Thursday, July 25, 2013

ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെയ്ക്കാൻ ചിലത്.

സെമിത്തെരികളിൽ പോകുമ്പോൾ അവിടെയുള്ള വിവിധ വില നിലവാരത്തിലുള്ള കല്ലുകളിൽ കൊത്തി  വെച്ച പേരുകളും തിയ്യതികളും കൌതുകത്തോടെ നോക്കാറുണ്ട്. ജനന തിയ്യതിയുടെയും മരണതിയ്യതിയുടെയും ഇടയിൽ ചിലപ്പോൾ  ഒരു വര കാണാം അല്ലെങ്കിൽ ഇത്തിരി സ്പേസ് .ആലോചിക്കാറുണ്ട് ആ സ്പേസ് ആണ്  അല്ലെങ്കിൽ  ആ നേർത്ത  വരയാണ് ജീവിതം എന്ന്. അത് മാർബിളിൽ കൊത്തിയ ഫലകമായാലും സാധാരണ കല്ലിൽ കൊത്തിയാലും... അരുണ്‍ കുമാർ പൂക്കോം ന്റെ കവിത സമാഹാരത്തിന്റെ പേര് , ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെയ്ക്കാൻ ചിലത്,  വായിച്ചപ്പോൾ ആ സ്പേസ് / വര ഓര്മ വന്നു .

ഈ കവിതകളിൽ  ജീവിതത്തിന്റെ നിരവധി ഘട്ടങ്ങളുണ്ട് ... ഒരു പക്ഷെ കവി കടന്നു പോയ കാലഘട്ടങ്ങൾ / അനുഭവങ്ങൾ ? അറിയില്ല... ഒരു പക്ഷെ അറിയേണ്ടതും ഇല്ല. ഓർത്തു വെയ്ക്കാൻ ചിലത് ഈ കവിതകൾ നല്കുന്നുണ്ട് . ഇനിയും നല്ല കവിതകൾ കവിയിൽ നിന്നും പ്രതീക്ഷിക്കാമെന്നും...

ആരുമറിയാതെ പോകുന്ന തലചുറ്റി തളര്ന്നു പോകുന്ന പമ്പരങ്ങൾ, കുഞ്ഞുന്നാളുകളിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ ചരട് പൊട്ടിയ പട്ടം, പിന്നോക്കം പോയി കണ്ടെടുക്കുന്ന കിട്ടിയ തല്ലുകൾ  പോലുള്ള ഉപമകൾ ബാല്യ കാലത്തെ കുറിച്ചുള്ള / കഴിഞ്ഞു / കൊഴിഞ്ഞു പോയ കാലത്തെ കുറിച്ചുള്ള ഓര്മകളിലേക്ക്  കൂട്ടി കൊണ്ട് പോകുന്നുണ്ട് .

ഇക്കണ്ടൻ പോത്തപ്പൻ , പേടിക്കൊടലൻ , ഒരു പിടയും തിരിഞ്ഞു നോക്കാത്ത അശക്തനായ പൂവ്വൻ   എന്നിവരുടെ പ്രണയവും , ഒരാൾ  മാത്രം തന്നെ കാണാതെ പോകുന്നതിനെ കുറിച്ചുള്ള സങ്കടങ്ങളും കവിതകളിൽ നിറയുന്നുണ്ട്.

കുത്തി നോവിച്ച് 
കൂട്ടിചേർത്തതിൽ
മനമുരുകി തുരുമ്പെടുപ്പൂ 
കടലാസുകളിൽ 
കാലങ്ങൾക്കിപ്പുറം 
മൊട്ടുസൂചി 

അത് പോലെ പല കവിതകളും  നിസ്സഹായതയും ഉള്വലിയലും സ്വയം പഴികളും അശാന്തിയും  പകര്ത്തുകയും  കരഞ്ഞു കൊണ്ടേ ഇരിക്കുകയും അതെ സമയം പ്രത്യാശ കൈവിടാതിരിക്കുകയും ചെയ്യുന്നുണ്ട്. 

വ്യക്തിപരമായി ഈ കവിതാ സമാഹാരത്തിൽ ഏറ്റവും ഇഷ്ടമായത് 'അയല്പക്കം' എന്ന കവിതയാണ് 

അവന്  അവനെതന്നെ നഷ്ടപെട്ടിരുന്ന കാലത്ത് അവനു കൂട്ടിരുന്ന ആ പെണ്‍കുട്ടിക്ക് സ്നേഹാന്വേഷണങ്ങൾ പറയാതെ ഈ കുറിപ്പ് പൂർണമാവുന്നതെങ്ങിനെ ?  കാരണം ഈ കവിതാ  സമാഹാരം സമർപ്പിച്ചിട്ടുള്ളത്  തന്നെ അവൾക്കാണ് . 

പവിത്രൻ തീക്കൂനി അവതാരികയിൽ ഏഴുതിയ പോലെ ഇനിയും നല്ല കവിതകൾക്ക്  പിറവി കൊടുക്കുമെന്ന് തന്നെ ഉറച്ചു വിശ്വസിച്ചു കൊണ്ട് ...