Sunday, December 25, 2011

ദ്വീപുകള്‍

"എന്‍റെ മാത്രം പ്രശ്നമല്ലല്ലോ , നിന്‍റെയും കൂടെയല്ലേ...? "
"ശരി എങ്കില്‍ നമ്മള്‍ക്ക് പിരിയാം "
"ഓഹോ. .."
"പക്ഷെ, നിങ്ങള്‍ക്ക് വലുത് സമൂഹത്തിലെ നിലയും വിലയുമല്ലേ ? "
മെല്ലെ മെല്ലെ അടക്കി പിടിച്ച ചില വാക്കുകള്‍ അമര്‍ത്തിയ തേങ്ങലിലേക്കും , മറ്റു ചിലത് ബാല്‍കണിയില്‍ സിഗരറ്റ് പുകകളായും അന്തരീക്ഷത്തിലേക്കും.

രാത്രിയുടെ സൌന്ദര്യം ആസ്വദിച്ചു , ടെറസ്സില്‍ ഇരിക്കുമ്പോള്‍ , രാജീവിന്‍റെ ഏകാന്തതയെ മുറിപ്പെടുത്തി കൊണ്ട്, അടുത്ത വീട്ടില്‍ നിന്നും ഇടയ്ക്കു കേള്‍ക്കുന്ന സംഭാഷണ ശകലങ്ങള്‍ ആണ് ഇത്. ഡിഗ്രിക്ക് ചേരുന്നതിനു മുന്‍പ് ഒരു കമ്പ്യൂട്ടര്‍ കോഴ്സ് ചെയ്യാന്‍ വന്നതാണ് രാജീവ്. പരിചിതമല്ലാത്ത ഈ നഗരത്തില്‍ അച്ഛന്‍റെ സുഹൃത്തിന്‍റെ വീടിന്‍റെ അപ്സ്ടയരിലാണ് താമസം.

ബാല്‍കണിയില്‍ തുണി വിരിക്കാന്‍ വരുമ്പോള്‍ അവന്‍ ആ സ്ത്രീയെ പലപ്പോഴും കണ്ടിട്ടുണ്ട്. അവരുടെ കണ്ണുകളിലെപ്പോഴും വിഷാദം തളം കെട്ടി നിന്നിരുന്നു. കണ്ടപ്പോഴെല്ലാം, രണ്ടു പേരുടെയും കണ്ണുകള്‍ ഒരേ രേഖയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു മടങ്ങാറുണ്ടായിരുന്നു.

ഒരു ദിവസം ക്ലാസ് കഴിഞ്ഞു നടന്നു വരുമ്പോള്‍ , അവര്‍ കാര്‍ അടുത്ത് കൊണ്ട് വന്നു നിര്‍ത്തി . മറുത്തൊന്നും പറയാതെ അതില്‍ കയറി.
അവര്‍ ചോദിച്ചു.
" എന്താ പേര്?
"രാജീവ്‌"

എന്ത് ചെയ്യുന്നു?
" കമ്പ്യൂട്ടര്‍ കോഴ്സ് ചെയ്യുന്നു."

ചേച്ചിയുടെ പേര്?
"റീന "
കൂടുതലൊന്നും സംസാരിച്ചില്ല. അവനന്നാണ് അവരെ അത്രയും അടുത്ത് കാണുന്നത്. കുലീനത്വം തുളുമ്പുന്ന മധ്യവയസ്ക. ഇടതൂര്‍ന്ന മുടിയില്‍ ചെവിക്കു മുകളിലായി അങ്ങിങ്ങ് നര വന്നു തുടങ്ങിയിരിക്കുന്നു. വീടിനു മുന്‍പില്‍ നിറുത്തിയപ്പോള്‍ താങ്ക്സ് പറഞ്ഞിറങ്ങി . അവര്‍ ഒരു പുഞ്ചിരിയോടെ കാര്‍ മുന്നോട്ടെടുത്തു.

പതിവ് പോലെ ഫേസ് ബുക്കില്‍ കയറിയപ്പോള്‍ റീന എന്ന പേര് സെര്‍ച്ച്‌ ചെയ്തു കണ്ടു പിടിച്ചു ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് അയച്ചു.

റീനയുടെ വിഷാദം നിറഞ്ഞ സ്റ്റാറ്റസ് മെസ്സേജ്കള്‍ക്കടിയില്‍ രാജീവിന്റെ ആശ്വാസവചനങ്ങളും, തമാശകളും സ്ഥാനം പിടിച്ചു. വല്ലപ്പോഴും, വളരെ കുറച്ചു വാക്കുകളില്‍ ഫോണ്‍ വിളികള്‍. എങ്കിലും കാണുമ്പോഴെല്ലാം അവരുടെ കണ്ണുകള്‍ തമ്മില്‍ നിഗൂഡമായ ബന്ധനത്തിലായിരുന്നു.ഇന്നലെ ഫേസ്ബുക്കിലെ ബര്‍ത്ത്ഡേ റിമൈണ്ടറില്‍ നിന്നും റീനയുടെ ബര്‍ത്ത്ഡേ ആണെന്നറിഞ്ഞു വിഷ് ചെയ്തപ്പോള്‍ പിറ്റേ ദിവസം വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു.

മുറ്റത്ത്‌ കാര്‍ കാണുന്നില്ല. കാളിംഗ് ബെല്‍ അടിച്ചു. റീന വാതില്‍ തുറന്നു. നൈറ്റ്‌ ഡ്രെസ്സിലായിരുന്ന അവരില്‍ നിന്നും ഉറക്കക്ഷീണം മാറിയിരുന്നില്ല.
"ചേട്ടന്‍ ? "
"ഇന്നലെ രാത്രി വഴക്കുണ്ടാക്കി ഇറങ്ങി പോയതാണ്...ഇനി രാത്രിയിലെ വരൂ "
"എന്തായാലും പിറന്നാള്‍ ആണല്ലോ . ഈ ഡ്രസ്സ്‌ ഒക്കെ മാറി ഫ്രഷ്‌ ആയി വരൂ... നമ്മള്‍ക്കൊന്നു പുറത്തു പോകാം"
"എങ്കില്‍ രാജീവ് ഇരിക്കൂ... ഞാനിപ്പോള്‍ വരാം"
റീന ബെഡ്റൂമിലേക്ക്‌ കയറിപോയി.

കുറച്ചു നേരമായ് കാണാഞ്ഞപ്പോള്‍, അവന്‍ മെല്ലെ ബെഡ്റൂമിനടുത്തെക്ക് നടന്നു. വാതില്‍ ചാരിയിട്ടെ ഉള്ളൂ. പതിയെ വാതില്‍ തുറന്നു. വിഷാദ ഭാവം പൂണ്ട അപ്സരസ്സിനെ പോലെ അര്‍ദ്ധനഗ്നയായ അവള്‍. അവനില്‍ പ്രകൃതിയുടെ സംഗീതം നിറഞ്ഞു. അവളില്‍ അവന്‍റെ കാന്തികാന്ഗുലികള്‍ പടന്നു കയറി. വര്‍ഷങ്ങളുടെ നീണ്ട വരള്‍ച്ചക്ക് ശേഷം അവളുടെ ചുണ്ടുകളില്‍ ഈര്‍പ്പം കിനിഞ്ഞു. അവര്‍ പരസ്പരം ചുറ്റി വരിഞ്ഞു.

അവളുടെ മാറില്‍ അവന്‍ ചുണ്ടുകളാല്‍ മുത്തിയപ്പോള്‍ , മറ്റാര്‍ക്കും ശ്രവ്യമല്ലാത്ത ഒരു ദൈവീക മന്ത്രണത്തിന്റെ കുളിരായി ഒരു കാറ്റ് റീനയെ തഴുകി. അവളുടെ കൈകള്‍ ഉയര്‍ന്നു വന്നു അവന്റെ നെറ്റിയില്‍ മൃദുവായ് തടവി. അവന്‍റെ മുടിയിഴകളില്‍ വാത്സല്യത്തോടെ തലോടി. റീന അവന്‍റെ കാതില്‍ മന്ത്രിച്ചു.

"എന്റെ സ്വപ്നങ്ങളിലെ കുഞ്ഞിനു ചുരുണ്ട മുടിയായിരുന്നു.. നിനക്കും.."
അവളുടെ ഹൃത്തടത്തിലെ പുകപടലങ്ങള്‍ നീക്കി ഒരു കുഞ്ഞോമനയുടെ മുഖം തെളിഞ്ഞു.

രാജീവ് അവളുടെ അങ്ങിങ്ങ് നരച്ച മുടിയിഴകളില്‍ കയ്യോടിച്ചു കൊണ്ട് പറഞ്ഞു. "എന്‍റെ അമ്മയ്ക്കും ഇങ്ങനെ ഈ ഭാഗത്ത്‌ നരയുണ്ടായിരുന്നു.."
അവന്റെ ജ്വലിച്ചു നിന്ന പുരുഷത്വ സാഗരത്തിലെ വേലിയിറക്കത്തില്‍ , ചെറുപ്പത്തില്‍ നഷ്ടപെട്ട അമ്മയുടെ മുഖം ശിശിരകാല മഞ്ഞുതുള്ളികളെ പോലെ അവന്റെ അടഞ്ഞ കണ്ണുകളില്‍ ഒരു നനുത്ത സ്പര്‍ശമായ് നിറഞ്ഞു.

വിഷാദത്തിന്റെ ഗീതികളുറങ്ങുന്ന ഹൃദയത്തില്‍ നിന്നും പറന്നുയരാനാവാത്ത രണ്ടു പറവകള്‍ , തണുത്ത നിഴലുകളുടെ ചതുപ്പാല്‍ നിറഞ്ഞ ദ്വീപില്‍ തനിച്ചായി. മനസ്സിന്റെ പ്രതലങ്ങളിലെ ഓര്‍മകളില്‍ ഇരുവരും നനഞ്ഞു കുതിര്‍ന്നു.