Saturday, October 4, 2014

ഒളിച്ചുകളി


നീ നിർത്തിയിടത്ത് നിന്നും ഞാൻ തുടങ്ങുകയാണ് . പലപ്പോഴും രാത്രി കിടക്കുന്നതിനു മുൻപേ, താൻ  അന്നത്തെ ദിവസം ഡയറിയിൽ പകർത്തുമ്പോൾ കളിയായിട്ടും അല്ലാതെയും വഴക്കിട്ടിട്ടുണ്ട് . "ന്താ നാളെ ചാവാൻ പുവ്വാണോ" എന്ന് പോലും ചോദിച്ചിട്ടുണ്ട്.

നിന്റെ പതിഞ്ഞ ചിരിയുടെ തണുപ്പ് ഇപ്പോഴും ഈ മുറിയിലുണ്ട് .
------------------------------------------ ------------------------------------- -------------------------

കാലത്ത് തന്നെ തിരക്കിട്ട് , മഞ്ഞയിൽ വെള്ള പൂക്കളുള്ള സാരി ഉടുത്ത്  തുണി കടയിൽ ജോലിക്ക്   പോകാൻ നിൽക്കുമ്പോൾ കമല ചിറ്റ മൂക്കത്ത് കൈ വെച്ച് ചോദിച്ചതാ .
"അടിയന്തിരം ഇന്നലെ കഴിഞ്ഞല്ലേ ഉള്ളൂ കുട്ട്യേ , ഭർത്താവ്മരിച്ച പെണ്ണുങ്ങള് ഇങ്ങനെയൊക്കെ ഒരുങ്ങി നടക്കാൻ പാട്വോ ? "

അതിനു വിനോദ് എങ്ങടും പോയിട്ടില്ലല്ലോ , എഴുതാനുള്ള മൂഡിനു വേണ്ടി തൊടിയിൽ നടക്കുന്നുണ്ടാവും. അത് പറഞ്ഞാൽ കമല ചിറ്റക്ക്  മനസിലായി കൊള്ളണം എന്നില്ലല്ലോ .
--------------------- ------------------------ -------------------------------

ആദ്യ ദിവസങ്ങളിലെ സഹതാപവും , എന്റെ സങ്കടമില്ലാത്ത മുഖം കാണുമ്പോഴുള്ള അതിശയവും പെട്ടെന്ന് തന്നെ നീങ്ങി. മാസങ്ങൾ കഴിയുന്തോറും അതിങ്ങനെ ആയി തുടങ്ങി  "നീ ഇപ്പോഴും ചെറുപ്പാ... ആണ്കൊച്ചല്ലേ ... അവൻ വളർന്നോളും... നീ ഒന്നോടെ കേട്ട്യാലും കുഴപ്പമൊന്നുമില്ല . മനുഷ്യന്മാര്ക്ക് ആഗ്രഹങ്ങളും ഒക്കെ ഉണ്ടാവൂലെ"
കടയിലെ ശാന്തമ്മ ചേച്ചീടെ ഉപദേശം ആണ്.

------------------------ -------------------------------- -----------------

രാത്രി മനുകുട്ടനെ കെട്ടി പിടിച്ചു കട്ടിലിൽ കിടക്കുമ്പോൾ, താൻ രാത്രി ഓഫീസിൽ നിന്നും ലേറ്റ് ആയി വരുമ്പോൾ ഒച്ച താഴ്ത്തി എന്നെ വിളിക്കുന്നതും  ചെവിയോർത്തു കിടക്കും.  മനു  പത്താം ക്ലാസ് ജയിച്ചു കേട്ടോ . . ഇപ്പൊ വല്യ ചെക്കനായി .

---------------------- ------------------------------ -------------------------

കട വലുതാക്കി, ഇപ്പൊ വിൻസെൻറ്  മുതലാളീടെ മോൻ ആണ് വരുന്നത്.  അവാനാനെങ്കിൽ എന്നെ കണ്ടാൽ തമാശ കൂടുതലും ദേഹത്ത് തട്ടലും ഒക്കെ കൂടീട്ടുണ്ട്. ഒരൂസം അവനെ വിളിച്ചു കടുപ്പിച്ചു പറഞ്ഞു. ഞാൻ വിനോദ് നെ വിളിച്ചു വരും എന്ന്. അവന്റെ കണ്ണിലെ പേടി കാണണം . അതിൽ പിന്നെ അവനും പറയാൻ തുടങ്ങീട്ടുണ്ടാവും. അഞ്ചാറു കൊല്ലം ആയിട്ടും വിനോദ് ന്റെ പെണ്ണിന്റെ ലൂസ് ഇപ്പോഴും ശര്യായിട്ടില്ല എന്ന് .
---------------------------------- ----------------------------------- ----------------------------

നിന്റെ ഡ്രസ്സ്‌ ഒക്കെ അലക്കി വെയ്ക്കാറുണ്ട്. നിന്റെ പുസ്തകങ്ങൾഒതുക്കി വെയ്ക്കുകയും പുതിയ ചിലത്മേടിച്ചിട്ടുമുണ്ട്. ഇതൊക്കെ കാണുമ്പോൾ അമ്മ ആദ്യം കരയുമായിരുന്നു. ഇപ്പോഴും ഇടയ്ക്കു ചോദിക്കും. എന്തിനാ മോളെ ഇങ്ങനെ ഓർമിപ്പിക്കുന്നത് എന്ന് .

---------------------- ----------------------------------- --------------------------------------

പൂരത്തിന് പോയപ്പോ കുപ്പി വളകൾ കണ്ടു മേടിച്ചു. നിനക്കിഷ്ടമായിരുന്നല്ലോ . മനുകുട്ടൻ  വീട്ടിൽ വന്നപ്പോ പൊട്ടിത്തെറി.
" അമ്മേടെ തല നരച്ചു തുടങ്ങിയല്ലോ . ഇപ്പോഴും  കുപ്പി വളയാണോ ഇടാൻ പോകുന്നത്. എന്റെ കൂട്ടുകാര് ഒക്കെ ഓരോന്ന് പറഞ്ഞു തുടങ്ങി . അച്ഛൻ മരിച്ച താനെന്നുള്ള ബോധം ഒന്നും അമ്മക്കില്ലേ . "

വയസ്സ് പതിനാറു ആയപ്പോൾ തന്നെ അവൻ വേറെ റൂമിലേക്ക്‌ കിടപ്പ് മാറ്റി.

-------------------------- ------------------------------- ----------------------------------

ശരിയാ, എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു. ഒതുങ്ങി കഴിയേണ്ട സമയമായി. മനുകുട്ടന്  വയസ്സ് 18 ആയി. സ്വന്തം തീരുമാനങ്ങൾ ഒക്കെ എടുക്കാൻ പ്രാപ്തി ആയി. അമ്മയ്ക്ക്  വയ്യാതെ അനിയന്റെ അവിടെ ആണ് ഇപ്പൊ താമസം.

-------------------------- -------------------------------------- -----------------------------

നമുക്കീ  ഒളിച്ചു കളി നിർത്താം. ടൌണിലെ വളക്കടയിൽ നിന്നും  വാഴയ്ക്ക് അടിക്കാൻ മേടിച്ചത് കുറച്ചു  പഴത്തിന്റെ കൂടെ കഴിച്ചിട്ടുണ്ട്. തൊടിയിൽ നടക്കാൻ ഞാനും ഒപ്പം വരാം. നിന്റെ വെള്ള ലിനൻ ഷർട്ട്‌ കഴുകി എടുത്തു വെച്ചിട്ടുണ്ട്. അതിൽ ഒരു ചെറിയ മുഷിവു പോലും നിനക്ക് സഹിക്കില്ലല്ലോ.

1 comment:

ajith said...

പാവം.
വളരെ പാവം!