Sunday, August 28, 2011

ശിലായുഗ നക്ഷത്രങ്ങള്‍

ഇന്നലെ പഴയ പുസ്തകങ്ങള്‍ വെറുതെ തപ്പി നോക്കിയപ്പോള്‍ നാലായി മടക്കിയ ഒരു കടലാസ്. അതൊരു കഥ ആയിരുന്നു. പത്തു വര്‍ഷങ്ങള്‍ക്കു മുന്പെഴുതിയത്. ബ്ലോഗും, ഫേസ് ബുക്ക്‌ ഉം ഒക്കെ പ്രചാരത്തില്‍ വരുന്നതിന്നും മുന്‍പേ. അന്നത്തെ ഒരു പതിനെട്ടു വയസ്സുകാരന്‍ എഴുതിയ കഥ. ഇപ്പോള്‍ നോക്കുമ്പോള്‍ ഒരു കൌതുകം ഉണ്ട് അതിനോട്. എഴുത്തിന്റെ നിലവാരങ്ങള്‍ ഒന്നും നോക്കിയല്ല. ഒരു പാട് കുറവുകളും ഇന്ന് എനിക്കതില്‍ കാണാം എങ്കിലും, ഒരു തെറ്റ് പോലും തിരുത്താതെ തന്നെ പോസ്റ്റി . :)

ശിലായുഗ നക്ഷത്രങ്ങള്‍

നിലാവ് പോലുമില്ലാത്ത രാത്രി ... സമയം 11 ആവാറായി.കേവലം ഔപചാരികതയുടെ ചാറലുമായി നിന്ന മഴ മര്യാദയുടെ അതിരുകള്‍ കടന്നു തിമിര്‍ത്തു പെയ്യുന്നു. വീട്ടുകാരുറങ്ങിയിട്ടുണ്ടാവും. എങ്കിലും പഴയ വീടിന്റെ ഉമ്മറത്തെ പഴകിയ വാതില്‍ തുറക്കുമ്പോള്‍ എല്ലാവരും അറിയും. കാലത്ത് തന്നെ ഉപദേശങ്ങള്‍ തുടങ്ങും.

"ആയുസെത്താതെ മരിക്കേണ്ടി വരും മോനെ" ,
"അവനവന്റെ കാര്യം നോക്കി നടന്നാല്‍ മതിയില്ലെടാ... ? " എന്നിവയൊക്കെ അതിലെ ചില ശകലങ്ങള്‍ മാത്രം.
മറിച്ചു ഒന്നും പറയാറില്ല. സമൂഹത്തെ സംബധിക്കുന്ന കാര്യങ്ങളില്‍ ഇടപെടുന്നത് ഇന്നത്തെ കാലത്ത് ആപത്തു വിളിച്ചു വരുത്തല്‍ ആണെന്നാണ്‌ അവര്‍ പറയുന്നത്.
എല്ലാവരും ജനസേവകര്‍ എങ്കില്‍ എന്തിനീ രക്ത സാക്ഷികള്‍?
അധികാരം മനുഷ്യനെ മത്തു പിടിപ്പിക്കുന്നു... മദ്യവും.
അതില്‍ നിന്നും രക്തം ചിന്തുന്നു.... നിലവിളികള്‍...
അമ്മയുടെ, സഹോദരിയുടെ, ഭാര്യയുടെ, സഹോദരന്റെ ... ചിലപ്പോള്‍ ആരുമറിയാതെ ഒരു കാമുകിയുടെയും കണ്ണ് നീര്‍ തുള്ളികള്‍.

നേരം വെളുത്തുവോ ഇത്ര വേഗം. ചിന്തകളുടെ കാട്ടില്‍ കയറിയപ്പോള്‍ ഉറക്കം വന്നു ആക്രമിച്ചതറിഞ്ഞില്ല. വായില്‍ ടൂത്ത് ബ്രഷുമായി , സോപ്പ് പെട്ടിയെടുത്തു കുളകടവിലേക്ക് നടന്നു.
"ഇന്നലത്തെ പ്രകടനം എന്തിനായിരുന്നൂടാ ... രഞ്ജിത്തെ ..?
? "
പടിഞ്ഞാറേതിലെ ശാരദേച്ചിയാണ് . അലക്ക് കഴിഞ്ഞു , അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളുമായി വരുന്ന ശാരദേച്ചിയെ നോക്കി പറഞ്ഞു.
"മിനിഞ്ഞാന്ന് കണ്ണൂര്‍ ഞങ്ങളുടെ പ്രവര്‍ത്തകനെ കൊന്നു. "
"അതെയോ.. " ശാരദേച്ചിയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കടന്നു പോകുമ്പോള്‍ തമാശ രൂപേണ ഇത്രയും കൂടെ പറഞ്ഞു .
"ഇപ്പോഴും സ്കോറിംഗ് കൂടുതല്‍ നിങ്ങള്‍ തന്നെ ആണല്ലോ ... "

സഹജീവിയുടെ മരണം പോലും തമാശയാകുന്നു. നമ്മളൊക്കെ കല്ലുകള്‍ ആയി മാറിതുടങ്ങിയോ? കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇവിടുത്തെ മനുഷ്യര്‍ മുഴുവന്‍ കല്ലുകളായി മാറും. ഒരു ഉത്തരാധുനിക ശിലായുഗം. ചിരിക്കണ്ടാ.. ആവില്ലെന്നാര് കണ്ടു ... ഏട്ടനെ കൊന്നവനെ അനിയന്‍ തല്ലിയാല്‍ അതില്‍ രാഷ്ട്രീയത്തിനോ രക്ത ബന്ധത്തിനോ കൂടുതല്‍ മൂല്യം?

"എന്താടാ.. കുളിക്കാന്‍ വന്നിട്ട് നേരം കുറെ ആയല്ലോ, ചിന്തിച്ചിരിക്കാതെ വേഗം കുളിക്കെടാ ... എനിക്ക് കുറെ അലക്കാനുണ്ട്. " ഗോപാലേട്ടന്റെ ഭാര്യയാണ്. ഗോപാലേട്ടന്‍ എതിര്‍ പാര്‍ട്ടിക്കാരന്‍ ആയതുകൊണ്ട് സ്ത്രീ സഹജമായൊരു വിരോധം അവര്‍ക്ക് എന്നോട് ഉണ്ട്. മുണ്ടഴിച്ച് വെച്ചു കുളത്തിലേക്ക്‌ ഊളിയിടുമ്പോള്‍ ഒരു മിന്നല്‍ പോലെ വെള്ളത്തില്‍ നിന്നും ഒരു ചോദ്യം പൊന്തി വന്നു.
രാഷ്ട്രീയത്തിന്റെ കൂളിംഗ് ഗ്ലാസ്സിലൂടെ നോക്കുമ്പോള്‍ മനുഷ്യ ബന്ധങ്ങളും കറുത്തിട്ടാണോ കാണുക?

തിരക്കിട്ട് തല തോര്‍ത്തുമ്പോഴേക്കും ഗോപാലേട്ടന്റെ ഭാര്യ മുറുമുറുപ്പ് തുടങ്ങിയിരുന്നു. കട്ടന്‍ ചായ ഊതി കുടിക്കുമ്പോള്‍ ചൂട് നിറഞ്ഞ ആവി മുഖത്തേക്ക് പരക്കുന്ന സുഖം ആസ്വദിച്ചു. പഴയ പാനസോണിക് റേഡിയോവില്‍ നിന്നും കാലത്ത് 7-35 ന്റെ ചലച്ചിത്ര ഗാനങ്ങള്‍ കേള്‍ക്കുന്നു.

കുന്നി മണി ചെപ്പു തുറന്നെന്നെ നോക്കും നേരം...
പിന്നില്‍ വന്നു കണ്ണു പൊത്തും തോഴനെങ്ങു പോയി ...

ആ പാട്ട് കേട്ടതോടെ ദിനചര്യകള്‍ കൂടുതല്‍ വേഗത്തിലായി. കാരണം നേരത്തെ പോയാലെ പ്രീതയെ കാണാന്‍ കഴിയുകയുള്ളൂ. ആ പാട്ട് എന്നെക്കാളിഷ്ടം അവള്‍ക്കായിരുന്നു . യുവജനോത്സവത്തിന് ആ പാട്ട് പാടുമ്പോഴാണ് ഞാനവളെ ആദ്യം ശ്രദ്ധിച്ചത്. സ്നേഹവും സംഗീതവും ദൌര്‍ബല്യമായിരുന്ന ഞാന്‍ ആ പാട്ടുകാരിയെ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നീട് അനേകം തവണ അവളെകൊണ്ട്‌ നിര്‍ബന്ധിച്ചു ആ പാട്ട് പാടിച്ചിട്ടുണ്ട്‌.

പ്രേമം അവള്‍ക്കു പേടിയായിരുന്നു. കടം മൂലം മാനസിക രോഗിയായ അച്ഛന്‍, കരയുവാന്‍ മാത്രമായി അമ്മ, ജീവിത പ്രാരാബ്ധങ്ങള്‍ക്ക് അറുതി വരുത്താന്‍ പതിനേഴു വയസ്സ് ആകുമ്പോഴേക്കും സ്വര്‍ണപണിക്കു പോകുന്ന അനിയന്‍. ഇങ്ങനെയൊരു കുടുംബ പശ്ചാത്തലം ഉള്ളവള്‍ക്ക് പ്രേമം ഒരു ദുസ്വപ്നം ആയില്ലെങ്കിലെ അത്ഭുതം ഉള്ളു . ഹിന്ദി ഭാഷ പഠിച്ചു, ഹിന്ദി ടീച്ചര്‍ ആകാന്‍ കൊതിച്ചവള്‍. സ്നേഹം പിടിച്ച് വാങ്ങുകയായിരുന്നു ഞാന്‍, എന്റെ സ്നേഹം മുഴുവനായും സമര്‍പ്പിച്ചു കൊണ്ട്. ഉലയുന്ന തോണിയുമായി ജീവിതതിന്നക്കരെക്ക് ഒഴുക്കിനെതിരെ തുഴയുമ്പോഴും ഒപ്പം നിര്‍ത്താമെന്ന് അവള്‍ക്കു വാക്ക് കൊടുത്തു.

അച്ഛന് അസുഖം കൂടുമ്പോള്‍ പാര്‍ക്കിലെ ബെഞ്ചുകളിലൊന്നിലെ ഏകാന്തതയില്‍ എന്റെ നെഞ്ചത്ത്‌ ചാഞ്ഞു കിടന്നു കരയുമായിരുന്നു അവള്‍. അവളുടെ ചുരുണ്ട മുടികള്‍ക്കിടയില്‍ വിരല് കൊണ്ട് ഇത് വരെ കേട്ടിട്ടിലാത്ത ഭൂഖണ്ഡങ്ങളുടെ രേഖാ ചിത്രം വരക്കുമായിരുന്നു ഞാന്‍. ആ സാന്ത്വന സ്പര്‍ശം മാത്രം മതിയായിരുന്നോ അവള്‍ക്കു? ഞാന്‍ ചോദിച്ചിട്ടില്ല ... അവള്‍ പറഞ്ഞുമില്ല...

" ഏട്ടാ കിങ്ങിണിയുടെ ഹോണ്‍ കേള്‍ക്കുന്നുണ്ട് "പെങ്ങള്‍ തൊഴുത്തില്‍ നിന്നും വിളിച്ചു പറഞ്ഞു. കിങ്ങിണി ഞങ്ങളുടെ ഗ്രാമത്തിലൂടെ പോകുന്ന ഏക ബസ്സ്‌ ആണ്.

ഡ്രൈവര്‍ രാജേട്ടന്‍ നല്ല ഫോം ആണെന്ന് തോന്നുന്നു. ബസ്സിനു നല്ല സ്പീഡ് ഉണ്ട്. മുന്നിലെ ചേച്ചിമാരുടെ നിതംബങ്ങളില്‍ നോക്കിയിരിക്കുകയാണ് സീറ്റില്‍ ഒപ്പമിരിക്കുന്ന ചേട്ടന്‍. ചേട്ടന്റെ കയ്യിലെ മനോരമ പേപ്പര്‍ ചോദിച്ചു. ആസ്വാദന നിമിഷങ്ങളില്‍ കടന്നു കയറിയവനെ ഒന്ന് അമര്‍ത്തി നോക്കികൊണ്ട്‌ പേപ്പര്‍ തന്നു. പേപ്പര്‍ ഒന്ന് ഓടിച്ചു നോക്കി. ഒന്ന് രണ്ടു സ്ഥലത്ത് പ്രകടനം അക്രമാസക്തമായതൊഴിച്ചാല്‍ ആളപായമൊന്നുമില്ല. രക്തസാക്ഷിയെ പറ്റി അനുശോചനങ്ങളും, അഭിപ്രായങ്ങളും,വെല്ലുവിളികളും. ആലോചിച്ചപ്പോള്‍ യുവത്വം തിളച്ചു കയറി.

ബസ്‌ സ്റ്റാന്റില്‍ നമ്മുടെ സ്ഥിരം കമ്പനി ഉണ്ട് . പ്രമോദ്, സുരേഷ്, ഉണ്ണി, ചന്തു. " ഡാ, നമ്മുടെ കൊടിയൊക്കെ കത്തിച്ചിട്ടുണ്ട് . അവര്‍ നിന്നെയാണ് നോട്ടം വെച്ചിട്ടുള്ളത്‌. നീ നോക്കി നടക്കണം ട്ട്രാ.. " പ്രമോദ് ഉത്കന്ടാകുലനായി പറഞ്ഞു. മനസ് നിറയെ പ്രീത ആയതു കൊണ്ട് ഞാനത് ശ്രദ്ധിച്ചില്ല. ബസ്‌സ്റ്റാന്റിലെ പതിവ് സ്ഥലത്ത് കണ്ണുകള്‍ പരതിയപ്പോള്‍ മിനി മാത്രമേ ഉള്ളു. മിനി പ്രീതയുടെ ആത്മ സുഹൃത്ത്‌ ആണ്. ഞങ്ങളുടെ ഇടയിലെ ഹംസം. എവിടെയെന്നു കൈകള്‍ കൊണ്ട് ആന്ഗ്യം കാട്ടിയപ്പോള്‍ അവള്‍ അടുത്തു വന്നു.

"പ്രീതെടെ വീടിന്റെ പുറത്തൊന്നും ആരെയും കണ്ടില്ല. ബസ്സിനു നേരം വൈകിയപ്പോള്‍ ഞാന്‍ പോന്നു. ഇന്നലെയവള്‍ രഞ്ജിത്തെട്ടനെ കാണണമെന്ന് പറഞ്ഞു .അത്യാവശ്യം ആണെന്നാണ്‌ പറഞ്ഞത്. "

"ഇന്നലെയൊരു മീറ്റിംഗ് ഉണ്ടായിരുന്നു. വരുമ്പോള്‍ വൈകി." ഞാന്‍ തിരിച്ചു നടന്നു.

"നിന്റെ പെണ്ണ് വന്നില്ലേ അളിയാ? " സുരേഷ് എന്നെ കളിയാക്കി ചോദിക്കുന്നു. തമാശകള്‍ പറയുമ്പോഴും മനസ് നിറയെ പ്രീത പറയാനുള്ള അത്യാവശ്യ കാര്യം എന്താണെന്നുള്ള ടെന്‍ഷന്‍ മഴക്കാറു പോലെ ഒഴുകി നടന്നു.

പെട്ടെന്നാണ് ഒരു കൂട്ടം ആളുകള്‍ ബസ്സ്‌ സ്റ്റാന്റിന്റെ തെക്കേ ഭാഗത്ത്‌ നിന്നും കൊടികളേന്തി ആര്‍ത്തു വിളിച്ചു കൊണ്ട് വടികളും, വാളുകളുമായി പാഞ്ഞു വന്നത്. പിന്നെയൊരു കൂട്ടപൊരിച്ചില്‍ ആയിരുന്നു. ജീവന്നു വേണ്ടി കൈ മെയ് മറന്നു പൊരുതി. ഒപ്പമുള്ളവര്‍ ഓടി തുടങ്ങി. പ്രമോദിന്റെ കൈ പിടിച്ച് ഞാനും ഓടി. പിന്നാലെ ആക്രമികളും പാഞ്ഞു വന്നു. . പൊതു കക്കൂസിന്റെ പുറകു വശത്ത് കൂടെ ഓടി, പുഞ്ചപാടത്തെ മോട്ടോര്‍ പുരക്കുള്ളില്‍ കയറി കമിഴ്ന്നു കിടന്നു. മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍. പിന്നാലെ ഓടി വന്നവര്‍ ആക്രോശങ്ങളോടെ കടന്നു പോയി. ശ്വാസം വീണത്‌ അപ്പോഴാണ്‌.

പ്രമോദിന്റെ പോക്കറ്റിലെ മൊബൈലില്‍ നിന്നും നേതാക്കന്മാര്‍ക്ക് വിളിച്ചു. സംഘര്‍ഷം ഒന്ന് തണുക്കുന്നത് വരെ മാറി നില്‍ക്കണം എന്നാണു അവര്‍ പറഞ്ഞത്. അതിനുള്ള സൌകര്യങ്ങളും അവര്‍ ചെയ്തു തന്നു. ആള്‍പാര്‍പ്പില്ലാത്ത മനയുടെ മച്ചിന് മുകളില്‍ ആയിരുന്നു ഒളിത്താവളം. അമ്മയെയും, പെങ്ങളെയും കുറിച്ച് ആലോചിച്ചപ്പോള്‍ ഉറക്കം വന്നില്ല. വീട്ടില്‍ പോകണം എന്ന് തോന്നി. വേണ്ടെന്നെല്ലാവരും പറഞ്ഞു. തടഞ്ഞു. ഞാന്‍ പോകാനുറച്ചു.
വാതില്‍ കടക്കുമ്പോഴാണ് , അത്താഴവുമായി സുരേഷ് വന്നത് .

" എടാ, നിനക്ക് തരാന്‍ പറഞ്ഞു പ്രീത മിനിയുടെ കയ്യില്‍ കൊടുത്തയച്ച കത്ത് ആണിത്. മിനിയെ കണ്ടപ്പോള്‍ അവള്‍ തന്നതാണ്. " ഞാനത് ആര്‍ത്തിയോടെ മേടിച്ചു വായിച്ചു.

"എന്റെ രഞ്ജിയേട്ടന് , ഇന്നലെയും കടക്കാര്‍ വീട്ടില്‍ വന്നു അസഭ്യങ്ങള്‍ പറഞ്ഞു. കാശില്ലെങ്കില്‍ എന്നെയും അമ്മയെയും മതി എന്ന് വരെ അവര്‍ പറഞ്ഞു. അച്ഛന്നു അസുഖം വളരെ കൂടുതല്‍ ആയി. അവര്‍ പോയപ്പോള്‍ അച്ഛന്‍ അമ്മയുടെ മുന്നില്‍ വെച്ചു എന്നെ കേറി പിടിച്ചു. എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു. തകര്‍ന്നു പോയി ഞാന്‍. ഇതൊക്കെ കണ്ടു കൊണ്ടാണ് അനിയന്‍ വന്നത്. അവന്‍ അച്ഛനെ പൊതിരെ തല്ലി. കുറെ നാളായി കൊണ്ട് നടന്നിരുന്ന ദേഷ്യവും, വെറുപ്പും, ദുഖവും എല്ലാം അവന്‍ തല്ലി തീര്‍ത്തു. അമ്മ തളര്‍ന്നു കുഴഞ്ഞു വീണു. ഇനിയും എനിക്ക് താങ്ങാന്‍ കഴിയില്ല... .................. ...................... ഒരുപാടെനിക്ക് ഇഷ്ടമാണ്. കണ്ടിരുന്നെങ്കില്‍ ആ മാറത്തു ഒന്ന് തല ചായ്ച്ചു പൊട്ടി കരയണമെന്ന ആഗ്രഹം ബാക്കിയായി. അടുത്ത ജന്മത്തിലും ഞാന്‍ കാത്തിരിക്കും. .... സ്നേഹത്തോടെ പ്രീത. "

ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണുനീര്‍ കാഴ്ചയെ മറച്ചു. എന്ത് ചെയ്യണം എന്ന അവസ്ഥയിലായി. എന്തായാലും സുഹൃത്തുക്കളുടെ തടസ്സം വക വെയ്ക്കാതെ വീട്ടിലേക്കു നടന്നു. നിലാവ് പോലും വഴി കാണിക്കാത്ത ഇരുട്ടിലൂടെ, വിളഞ്ഞു നില്‍ക്കുന്ന പാടത്തിന്റെ ഇട വരമ്പുകളിലൂടെ നടന്നു വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറി. പടിപ്പുരയിലെ ലൈറ്റ് കെടുത്തിയിട്ടില്ല. മനം നിറയെ പ്രീത ആയിരുന്നു. അവള്‍ അരുതാത്തതൊന്നും ചെയ്യരുതേ എന്ന് ഉള്ളുരുകി ആഗ്രഹിച്ചു.

പടിപ്പുരയുടെ മുന്നില്‍ മാറിയുള്ള പുല്‍കാടിനുള്ളിലെ ആളനക്കം അടുത്തു വന്നപ്പോഴാണ് അറിഞ്ഞത്. നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ വളഞ്ഞു. തിളങ്ങുന്ന വാളിന്റെ സീല്കാരം നേരിയ തണുപ്പോടെ ശരീരത്തിലേക്ക് പുളഞ്ഞു കയറി. രക്തം പുറത്തേക്കൊഴുകി. അമ്മയും, പെങ്ങളും, പ്രീതയും ഒരു നിമിഷം മനസ്സില്‍ മിന്നി മറഞ്ഞു. മാനത്തെ ചന്ദ്രന്‍ തെല്ലിട കറുത്ത മേഘങ്ങള്‍ വന്നു മൂടി.

പിറ്റേന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ രണ്ടെണ്ണം ആയിരുന്നു. ആദര്‍ശ ധീരനായിരുന്ന ഒരു യുവ രാഷ്ട്രീയ പ്രവര്‍ത്തകന്റെ രക്ത സാക്ഷിത്വവും, കടക്കെണി മൂലം വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നാലംഗ കുടുംബത്തിന്റെയും വാര്‍ത്തകള്‍. നാലാള്‍ കൂടുന്നിടത്തൊക്കെ അന്ന് അത് ചര്‍ച്ചയായിരുന്നു. എന്നത്തേയും പോലെ. ചായകടയില്‍ ചൂട് ചായയുടെ ആവേശത്തില്‍ ഒരാള്‍ പറയുന്നുണ്ടായിരുന്നു.ഇപ്പോള്‍ സ്കോറിംഗ് തുല്യമായി എന്ന്.

അന്ന് രാത്രി ആകാശത്തില്‍ മിന്നിത്തിളങ്ങുന്ന പുതിയ രണ്ടു നക്ഷത്രങ്ങള്‍ കൂടി പ്രത്യക്ഷപെട്ടു. ആധുനിക ശിലായുഗത്തിന്റെ പ്രതീകങ്ങളായി ആ രണ്ടു നക്ഷത്രങ്ങള്‍ കൂടി, വശ്യതയോലുന്ന രാത്രിയുടെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടി.

15 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

നല്ല കഥ..
"അന്ന് രാത്രി ആകാശത്തില്‍ മിന്നിത്തിളങ്ങുന്ന പുതിയ രണ്ടു നക്ഷത്രങ്ങള്‍ കൂടി പ്രത്യക്ഷപെട്ടു. ആധുനിക ശിലായുഗത്തിന്റെ പ്രതീകങ്ങളായി ആ രണ്ടു നക്ഷത്രങ്ങള്‍ കൂടി,"
ഇനി ഇത്തരം നക്ഷത്രങ്ങള്‍ നമുക്കു വേണ്ട...
ആശംസകൾ..
പിന്നെ..
"അവളുടെ ചുരുണ്ട മുടികള്‍ക്കിടയില്‍ വിരല് കൊണ്ട് ഇത് വരെ കേട്ടിട്ടിലാത്ത ഭൂഖണ്ഡങ്ങളുടെ രേഖാ ചിത്രം വരക്കുമായിരുന്നു ഞാന്‍." ഇത്തരത്തിലുള്ള ഒരു ചിത്രം വര.... ഇവിടെ ഉണ്ട്
http://ponmalakkaran.blogspot.com/2011/08/blog-post_23.html

Sileep Kumar M S said...

kidilan.. eeyaduthu vaayicha ninte ethu kavithayekkalum enikkishtappetathu ithaanu..! :-)

Manoraj said...

നല്ല ഭാഷ. പ്രീതയെയും രഞ്ജിതിനേയും ഒരേ ശിലായുഗനക്ഷത്രങ്ങള്‍ എന്ന് പറയാന്‍ കഴിയുമോ എന്ന ഒരു സംശയം മാത്രം ഉണ്ട്.

...sijEEsh... said...

@manoraj എല്ലാ തെറ്റുകളും ആ പാവം പതിനെട്ടുകാരന്റെ കുറവായി കാണുന്നു. അംഗീകരിക്കുന്നു. ഇപ്പോഴും എഴുതുകളൊന്നും അത്ര വലുതാണ്‌ എന്നും കരുതുന്നില്ല. ഒരു ലഹരി ഒരു രസം. അത്രതന്നെ ... :)

മത്താപ്പ് said...

പേരെനിക്കിഷ്ടപ്പെട്ടില്ല.
പേരിന്റെ കുറ്റം, ഓരോ വരിയിലും, കഥ തീർക്കുന്നുണ്ട്.
ഇഷ്ടപ്പെട്ടു :)

ഋതുസഞ്ജന said...

നല്ല ഭാഷ. കഥ
ഇഷ്ടപ്പെട്ടു :)

uthraadan said...

വളരെ നന്നായി

HA!fA ZUbA!R said...

ഗാംഭീര്യമുള്ള തലക്കെട്ട്‌ ...... "ഉത്തരാധുനിക ശിലായുഗം." എന്ന ആശയവും നന്നായിട്ടുണ്ട് ....പക്ഷെ കഥക്ക് കൂടുതല്‍ ശക്തി പകര്‍ന്നു കൊടുക്കാമായിരുന്നു എന്ന് തോന്നി !!!

Echmukutty said...

കഥ വായിച്ചു.
തലക്കെട്ട് ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
കഥയിലെ ചില വരികൾ വളരെ മനോഹരം.

Jayanth.S said...

Man brilliant..

Sandeep.A.K said...

sijeesh...

കഥയുടെ തലക്കെട്ട്, തീം ഏറെ ഭംഗിയായി.. കഥയുടെ പലയിടങ്ങളിലും നല്ല നല്ല പ്രയോഗങ്ങളും കവിതപോലെ സുന്ദരങ്ങളായ ബിംബങ്ങളും കൊടുക്കാന്‍ സിജേഷിനു കഴിഞ്ഞു.. നല്ലത്..

പക്ഷെ താങ്കളുടെ കവിതയുടെ ഭംഗിയില്ല ഈ കഥയ്ക്ക് എന്ന് പറയാനും തോന്നുന്നുണ്ട്.. കാരണം ഈ കഥയ്ക്ക് ഇനിയും ഏറെ സാധ്യതകള്‍ ഉണ്ടായിരുന്നു.. അത് നമുക്ക് പതിനെട്ടുകാരന്റെ കുറവായി വിട്ടു കളയാം അല്ലെ..

കഥയ്ക്ക് മുന്‍പേയുള്ള ആ വിശദീകരണം ഒഴിവാക്കാമായിരുന്നു.. അത് വേണമെന്ന് നിര്‍ബ്ബന്ധമായിരുന്നെങ്കില്‍ ആദ്യ കമന്റ്‌ ആയി ഇടാമായിരുന്നു.. കഥ introductionകളോ ഇടനിലക്കാരനോ ഇല്ലാതെ നേരിട്ട് വായനക്കാരന് കിട്ടണം എന്നുള്ള പക്ഷക്കാരനാണ് ഞാന്‍.. അത് കൊണ്ട് തന്നെ എന്റെ പുസ്തകവായനയില്‍ ആമുഖം, അവതാരിക പോലുള്ള സംഭവങ്ങള്‍ ഏറ്റവും ഒടുവിലത്തേക്ക് മാറ്റി വെയ്ക്കറാണ് പതിവ്..

പിന്നൊരു സംശയം..

കഥയിലെ ഒരു സന്ദര്‍ഭത്തില്‍ ഒരു കഥാപാത്രം ഫോണില്‍ വിളിച്ചു സംസാരിക്കുന്നതായി കാണുന്നു.. പത്തു വര്‍ഷം മുന്‍പ് ഇത്തരമൊരു ഗ്രാമത്തില്‍ മൊബൈല്‍ അത്ര സാര്‍വത്രികമായിരുന്നോ..??
metropolitan city ആയ കൊടുങ്ങല്ലൂര്‍ പോലും അന്ന് മൊബൈല്‍ ഉപഭോക്താക്കള്‍ കുറവായിരുന്നു എന്നാണു എന്റെ ഓര്‍മ്മ.. കഥയില്‍ ചോദ്യമില്ല എന്നറിയാം.. എങ്കിലും വെറുതെ ചോദിച്ചതാ..

കഥയുടെ അവസാനമൊക്കെ ഇഷ്ടായി.. അതങ്ങനെയേ വരൂ.. സ്കോറിംഗ് തുല്യമാകണ്ടേ.. പത്തു വര്‍ഷം മുന്‍പ് കണ്ണൂരിലുള്ള അവസ്ഥ അത്ര ഭീകരമായിരുന്നുവല്ലോ.. മനുഷ്യജീവനുകള്‍ക്ക് രക്തസാക്ഷിയുടെ വില മാത്രമുള്ള ഒരു കാലം.. അതെ ഉത്തരാധുനിക ശിലായുഗം തന്നെ..

...sijEEsh... said...

അന്ന് മൊബൈല്‍ എല്ലാവരിലും ഉണ്ടായിരുന്നില്ല. പക്ഷെ ഉള്ളവരും ഉണ്ടായിരുന്നു. നായകന്‍ സ്വന്തം മൊബൈല്‍ അല്ല എടുത്തു വിളിച്ചത്. കൂടുകാരന്റെ ഫോണ്‍ ആണ്. ഞാന്‍ താമസിച്ചിരുന്ന ഗുരുവായൂരില്‍ അങ്ങനെ പയ്യന്‍ (ഞാന്‍:) ) ആരുടെയെങ്കിലും കണ്ടിട്ടുണ്ടായിരിക്കും. പിന്നെ അതിലെ മിക്ക കഥാപാത്രങ്ങളും സാങ്കല്പികം അല്ല. വായിച്ചതിനും, മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും വളരെയധികം നന്ദി. :)

yousufpa said...

ഈ പതിനെട്ടുകാരൻ കൊള്ളാമല്ലൊ..
പൊറുക്കപ്പെടാവുന്ന തെറ്റുകളേ ഉള്ളു.നന്നായിരിക്കുന്നു.

ARUN RIYAS said...

nice one!!!!!!
welcome to my blog
nilaambari.blogspot.com
if u like it follow and suport me

കുന്നെക്കാടന്‍ said...

നന്നായിട്ടുണ്ട് എഴുത്തുകള്‍


സ്നേഹാശംസകള്‍