലപ്പോഴും ബിംബങ്ങലാലും, ചിലപ്പോഴൊക്കെ ശബ്ധങ്ങളാലും വേണമെന്ന് കരുതി. ഒരു കവിത പോലെ, ഓരോരുത്തരും വായിക്കുമ്പോഴും / കാണുമ്പോഴും അവരുടെ ഉള്ളില്‍ വിത്യസ്തമായ ആഖ്യാനങ്ങള്‍ ഉണ്ടാകട്ടെ എന്ന് കരുതി. പരാധീനതകളാലും പരിമിതികളാലും കാരണം അതില്‍ എത്രത്തോളം വിജയിച്ചു എന്നറിയില്ല.

മുഴുവന്‍ ശബ്ദത്തോടെ കാണുമല്ലോ.




http://www.youtube.com/watch?v=HNIlCKaQbRo

Friday, March 16, 2012

ചിരികള്‍

ആര് പറഞ്ഞു,
ചിരികള്‍ക്കെല്ലാം ഒരു നിറവും മണവും ആണെന്ന് ?
അല്ലെങ്കില്‍ തന്നെ ചിരികള്‍ക്ക് മണം, മനം , മാനം എന്നിവ ഉണ്ടോ?
ഒരു നൂലിന്റെ മറവില്‍ ഓന്തിന്റെ മച്ചുനന്‍മാര്‍ ആണവര്‍...


ആദ്യം തേനൂറുന്ന പുഞ്ചിരി.
എന്നിലൊരു ആകാശ ഗോപുരം ഉണ്ട്
അതില്‍ കയറി
മുകളില്‍ നിന്നും ചാടാം
ഒരുമിച്ചു ഒന്നുമില്ലായ്മയുടെ താഴ്വരയിലേക്ക് ...
ചിരിക്കു ക്ഷണിക്കാനും അറിയാം.
ചുണ്ടില്‍ മധുരം ഉണ്ടെങ്കില്‍
ചിരികള്‍ ഉറുമ്പ് കൊണ്ട് പോകില്ലേ എന്ന ചീള് തമാശ കേട്ടാല്‍
ഏതു കാമുകി ചിരിക്കാനാണ്?
ആകെ കിട്ടുന്നത് ഇച്ചിരി സമയം ആണ്.
(ഡബിള്‍ മീനിംഗ് ചിരി)
ലാല്‍ ബാഗിലെ ഒഴിഞ്ഞ മൂലയില്‍
ഞങ്ങളെ കണ്ടപ്പോള്‍ ആക്കിയ ചിരി.
ഫ്ലാറ്റില്‍ ലേഡീസ് പെര്‍ഫ്യൂം മണത്ത ദിവസങ്ങളില്‍
സഹമുറിയന്മാരുടെ "അളിയാ " ചിരി .



ഇടവേള (വേല )


എം ജീ റോഡിലെ തിരക്കില്‍,
വേറൊരു ചിരിയുമായി ആ ചിരി പോകുന്ന കണ്ടപ്പോള്‍
ഒരു ജാതി ഊമ്പിയ ചിരി ഇസ്റ്റാ എന്ന് തൃശ്ശൂര്‍ ട്യൂണില്‍ ഒരു കാറ്റ്...

Tuesday, January 10, 2012

വെറും കണ്ണാടികള്‍

വാക്കുകള്‍ ചേര്‍ത്ത് വെച്ചു
കണ്ണാടി ഉണ്ടാക്കുമ്പോള്‍,
പലപ്പോഴും,
ചുവന്ന ഇങ്കുലാബ് പഴങ്ങള്‍ വിടരുന്ന മരങ്ങളുടെ
പശ്ചാത്തലത്തില്‍
കോരനും നീലിയും പ്രതിഫലിക്കാറുണ്ട്.
കടലാസിനും പേനക്കും ഇടയില്‍
"മനുഷ്യന്‍" എന്നലറി,
പൊട്ടാതെ കുതറി മാറി.

ഋതുപകര്ച്ചകളില്‍
ഋജുരേഖീയമായവ
വീഞ്ഞും അപ്പവുമായി
ഓര്‍മകളില്‍ പുനര്‍ജനിചില്ലെങ്കിലും,
അവിടുത്തെ രാജ്യത്തില്‍ കയറ്റിയില്ലെങ്കിലും,
അടിയന്റെ കണ്ണാടികള്‍ക്ക് പേര് വേണ്ട.
ചുവന്ന പഴങ്ങളുടെ പശ്ചാതലത്തില്‍
കോരനും നീലിയും ഞാനും
പ്രതിഫലിക്കുന്ന കണ്ണാടികള്‍.
അവ വെറും കണ്ണാടികള്‍.
ആമേന്‍.


ലേബല്‍: കവിതയുമല്ല. കരിയിലയുമല്ല. പുസ്തകം മേടിക്കാന്‍ പോയപ്പോള്‍, "ദളിത് , പെണ്ണെഴുത്ത്‌ " എന്നെഴുതി ചില പുസ്തകങ്ങളെ വര്‍ഗീകരിച്ചു വില്‍ക്കുന്നത് കണ്ടപ്പോള്‍ തോന്നിയത്. അഭിപ്രായം തികച്ചും വൈയക്തികം.

Tuesday, January 3, 2012

മഴവില്ല്

( പൂമുഖം )
ഉമ്മറത്ത്‌ ഞാന്‍ മലര്‍ന്നു കിടക്കുന്നു
അരികില്‍ രജനീഷിന്റെ പുസ്തകങ്ങള്‍ കമിഴ്ന്നു കിടക്കുന്നു.
മനസ്സിന്റെ തെരുവില്‍ ഉടയാടകളില്ലാതെ സ്ത്രീകളും പുരുഷന്മാരും
ചില വാക്കുകള്‍ ചിന്തകളില്‍ ആടിയുലഞ്ഞ്
ഉദ്ധരിച്ച ലിന്ഗങ്ങള്‍ പോലെ നില്‍ക്കുന്നു.

( നടുമുറ്റം )
മുഖം മൂടിയുള്ള രാത്രികളില്‍ നിന്നും
ഉലഞ്ഞു വീണ വയലറ്റ് നിറമുള്ള സാരിയുടെ മാദകത്വം കലര്‍ന്ന വര.
നിന്റെയൊരു ചുംബനതിലേക്ക്,
പുലരിയിലൊരു പിന്ഗലവര്‍ണശലഭമായ്
പുനര്‍ ജനിക്കേണ്ടിയിരുന്ന വര.
മാംസ ഭാഗങ്ങളുടെ ഓരോ കോണുകളും
മനപാഠമാക്കി, മടങ്ങി വരുന്ന വര.
"ഭൂത (കാല) " കിണറില്‍ നിന്നും
ഇന്‍ഡിഗോ നിറം പേറി പറന്നു പോകുന്ന വര.
ഏകാന്തതയുടെ നീല നിറവും
പ്രതീക്ഷയുടെ പച്ച നിറവും പൂശി
വിരഹത്തിന്റെ താപോന്നതിയില്‍ മായുന്ന മഞ്ഞവരയുടെ വേരുകള്‍.
മാടപ്രാവുകളുടെ ചിറകുകള്‍ അരിഞ്ഞപ്പോള്‍
ഉതിര്‍ന്ന ചോരയില്‍ കുതിരുന്ന
ചേരികളുടെ ചുവന്ന വര.
ശൂന്യതയില്‍ അലിഞ്ഞു ചേരുന്ന
പല വരകള്‍ ഒരു വില്ല് പോലെ
വളഞ്ഞു നില്‍ക്കുമ്പോള്‍
വിരലിലെണ്ണാവുന്ന ചിലര്‍ കൂകിയാര്‍ക്കുന്നു,
മഴവില്ല്.
------------------


ഇനി /ഇത് വായിക്കേണ്ടതില്ല :

(പിന്നാമ്പുറം)
കരിങ്കല്‍ മലകള്ക്കപ്പുറത്തു നിന്നും എത്തി നോക്കുന്നവര്‍ ,
വെളുത്ത വസ്ത്രം പുതച്ചവര്‍,
കണ്ണടച്ച് സ്വയം ഭോഗം ചെയ്യുന്നവര്‍
ഇത് വല്ലതും അറിയുന്നുണ്ടോ?
അവര്‍ ഇപ്പോഴും,
പകലിന്റെ തെരുവുകളില്‍
മഴവില്ലുകള്‍ നോക്കി നടന്നവരെ/നടക്കുന്നവരെ പേടിക്കുന്നു.
അകലെയെവിടെയോ വിശുദ്ധ മണികള്‍ മുഴങ്ങുന്നു.


Label: തല്ലരുത് :)