Monday, October 24, 2011

വേലപ്പന്‍, ദി ലിഫ്റ്റ്‌ ഓപ്പറേറ്റര്‍

ഫിഫ്ത് ഫ്ലോര്‍
പതിഞ്ഞ ചിരി

പേരെന്താ ?
വേലപ്പന്‍ (വേലു , രണ്ടെണ്ണം വീശിയാല്‍ വേല്‍ മുരുഹന്‍)

എങ്ങനെയുണ്ട് ജീവിതം?
, ഇട്ടു തുടരുന്നു . ആകുന്ന വരെ.


കല്യാണം ?
നടന്നില്ല , കറുപ്പില്‍ മാത്രമായിരുന്നു അവളുടെ ആവേശം
ഒടുവില്‍ ഒരു കറുപ്പിന്‍റെ പേര് പറഞ്ഞൊഴിഞ്ഞു.


പിന്നെ, വേറൊരാളും ?
പനങ്കുല പോലെ മുടിയും,
പനനൊങ്ക് പോലെ മുലകളും
ആലില വയറിലെ വാല്‍നക്ഷത്രത്തേയും
കടന്നു പോകുന്ന കറുത്ത നേര്‍ത്ത തീവണ്ടി പാളങ്ങള്‍
ചെല്ലുന്ന കാട്ടിലെ
വിരിഞ്ഞ പൂവിന്‍റെ ദള....
അയ്യോ, കവിതയാണോ ?
അല്ല , അത് പോലൊന്ന് തിരഞ്ഞു നടന്നു കൊണ്ടേ ഇരിക്കുന്നു. :)
(മനസ്സില്‍: ഇയാള്‍ പുലി തന്നെ)


മറക്കാനാവാത്ത പ്രണയാനുഭവം?
എന്‍റെ ഒന്നുമില്ല.
ഐ സീ യു വിലേക്ക് കൊണ്ട് പോകുന്ന,
ബന്ധുവിന്‍റെ സ്ട്രെച്ചറില്‍ പിടിച്ചിരുന്ന
യുവ മിഥുനങ്ങളുടെ കൈകള്‍ പരസ്പരം ഉരസിയപ്പോള്‍
ഈ ലിഫ്റ്റില്‍ പ്രണയ മഴ പെയ്തു.


പേടി?
ചില മൃതദേഹങ്ങള്‍ ലിഫ്റ്റില്‍ നിന്നിറങ്ങി പോയാലും
അവരുടെ മണവും, മുഖഭാവവും
ഇവിടെ ചുവന്ന സ്റ്റൂളില്‍
എന്‍റെ കൂടെയിരിക്കും.


മടുപ്പ് തോന്നില്ലേ?
ഇല്ല, ഇവിടെ വരുമ്പോള്‍
ജീവിതത്തിന്‍റെ ക്ഷണികതയറിയുന്നവനും,
മലമൂത്ര വിസര്‍ജനം കിടന്നിടത്ത് സാധിക്കുന്ന മനുഷ്യന്‍റെ
നിസ്സഹായത അറിയുന്നവനും.


ഫിഫ്ത് ഫ്ലോര്‍ ആയി , ഞാനിറങ്ങുന്നു.
ഒരു സംശയം.
കഴിഞ്ഞ വര്‍ഷം
പ്രണയ നൈരാശ്യത്താല്‍ ആത്മഹത്യക്ക് ശ്രമിച്ച്,
ഐ സീ യു വില്‍ കൊണ്ട് പോയ
പെണ്‍കുട്ടിയല്ലേ നീ..?
അതെ , ഞാനന്ന് തന്നെ മരിച്ചു.

ഇപ്പോള്‍ ഇവിടെ?
അവന്‍റെ ഭാര്യയുടെ പ്രസവം ഇന്ന്.
അത് പെണ്‍കുട്ടിയായിരിക്കും.

(എന്താ , മിസ്റ്റര്‍ ആലോചിച്ചു നില്‍ക്കുന്നത്?
ഗ്രൌണ്ട് ഫ്ലോര്‍.
ശരി സാര്‍...)

Saturday, October 8, 2011

Workstation

അവളുടെ ശരിക്കും പേര് MAC മിനി.
സ്കൂളില്‍ കൊണ്ട് പോകാറുള്ള ചോറ്റു പാത്രത്തിന്റെ
വലിപ്പവും, ആപ്പിളിന്റെ പൊട്ടും.
മാനേജര്‍ ആന്റൊച്ചന്‍ ബലം പ്രയോഗിച്ചു
ചാപ്പ കുത്തിയ QA-6 എന്ന ടെക്കി പേര്.
എങ്കിലും അവളെ ഞാന്‍ മിനി മോള്‍ എന്ന് വിളിക്കും.
തൊട്ടിപ്പുറത്തു,
അവള്‍ മനസ്സില്‍ കാണുന്നത്-
എനിക്ക് കാണിച്ചു തരുന്ന,
പുഷ് അപ്പ്‌ ചെയ്തു കൂട്ടിയ 23 ഇഞ്ച്ന്റെ വിരിഞ്ഞ മാറുമായി
DELL monitor ചേട്ടന്‍.
വിരല് കൊണ്ട് നടത്തുന്ന ട്രപ്പീസു കളി
സഹിക്കുന്ന keyboard അണ്ണന്‍ .
കുത്തിവരകളും,
ഒരാള്‍ക്കും മനസിലാവാത്ത എഴുത്ത് കുത്തുകളും
ചുമന്നു മരിച്ചു, പുനര്‍ ജനിച്ചു കൊണ്ടേയിരിക്കുന്ന
വരയിടാത്ത നോട്ട് ബോക്കുകള്‍.
ഒരിക്കലും വെയ്ക്കാറില്ലെങ്കിലും,
ഒഴിഞ്ഞ ചായ ഗ്ലാസ്സിനെ കാത്തിരിക്കുന്ന
Tea Tray.
പറഞ്ഞേല്‍പ്പിച്ച പണിയെ കുറിച്ച്
ആലോചിക്കാതെ
വേറെ വല്ലോം ചിന്തിച്ചിരിക്കുന്ന ഞാനും
ദാ.. ഇത് പോലെ...