Thursday, November 11, 2010

ഞാന്‍ മോഷ്ടിച്ചിട്ടില്ല

കണ്ണി തിങ്ങിയ വലകളില്‍
കാലിട്ടടിക്കുമ്പോഴും,
കല്ല്‌ പോലെ വന്നു വീഴുന്ന വാക്കുകള്‍
കയ്യ് കൊണ്ട് തട്ടി മാറ്റുകയാണ് ഞാന്‍
മരണത്തിന്നും
ഭ്രാന്തിനും ഇടയില്‍
വലിച്ചു കെട്ടിയ നൂല്‍പാലം പോലെ
മനസ്സ് തൂങ്ങിയാടുന്നു.
അനുഭവങ്ങളാല്‍ പനി പിടിച്ചെന്റെ
നാവിന്റെ രുചി പോയതിനാല്‍
സ്വപ്നങ്ങളും ആസ്വദിക്ക വയ്യ.
പ്രണയം തീണ്ടാന്‍
ഗര്‍ഭ നിരോധന ഉറകള്‍
ബാക്കിയുണ്ടെന്റെ പേര്‍സില്‍ .
അരക്കെട്ടിനുള്ളിലെ തീയില്‍
പൂക്കള്‍ വിടരാന്‍ അനുവദിക്കാത്തവര്‍.
തീവണ്ടിയെ പോലെ,
പാളം തെറ്റാതെ ശ്രമിക്കുന്നുണ്ട്.
വീണ്ടും കാണാം എന്ന ഉറപ്പില്ല.
മൌനത്തില്‍,
മുടിയഴിചാര്‍ത്തു മഴ ആര്‍ത്തു പെയ്തെങ്കില്‍ ,
ഇരുള്‍ മൂടിയ വഴിയില്‍ എവിടെയെങ്കിലും
മണ്ണ് ഇടിഞ്ഞാലോ?
കരയരുത്. വേദനിക്കരുത്...
നിങ്ങളുടെ നക്ഷത്രങ്ങളൊന്നും
ഞാന്‍ മോഷ്ടിച്ചിട്ടില്ല